Friday, July 6, 2012

പണത്തിന്റെ പ്രസക്തി എന്താണ്

ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 
1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍?
2. പണം അവശ്യഘടകമാണോ?
3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ?
4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ?

ഒളിമ്പസ്സിനുള്ള ഉത്തരം = 
പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന രൂപത്തില്‍ തന്നെ ആയിക്കൊള്ളണം എന്നുമില്ല. പണം എന്ന വിനിമയ ഉപാധി പ്രസക്തമാകുന്നത് മനുഷ്യ കേന്ദ്രിതവും, മനുഷ്യ മാത്രവും ആയ ഒരു വിനിമയ പശ്ചാതലത്തിലാണ്. ഇന്ന് ലോക വിഭവങ്ങളെയും, നീതിയേയും ഉടമസ്ഥതയെയും, ഒക്കെ നിയന്ത്രിക്കുന്നത്‌, മനുഷ്യനാണ് എന്ന് മനുഷ്യ കേന്ദ്രിത രാഷ്ട്രീയ വീക്ഷണത്തില്‍ പറയാം. അതിനാല്‍ തന്നെ പണം, ഇഹലോക ജീവിതത്തിനു അത്യന്താപേക്ഷിതം ആണ്. 

ഒളിമ്പസ്സിന്റെ വ്യവസ്ഥാ നിയമമനുസരിച്ച്, ആദി മൂലം (പ്രാഥമിക വസ്തു) മുതല്‍ പ്രപഞ്ചം വരെയും വിതാനം ചെയ്തിരിക്കുന്നത് വ്യവസ്ഥകള്‍ ആയിട്ടാണ്. അവയില്‍ ഒരു പൂര്‍ണ ജൈവ സംവിധാനമായി നില കൊള്ളുന്ന ഓരോ അനന്യ മണ്ഡലങ്ങള്‍ക്കും (Domain) അവയുടേതായ സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും ഉണ്ടാകും. ഓരോരോ അനന്യ മണ്ഡലങ്ങള്‍ക്കും സമാനമായ ഇതര മണ്ഡലങ്ങള്‍ക്കും, സ്വന്തമായി   അവയുടേതായ സമാന സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും  ഉണ്ടായിരിക്കും. ഈ ക്രമം അനുസരിച്ച് രാഷ്ട്രം എന്നത് ഒരു സ്വതന്ത്ര അനന്യ മണ്ഡലം ആണ്. അതിന്റെ മുഖ്യ കാരക ഘടകങ്ങള്‍ മനുഷ്യരാണ്. (ഇതര ജീവികള്‍ക്ക് പൌരത്വം ഉള്ള രാഷ്ട്രങ്ങള്‍ ഈസോപ്പ് കഥകളിലെ കാണൂ.. അതുകൊണ്ട് തന്നെ, മന്‍ഷ്യന്‍, പ്രകൃതിയെ വേറിട്ട്‌ കാണുന്നു.) 

മനുഷ്യ കേന്ദ്രിത രാഷ്ട്ര സങ്കല്പത്തില്‍,  പ്രകൃതിയെയും അദ്ധ്വാനത്തെയും, വസ്തുക്കളെയും, ആശയങ്ങളെയും അറിവിനെയും, പ്രസിദ്ധിയേയും വരെ മനുഷ്യന്‍ അവനു യുക്തമായൊരു മൂല്യ മാനദണ്ഡത്തില്‍ കാണുന്നു. ആ മൂല്യത്തെ  പ്രതിനിധാനം ചെയ്യാന്‍  പണത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണത്തെ പ്രതിനിധാനം ചെയ്യാന്‍ നാണയങ്ങളെ ഉപയോഗിച്ച് തുടങ്ങുകയും, പിന്നീടവ  വാഗ്ദാനപത്രങ്ങളായും (Promissory Note), ഈ പണമായും വരെ ചെന്നെത്തിക്കഴിഞ്ഞു. 

