Thursday, June 21, 2012

പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം.

ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ..

പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും  മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി പലപ്പോഴും സാധാരണക്കാരില്‍ നിന്നും ലഭിക്കാറില്ല.

ഒരു പരിസ്ഥിതി ദിന പരിപാടിയില്‍ വച്ച് പരിസ്ഥിതി എന്നാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് മറുപടി പറഞ്ഞ ഒരു സ്കൂളിലെ പ്രൈമറി വിദ്യാര്‍ത്ഥികളോട്, എങ്കില്‍ നമ്മുടെ ചുറ്റുപാടും എന്ന് വച്ചാല്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ ചോദിക്കയുണ്ടായി. മരം, മണ്ണ്, മഴ, പുഴ, സൂര്യന്‍, വെയില്‍  എന്നിങ്ങനെ കുറെ സാധനങ്ങള്‍ എന്ന് ആ കുഞ്ഞുങ്ങള്‍ അവരുടെ അറിവ് നിരത്തി.. മരം ഒരു വസ്തുവാണെന്നും മഴയും പുഴയും വസ്തുക്കളല്ലെന്നും, മഴയിലും പുഴയിലും വെള്ളമാണ് പദാര്‍ത്ഥം എന്നും അത് മഴയും പുഴയുമാകുന്നത്, വെള്ളത്തിന്‌ ചില സവിശേഷ ധര്‍മ സ്വഭാവങ്ങള്‍ കൈവരുമ്പോള്‍ ആണെന്നും ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു പോയി. അന്തരീക്ഷം ചൂടാകുമ്പോള്‍, കാറ്റുണ്ടാകുമെന്നും, മണ്ണിന്റെ ചൂട് ഒരു പരിധിക്കപ്പുറം കൂടുമ്പോള്‍ മഴ പെയ്യുമെന്നും, മണ്ണ് ചെത്തിയിട്ടാല്‍ അത് മൂടുവാന്‍ വീണ്ടും ചെടി മുളയ്ക്കും എന്നും  അതൊക്കെ കൊണ്ട് തന്നെ, പരിസ്ഥിതിയ്ക്കും ഭൂമിക്കും, കാര്യങ്ങളെ ഗ്രഹിച്ചറിഞ്ഞു പെരുമാറാന്‍ കഴിയും എന്നും  വേണ്ടിടത്ത് വേണ്ടുന്ന മാറ്റങ്ങള്‍ ശക്തിയോടെ / ബലത്തോടെ നിര്‍വഹിക്കാന്‍ പരിസ്ഥിതിക്ക് കഴിയുമെന്നും ഒക്കെ  ഞങ്ങള്‍ പറഞ്ഞു വന്നു. ഇതെല്ലാം കൊണ്ട് തന്നെ പരിസ്ഥിതി (പ്രകൃതി) എന്നാല്‍ ഇവിടെ ഉള്ള പദാര്‍ത്ഥവും  (വസ്തുവും) അതിന്റെ സ്വഭാവ വിശേഷങ്ങളും അതിന്റെ ധര്‍മങ്ങളും, അവയുടെ തിരിച്ചറിവും, അവയുടെ ബലവും ഒക്കെ ചേര്‍ന്ന ഒരു മഹാ ജീവാല്‍ഭുതം (വാക്കിതായിരുന്നില്ല) ആണെന്ന് വരെ ഞങ്ങള്‍ പറഞ്ഞെത്തി.  