വ്യവസ്ഥാനുസരണമുള്ള വിതരണ ക്രമത്തിലെ ഓരോ അനന്യ മണ്ഡലവും അവയവയുടെ സ്വതന്ത്രമായ നിയമ സംവിധാനങ്ങളോടെ (പ്രാഥമിക നിയമങ്ങള്‍ അഥവാ ലഘു നിയമങ്ങള്‍) മുന്‍പോട്ടു പോകുമെങ്കിലും  അവയെല്ലാം, ആ വ്യവസ്ഥയുടെ ഉപരി വ്യവസ്ഥയുടെ നിയമ സംവിധാനങ്ങള്‍ക്ക് (ദ്വിതീയ നിയമങ്ങള്‍ അഥവാ ഗുരു നിയമങ്ങള്‍) കീഴെ ആയിരിക്കും നില കൊള്ളുക. അത് കൊണ്ട് തന്നെ, പണം എന്ന മനുഷ്യ കേന്ദ്രിത വിനിമയ ഉപാധി, സമ്പത്ത് എന്ന പ്രകൃതി കേന്ദ്രിത വിനിമയ ഉപാധിയ്ക്ക് കീഴെ മാത്രം നില കൊള്ളുന്ന ഒന്നാണ്.

അപ്പോള്‍. പ്രകൃതി കേന്ദ്രിതമായ ഒരു മനുഷ്യ  ആവാസ വ്യവസ്ഥയില്‍ (ഉദാഹരണം : വനാന്തരങ്ങളിലെ ഗോത്ര ജീവിതം, ഇക്കോ വില്ലേജുകളിലെ നവ ഗോത്ര ജീവിതം തുടങ്ങിയ വ്യവസ്ഥകളില്‍), പണം എന്ന ഉപാധി ഇല്ലാതെ തന്നെ നമുക്ക് ജീവിക്കാന്‍ ആകും. എന്നാല്‍, മനുഷ്യ കേന്ദ്രിത വ്യവസ്ഥയില്‍ പണം ഒരു അവശ്യ ഘടകം തന്നെ. 
  
പിന്‍ കുറിപ്പ്..
ശരത്, പണമായാലും, സമ്പന്നതയായാലും, അത് സംഭരിക്കാന്‍, ഒരു സവിശേഷ ശൂന്യസ്ഥലം (Specific Vacuum) ആവശ്യമാണ്.  അതില്ലാത്തവയ്ക്ക് സമ്പന്നത, അന്യം തന്നെ..  സമ്പന്നതയ്ക്കുള്ള ഈ ശേഷി കൈവശമുള്ള ഒരു മനുഷ്യന്, പണമില്ലാതെയും ജീവിക്കാം, സമ്പന്നതയില്‍ തന്നെ.. ഒളിമ്പസ്സിന്റെ പണരഹിത ജീവിത പരീക്ഷണങ്ങള്‍, അത് തെളിയിച്ചിട്ടുള്ളതാണ്.. പണം സമ്പാദിക്കാതെയോ     കൈ കൊണ്ട് തൊടാതെയോ  തന്നെ ജീവിച്ച  കുറെ ഏറെ വര്‍ഷങ്ങളില്‍, ഞങ്ങളാരും പട്ടിണി കിടക്കുകയോ അന്തിച്ചിരിക്കേണ്ടി വരികയോ, ഭിക്ഷാടനത്തിന്  പോകുകയോ ചെയ്തിട്ടില്ല. സമ്പന്നതയുടെ മനോചിത്രം സ്വന്തമായുണ്ടെങ്കില്‍, പിന്നെ പണം വേണം എന്നില്ല. ജീവനം സുഗമമായി നടന്നു കൊള്ളും. കൂടുതലറിയാന്‍ ഒളിമ്പസ്സിലേക്ക് നേരില്‍ വരികയാകും അഭികാമ്യം ശരത്.. 

Sunday, July 1, 2012

ധ്യാനത്തിന് കണ്ണടച്ചിരിക്കല്‍ എന്ന് അര്‍ത്ഥമുണ്ടോ?