ചെറു ചോദ്യങ്ങളോടെ അവരെ ഞാന്‍ നയിച്ചിരുന്നുവെങ്കിലും, പറഞ്ഞതൊക്കെ ആ കുഞ്ഞുങ്ങള്‍ ആണ്. ഈ ലേഖകന്റെ പരിസ്ഥിതിക്ക് ജീവനുണ്ട് എന്ന ഒരു ലേഖനം പത്രത്തില്‍ വായിച്ച രണ്ടു പേര്‍ അവിടെ സദസ്സില്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ ആ സ്കൂളിലെ അദ്ധ്യാപകന്‍ തന്നെ ആയിരുന്നു. ആ ലേഖനത്തില്‍  പറഞ്ഞിരുന്നത് എന്തെന്നു അപ്പോഴാണ്‌ മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. അതെ കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാകുന്നത്‌ നമുക്ക് മനസ്സിലാകാതെ പോകുന്നു. 

എങ്കില്‍ ഈ പരിസ്ഥിതിയ്ക്ക് അകത്തും പുറത്തും ആയി പല തലങ്ങള്‍ ഉണ്ടെന്നും അവയില്‍ പ്രകടവും മുഖ്യവും ആയ അഞ്ചു വര്‍ഗങ്ങളെയും കൂടി പരിചയപ്പെടണമെന്നും   അവിടെ കൂട്ടിചെര്‍ക്കെണ്ടിയിരുന്നു. ഒരു വസ്തുവിന്റെ (സത്തയുടെ - "നാമും" എന്ന് പറയുന്നതിലെ "ഞാന്‍' എന്നതിന്റെ) ശരീരം, ജീവന്‍, മനസ്സ്, ബോധം,  ആരോഗ്യം എന്നിവ അതിന്റെ ആന്തരിക പരിസ്ഥിതിയും (ഒരു ജീവല്‍ സത്തയുടെ സുസ്ഥിതിയ്ക്ക് ആവശ്യമായ പ്രാഥമിക ആവശ്യം), വായു, വെള്ളം, മണ്ണ്, ചൂട്, ബയോ പ്ലാസ്മ എന്നിവ ബാഹ്യ പരിസ്ഥിതിയും (രണ്ടാം ആവശ്യം),  പ്രകൃതി വിഭവങ്ങള്‍, വനം, കൃഷി, വ്യവസായം, ധനം എന്നിവ സാമ്പത്തിക പരിസ്ഥിതിയും (മൂന്നാം ആവശ്യം)     സംസ്കാരം, വിദ്യാഭ്യാസം, ഭരണം, ചികിത്സ, വാണിജ്യം, നീതിന്യായം എന്ന് തുടങ്ങി ഒട്ടേറെ വരുന്ന ഒരു പട്ടിക സാമൂഹിക പരിസ്ഥിതിയും (നാലാം ആവശ്യം), ജ്ഞാനം, മൂല്യം, താളം, ഗുരുത്വം,അര്‍ത്ഥന എന്നിവ  പ്രഭാവ പരിസ്ഥിതിയും (അഞ്ചാം ആവശ്യം) ആകുന്നു. ഇപ്പറഞ്ഞ ക്രമവും ദത്തവും മുഴുവന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിയില്‍ ഉള്‍ക്കൊണ്ടു കാണില്ലെങ്കിലും അവര്‍ക്കത്‌ ഏറെക്കുറെ ബോദ്ധ്യമായിരുന്നു എന്ന് തോന്നി.. അത്രകണ്ട് ഉള്ളറിവുള്ളവര്‍ ആണ് നമ്മുടെ കുഞ്ഞുങ്ങള്‍. അപ്പോഴും ഇതൊന്നും നമ്മുടെ വിഷയമല്ല എന്ന് പറഞ്ഞിരുന്നു കണ്ടത് നമ്മുടെ ചില അദ്ധ്യാപകരെ ആയിരുന്നു. 

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം. അത് നാം ഊതിക്കെടുത്താതെ ഇരിക്കുക.. നാളത്തെ ലോകം അവരുടെ കയ്യിലാണ്. 

Wednesday, June 20, 2012

Nimuki is Natures Interactive Measure on Unadulterated Knowledge & Insight

The full form of nimuki is 

Natures Interactive Measure on Unadulterated Knowledge & Insight

പ്രവീണ്‍ ചോദിക്കുന്നു..



വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും 
ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും?
 
പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ?  പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും  ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത്  മൂര്‍ത്തവല്‍കരണം  (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) കൊണ്ടാണ് സത്തകളുടെ വികാസം മൂര്‍തമാകുന്ന ഒരു കാലത്തെ (ഭാവിയെ) പ്രപഞ്ചം വിന്യസിക്കുന്നത്. പ്രാര്‍ഥനയും അര്‍ത്ഥനയും   മൂര്‍ത്തവല്‍കരണത്തെ ലാക്കാക്കിയാണ്. ആര്, എങ്ങിനെ, എപ്പോള്‍, എന്ത് പശ്ചാത്തലത്തില്‍ എന്നിങ്ങനെയുള്ളതിനെയൊക്കെ ആശ്രയിച്ചായിരിക്കും അര്‍ത്ഥനയുടെ ഫലം എന്ന് മാത്രം. 

Tuesday, June 19, 2012

സ്വ ധര്‍മ്മം എങ്ങിനെ തിരിച്ചറിയാം

Shyam Kalady
അന്വേഷിക്കുന്ന ഒരു പ്രധാന ചോദ്യം : സ്വ ധര്‍മ്മം എങ്ങിനെ തിരിച്ചറിയാം
ജൈവ തലത്തില്‍, സൂക്ഷ്മം ആയി പറഞ്ഞാല്‍ കോശ തലത്തില്‍ ഓരോ കോശത്തിനും ഈ ധര്‍മം
അറിയാം എന്നും , ആ ധര്‍മ്മം അല്ല ഞാന്‍ ചെയ്യുനത് എങ്കില്‍
ഈ ജൈവ തലം എനിക്ക് എതിരെ ആവും എന്നും ,ഇത് എനിക്ക് ആരോഗ്യകരം ആവുകയില്ല എന്നും
കേട്ടു ....പക്ഷെ ചോദ്യം ഇതാണ് എങ്ങിനെ സ്വ ധര്‍മ്മം തിരിച്ചറിയാം ,
യഥാര്‍ത്ഥ വിദ്യാഭ്യാസം സ്വ ധര്‍മം അറിഞ്ഞു ,അവിടെ കര്‍മ ചെയ്യാന്‍ പ്രേരിപ്പിക്കുനത് ആകണ്ടേ ?

എന്താണ് നിന്‍റെ ധര്‍മം ?
ഇത് എങ്ങിനെ ഞാന്‍ തിരിച്ചറിയും
എന്‍റെ കോശങ്ങള്‍ക് എന്‍റെ ധര്‍മം അറിയാം , ഈ അറിവ് എങ്ങിനെ എന്നിലേക്ക്‌ എത്തും
അഥവാ ഈ തിരിച്ചറിവ് എനിക്ക് എങ്ങിനെ ഉണ്ടാകും ?

സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നുവെങ്കില്‍, അങ്ങിനെ ഒന്നിന്റെ സ്ഥിതികത്വതെ പറ്റി ബോധ്യം വന്നു എന്നും അയാള്‍ ആ ധാരയില്‍ എത്തിപ്പെട്ടു എന്നാണ് ആദ്യമേ മനസ്സിലാക്കേണ്ടത്. സ്വ ധര്‍മം ഉണ്ടെന്നു ബോധ്യമായാല്‍, തന്റെ ചോദനകളെ നിഷ്പക്ഷമായി നിരീക്ഷിക്കുകയും, അവയോരോന്നിനും മുന്‍പില്‍, പ്രപഞ്ചം നല്‍കുന്ന ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കി എടുക്കുകയും ആണ് വേണ്ടത്. തന്റെ വേഷം (role) എന്തെന്നു പ്രപഞ്ചം ഒരുക്കുന്ന വഴികളില്‍ എവിടെയോ നമുക്ക് മനസ്സിലായി തുടങ്ങും., ഒരു പക്ഷെ അതിനു ചില വ്യക്തികളോ, സംഭവങ്ങളോ അതിനു മാര്‍ഗ ദീപമായെക്കാം. (എന്നാല്‍ ഒന്നറിയുക, സ്വധര്‍മത്തെ  ഗ്രഹിക്കുവാന്‍ തന്റെ ഗുരുവിനു പോലും കഴിയില്ല. ഒരു പക്ഷെ ഒരു പാലമായി, അയാള്‍ മുന്നിലുണ്ടെങ്കിലും)  അത് കൊണ്ട് തന്നെ, വിദ്യാഭ്യാസം ഒരു തരത്തിലും സ്വധര്‍മത്തെ  കാണിച്ചു തരുവാനുള്ള ഒന്നാകില്ല. എന്നാല്‍, നല്ലതല്ലാത്ത ഒരു വിദ്യാഭ്യാസ പദ്ധതിയ്ക്ക്, സ്വധര്‍മം എന്ന ഒന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് പോലും കൊണ്ട് ചെന്നെത്തിക്കാത്ത വിധം സഹജ താളത്തെ മാറ്റി മറിക്കാന്‍ കഴിയും. 

അതിനാല്‍  സ്വധര്‍മത്തെ അറിയുവാന്‍, തന്റെ ശ്വാസ നിശ്വാസങ്ങള്‍ മുതല്‍, അകം / പുറം പരിസ്ഥിതി ചലനങ്ങള്‍ വരെ സുതാര്യമായി നിരീക്ഷിക്കയും, അവയുമായി ഏകാതാനാവസ്ഥയില്‍ നില്‍ക്കുകയും ആണ് വേണ്ടത്. നമുക്ക് വേണ്ടത് വേണ്ടപ്പോള്‍ പ്രപഞ്ചം വെളിപ്പെടുത്തിക്കൊള്ളും  .

ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ?

ശ്യാം പ്രസാദ് ചോദിക്കുന്നു.. 
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? വാസനാ ബലം അനുകൂലം ആയും പ്രതികൂലം ആയും ഭവിക്കുമോ ? പ്രപഞ്ചം ത്തിനു ഒരു ബോധം ഉണ്ടെങ്കില്‍ ആ ബോധം ആയി ഉള്ള സംവേദനം ആത്മ അവിഷ്ക്കാരത്തിന് സഹായിക്കില്ലേ ??

എന്റെ മറുപടി..

=അവനവന്റെ അകത്തു ധര്‍മമെന്നു ബോധ്യമായി നിറഞ്ഞു നില്‍ക്കുന്നത്, കര്‍മമായി തീരുമ്പോഴാണ് ആത്മാവിഷ്കാര പ്രക്രിയ തുടങ്ങുന്നതെന്ന് തോന്നുന്നു. അവനവന്റെ അകം എന്ന് പറയുമ്പോള്‍, ജൈവ തലവും, കോശ തലവും കല തലവും അവയവ തലവും ജീവിതലവും  ഒക്കെ ചേര്‍ന്നതാണല്ലോ.. ഒരു ഡീ എന്‍ എയ്ക്ക് അകത്തു കരുതിയിരിക്കുന്ന ഒരു ബ്ലൂ പ്രിന്റു പുറത്തേയ്ക്ക് ഒഴുകി വരുന്നത് ക്രമമായി ഈ പറഞ്ഞ ഓരോ തലങ്ങളിലും കൂടിയാണ്. അകത്തു നിന്ന് ഞാന്‍ എന്ന തലം വരെയും, ഞാനില്‍ നിന്നും പ്രപഞ്ച തലം വരെയും ഉള്ള ഒരു സുതാര്യ വിനിമയം എപ്പൊഴു സംഭവിയ്ക്കുന്നുമുണ്ട്‌. അകം ബ്ലൂപ്രിന്റിലെ ധര്‍മ രേഖ, ഞാന്‍ എന്ന തലം വരെ എത്തുമ്പോഴാണ്, നാം അതിനെ ആത്മാവിഷ്കാരമായി അറിയുക. (അതിനുമപ്പുറത്തെയ്ക്ക്  ആ ധര്‍മ പ്രഭാവം ഒഴുകുന്നതിനെയും നാം അറിയാറില്ലെന്നാണ്  തോന്നുന്നത്.) ഒരു  വ്യക്തി അവന്റെ പരിസ്ഥിതിയില്‍ ലയിച്ചു ജീവിക്കുമ്പോഴാണ്, ഈ സുതാര്യത കൈവരിക. പരിസ്ഥിതി എന്നതിന്, അകം ലോകമെന്നും പുറം ലോകമെന്നും ഉള്ള പരിധികളും ഉണ്ടെന്നറിയണം. അങ്ങിനെ അകം ലോകത്തെയും പുറം ലോകത്തെയും ഇഴ ചേര്‍ക്കാനുള്ള തുറവി, ഈ ഞാന്‍ എന്നതിന് ഉണ്ടാകുമ്പോള്‍, ഈ ഞാന്‍ ആത്മാവിഷ്കാര സജ്ജനായി.