 ബോധ മനസ്സ് പേറുന്ന "അഹം" - ല്‍  നിന്നും അകത്തേക്കോ പുറത്തേക്കോ, നമ്മുടെ ജൈവോര്‍ജ കേന്ദ്രീകരണത്തെ (vital focus) മാറ്റുംപോഴൊക്കെ  ധ്യാനം സംഭവിക്കും. 

കാലം വരച്ചിട്ടതെങ്ങാണ്

കാലം വരച്ചിട്ടതെങ്ങാണ് 

പുതുമഴ പെയ്തതിന്‍ നറുമണം പൂക്കുന്ന,
തെങ്ങിളനീരിന്റെ മധുരം നുണയ്ക്കുന്ന.
മൃദുമര്‍മരങ്ങളായ്  ഈണം പകരുന്ന,
അരുണ മേഘങ്ങളിന്‍ വര്‍ണം വിതയ്ക്കുന്ന,
ശിശിര മേഘത്തിന്റെ കുളിര്‍കാറ്റടിക്കുന്ന, 
സായന്തനത്തിന്റെ കല്പനാ തീരത്ത്,
 
അണിയാതെ  അടരാതെ അറിയാതെ പറയാതെ
ഇടയാതെ ഇടറാതെ ഇറുകാതെ ഇഴയാതെ  
അറിവായി അഴകായി  അന്പിന്റെ നിറവായി,
അലയായി, മഴയായി, അലിയുന്ന നേരത്ത്,
അമൃതമായ് ഉള്ളത്തില്‍ അണിയിച്ചു നല്‍കിയ 
അമരമാം ജീവന്റെ കൊഴിയാത്ത കണ്ണിയെ

സ്വപനമായ്, മോഹമായ്, ഭാവനാ രൂപമായ്‌,
പ്രണയ സംചാലന ചിത്രമായ്‌, ഭാവമായ്,
തേടലായ്, സ്മേരമായ്, സ്നേഹത്തലോടലായ്
വേലിയായ്, വേലയായ്, വേദനാരൂപമായ് 
കാലം വരച്ചിട്ടതെങ്ങാണ് എന്നാണ് 
എന്തിനാണെന്നതും ഓര്‍ക്കുവാനാകുമോ?

                                        - സന്തോഷ്‌ ഒളിമ്പസ് 
  

Thursday, June 21, 2012

പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം.

ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ..

പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും  മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി പലപ്പോഴും സാധാരണക്കാരില്‍ നിന്നും ലഭിക്കാറില്ല.

ഒരു പരിസ്ഥിതി ദിന പരിപാടിയില്‍ വച്ച് പരിസ്ഥിതി എന്നാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് മറുപടി പറഞ്ഞ ഒരു സ്കൂളിലെ പ്രൈമറി വിദ്യാര്‍ത്ഥികളോട്, എങ്കില്‍ നമ്മുടെ ചുറ്റുപാടും എന്ന് വച്ചാല്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ ചോദിക്കയുണ്ടായി. മരം, മണ്ണ്, മഴ, പുഴ, സൂര്യന്‍, വെയില്‍  എന്നിങ്ങനെ കുറെ സാധനങ്ങള്‍ എന്ന് ആ കുഞ്ഞുങ്ങള്‍ അവരുടെ അറിവ് നിരത്തി.. മരം ഒരു വസ്തുവാണെന്നും മഴയും പുഴയും വസ്തുക്കളല്ലെന്നും, മഴയിലും പുഴയിലും വെള്ളമാണ് പദാര്‍ത്ഥം എന്നും അത് മഴയും പുഴയുമാകുന്നത്, വെള്ളത്തിന്‌ ചില സവിശേഷ ധര്‍മ സ്വഭാവങ്ങള്‍ കൈവരുമ്പോള്‍ ആണെന്നും ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു പോയി. അന്തരീക്ഷം ചൂടാകുമ്പോള്‍, കാറ്റുണ്ടാകുമെന്നും, മണ്ണിന്റെ ചൂട് ഒരു പരിധിക്കപ്പുറം കൂടുമ്പോള്‍ മഴ പെയ്യുമെന്നും, മണ്ണ് ചെത്തിയിട്ടാല്‍ അത് മൂടുവാന്‍ വീണ്ടും ചെടി മുളയ്ക്കും എന്നും  അതൊക്കെ കൊണ്ട് തന്നെ, പരിസ്ഥിതിയ്ക്കും ഭൂമിക്കും, കാര്യങ്ങളെ ഗ്രഹിച്ചറിഞ്ഞു പെരുമാറാന്‍ കഴിയും എന്നും  വേണ്ടിടത്ത് വേണ്ടുന്ന മാറ്റങ്ങള്‍ ശക്തിയോടെ / ബലത്തോടെ നിര്‍വഹിക്കാന്‍ പരിസ്ഥിതിക്ക് കഴിയുമെന്നും ഒക്കെ  ഞങ്ങള്‍ പറഞ്ഞു വന്നു. ഇതെല്ലാം കൊണ്ട് തന്നെ പരിസ്ഥിതി (പ്രകൃതി) എന്നാല്‍ ഇവിടെ ഉള്ള പദാര്‍ത്ഥവും  (വസ്തുവും) അതിന്റെ സ്വഭാവ വിശേഷങ്ങളും അതിന്റെ ധര്‍മങ്ങളും, അവയുടെ തിരിച്ചറിവും, അവയുടെ ബലവും ഒക്കെ ചേര്‍ന്ന ഒരു മഹാ ജീവാല്‍ഭുതം (വാക്കിതായിരുന്നില്ല) ആണെന്ന് വരെ ഞങ്ങള്‍ പറഞ്ഞെത്തി.  

ചെറു ചോദ്യങ്ങളോടെ അവരെ ഞാന്‍ നയിച്ചിരുന്നുവെങ്കിലും, പറഞ്ഞതൊക്കെ ആ കുഞ്ഞുങ്ങള്‍ ആണ്. ഈ ലേഖകന്റെ പരിസ്ഥിതിക്ക് ജീവനുണ്ട് എന്ന ഒരു ലേഖനം പത്രത്തില്‍ വായിച്ച രണ്ടു പേര്‍ അവിടെ സദസ്സില്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ ആ സ്കൂളിലെ അദ്ധ്യാപകന്‍ തന്നെ ആയിരുന്നു. ആ ലേഖനത്തില്‍  പറഞ്ഞിരുന്നത് എന്തെന്നു അപ്പോഴാണ്‌ മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. അതെ കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാകുന്നത്‌ നമുക്ക് മനസ്സിലാകാതെ പോകുന്നു. 

എങ്കില്‍ ഈ പരിസ്ഥിതിയ്ക്ക് അകത്തും പുറത്തും ആയി പല തലങ്ങള്‍ ഉണ്ടെന്നും അവയില്‍ പ്രകടവും മുഖ്യവും ആയ അഞ്ചു വര്‍ഗങ്ങളെയും കൂടി പരിചയപ്പെടണമെന്നും   അവിടെ കൂട്ടിചെര്‍ക്കെണ്ടിയിരുന്നു. ഒരു വസ്തുവിന്റെ (സത്തയുടെ - "നാമും" എന്ന് പറയുന്നതിലെ "ഞാന്‍' എന്നതിന്റെ) ശരീരം, ജീവന്‍, മനസ്സ്, ബോധം,  ആരോഗ്യം എന്നിവ അതിന്റെ ആന്തരിക പരിസ്ഥിതിയും (ഒരു ജീവല്‍ സത്തയുടെ സുസ്ഥിതിയ്ക്ക് ആവശ്യമായ പ്രാഥമിക ആവശ്യം), വായു, വെള്ളം, മണ്ണ്, ചൂട്, ബയോ പ്ലാസ്മ എന്നിവ ബാഹ്യ പരിസ്ഥിതിയും (രണ്ടാം ആവശ്യം),  പ്രകൃതി വിഭവങ്ങള്‍, വനം, കൃഷി, വ്യവസായം, ധനം എന്നിവ സാമ്പത്തിക പരിസ്ഥിതിയും (മൂന്നാം ആവശ്യം)     സംസ്കാരം, വിദ്യാഭ്യാസം, ഭരണം, ചികിത്സ, വാണിജ്യം, നീതിന്യായം എന്ന് തുടങ്ങി ഒട്ടേറെ വരുന്ന ഒരു പട്ടിക സാമൂഹിക പരിസ്ഥിതിയും (നാലാം ആവശ്യം), ജ്ഞാനം, മൂല്യം, താളം, ഗുരുത്വം,അര്‍ത്ഥന എന്നിവ  പ്രഭാവ പരിസ്ഥിതിയും (അഞ്ചാം ആവശ്യം) ആകുന്നു. ഇപ്പറഞ്ഞ ക്രമവും ദത്തവും മുഴുവന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിയില്‍ ഉള്‍ക്കൊണ്ടു കാണില്ലെങ്കിലും അവര്‍ക്കത്‌ ഏറെക്കുറെ ബോദ്ധ്യമായിരുന്നു എന്ന് തോന്നി.. അത്രകണ്ട് ഉള്ളറിവുള്ളവര്‍ ആണ് നമ്മുടെ കുഞ്ഞുങ്ങള്‍. അപ്പോഴും ഇതൊന്നും നമ്മുടെ വിഷയമല്ല എന്ന് പറഞ്ഞിരുന്നു കണ്ടത് നമ്മുടെ ചില അദ്ധ്യാപകരെ ആയിരുന്നു. 

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം. അത് നാം ഊതിക്കെടുത്താതെ ഇരിക്കുക.. നാളത്തെ ലോകം അവരുടെ കയ്യിലാണ്. 

Wednesday, June 20, 2012

Nimuki is Natures Interactive Measure on Unadulterated Knowledge & Insight

The full form of nimuki is 

Natures Interactive Measure on Unadulterated Knowledge & Insight

പ്രവീണ്‍ ചോദിക്കുന്നു..



വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും 
ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും?
 
പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ?  പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും  ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത്  മൂര്‍ത്തവല്‍കരണം  (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) കൊണ്ടാണ് സത്തകളുടെ വികാസം മൂര്‍തമാകുന്ന ഒരു കാലത്തെ (ഭാവിയെ) പ്രപഞ്ചം വിന്യസിക്കുന്നത്. പ്രാര്‍ഥനയും അര്‍ത്ഥനയും   മൂര്‍ത്തവല്‍കരണത്തെ ലാക്കാക്കിയാണ്. ആര്, എങ്ങിനെ, എപ്പോള്‍, എന്ത് പശ്ചാത്തലത്തില്‍ എന്നിങ്ങനെയുള്ളതിനെയൊക്കെ ആശ്രയിച്ചായിരിക്കും അര്‍ത്ഥനയുടെ ഫലം എന്ന് മാത്രം. 

Tuesday, June 19, 2012

സ്വ ധര്‍മ്മം എങ്ങിനെ തിരിച്ചറിയാം

Shyam Kalady
അന്വേഷിക്കുന്ന ഒരു പ്രധാന ചോദ്യം : സ്വ ധര്‍മ്മം എങ്ങിനെ തിരിച്ചറിയാം
ജൈവ തലത്തില്‍, സൂക്ഷ്മം ആയി പറഞ്ഞാല്‍ കോശ തലത്തില്‍ ഓരോ കോശത്തിനും ഈ ധര്‍മം
അറിയാം എന്നും , ആ ധര്‍മ്മം അല്ല ഞാന്‍ ചെയ്യുനത് എങ്കില്‍
ഈ ജൈവ തലം എനിക്ക് എതിരെ ആവും എന്നും ,ഇത് എനിക്ക് ആരോഗ്യകരം ആവുകയില്ല എന്നും
കേട്ടു ....പക്ഷെ ചോദ്യം ഇതാണ് എങ്ങിനെ സ്വ ധര്‍മ്മം തിരിച്ചറിയാം ,
യഥാര്‍ത്ഥ വിദ്യാഭ്യാസം സ്വ ധര്‍മം അറിഞ്ഞു ,അവിടെ കര്‍മ ചെയ്യാന്‍ പ്രേരിപ്പിക്കുനത് ആകണ്ടേ ?

എന്താണ് നിന്‍റെ ധര്‍മം ?
ഇത് എങ്ങിനെ ഞാന്‍ തിരിച്ചറിയും
എന്‍റെ കോശങ്ങള്‍ക് എന്‍റെ ധര്‍മം അറിയാം , ഈ അറിവ് എങ്ങിനെ എന്നിലേക്ക്‌ എത്തും
അഥവാ ഈ തിരിച്ചറിവ് എനിക്ക് എങ്ങിനെ ഉണ്ടാകും ?

സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നുവെങ്കില്‍, അങ്ങിനെ ഒന്നിന്റെ സ്ഥിതികത്വതെ പറ്റി ബോധ്യം വന്നു എന്നും അയാള്‍ ആ ധാരയില്‍ എത്തിപ്പെട്ടു എന്നാണ് ആദ്യമേ മനസ്സിലാക്കേണ്ടത്. സ്വ ധര്‍മം ഉണ്ടെന്നു ബോധ്യമായാല്‍, തന്റെ ചോദനകളെ നിഷ്പക്ഷമായി നിരീക്ഷിക്കുകയും, അവയോരോന്നിനും മുന്‍പില്‍, പ്രപഞ്ചം നല്‍കുന്ന ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കി എടുക്കുകയും ആണ് വേണ്ടത്. തന്റെ വേഷം (role) എന്തെന്നു പ്രപഞ്ചം ഒരുക്കുന്ന വഴികളില്‍ എവിടെയോ നമുക്ക് മനസ്സിലായി തുടങ്ങും., ഒരു പക്ഷെ അതിനു ചില വ്യക്തികളോ, സംഭവങ്ങളോ അതിനു മാര്‍ഗ ദീപമായെക്കാം. (എന്നാല്‍ ഒന്നറിയുക, സ്വധര്‍മത്തെ  ഗ്രഹിക്കുവാന്‍ തന്റെ ഗുരുവിനു പോലും കഴിയില്ല. ഒരു പക്ഷെ ഒരു പാലമായി, അയാള്‍ മുന്നിലുണ്ടെങ്കിലും)  അത് കൊണ്ട് തന്നെ, വിദ്യാഭ്യാസം ഒരു തരത്തിലും സ്വധര്‍മത്തെ  കാണിച്ചു തരുവാനുള്ള ഒന്നാകില്ല. എന്നാല്‍, നല്ലതല്ലാത്ത ഒരു വിദ്യാഭ്യാസ പദ്ധതിയ്ക്ക്, സ്വധര്‍മം എന്ന ഒന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് പോലും കൊണ്ട് ചെന്നെത്തിക്കാത്ത വിധം സഹജ താളത്തെ മാറ്റി മറിക്കാന്‍ കഴിയും. 

അതിനാല്‍  സ്വധര്‍മത്തെ അറിയുവാന്‍, തന്റെ ശ്വാസ നിശ്വാസങ്ങള്‍ മുതല്‍, അകം / പുറം പരിസ്ഥിതി ചലനങ്ങള്‍ വരെ സുതാര്യമായി നിരീക്ഷിക്കയും, അവയുമായി ഏകാതാനാവസ്ഥയില്‍ നില്‍ക്കുകയും ആണ് വേണ്ടത്. നമുക്ക് വേണ്ടത് വേണ്ടപ്പോള്‍ പ്രപഞ്ചം വെളിപ്പെടുത്തിക്കൊള്ളും  .