അടിസ്ഥാന ജൈവ പദാര്‍ത്ഥം മുതല്‍ പ്രപഞ്ചം വരെയുള്ള ഏതു വ്യവസ്ഥാ തലത്തിലും ബാഹ്യ പ്രേരണ കൊണ്ടോ, ആന്തരിക പ്രേരണ കൊണ്ടോ, ചില നിയുക്ത യുക്തികള്‍ വന്നു ചെര്‍ന്നെക്കാം. ഈ യുക്തികള്‍, അതതു തലങ്ങളുടെ സുതാര്യതയെ ഹനിക്കും. ചെറിയ സുതാര്യതാ ഭംഗങ്ങള്‍ കൊണ്ട് വലിയ വിനിമയപ്രശ്നം ഉണ്ടാകില്ല. എന്നാല്‍ എല്ലാ ഘട്ടത്തിലും അങ്ങിനെയോരോ സുതാര്യതാ ഭംഗങ്ങള്‍ വരുമ്പോള്‍, ജീവിതവും, ആവിഷ്കാരവും ഒക്കെ ശ്രമകരം തന്നെ.. ബുദ്ധി, ബോധം, ഉപബോധം, അവബോധം എന്നീയിടങ്ങളിലെല്ലാം ഈ ഭംഗങ്ങള്‍ ഉണ്ടാകാം.. മനുഷ്യ ഗണത്തിലെ ബഹു ഭൂരി പക്ഷം പേരും  ഈ ഭംഗങ്ങളും പേറിയാണ് ജീവിക്കുന്നത്.. വാസനാ ബലം ഉള്ളവര്‍ ആയിരിക്കും, ഈ ആവിഷ്കാരങ്ങള്‍ക്കു മുന്പിലെത്തുക. അതെ വാസനാ ബലം തന്നെ ആവിഷ്കാരങ്ങളില്‍ പിന്പിലെതിക്കാനും കാരണമായേക്കും. 

പ്രപഞ്ചവുമായുള്ള സംവേദനം തന്നെയാണ് ആത്മാവിഷ്കാരത്തിന് കാരണമാകുന്നതും. അത് ഉണ്ടെന്നു ബോധ്യമാകുകയും, അതില്‍ ശ്രദ്ധിക്കയും വേണം. സുതാര്യത, ഒരു ആശയമല്ല, പ്രായോഗികതയാണ്.. പ്രപഞ്ച ബോധത്തെ കുറിച്ചുള്ള അറിവ്, അതിനോടുള്ള ശ്രദ്ധ, അതിനാലുള്ള  തുറവി, എന്നിവ സ്തിതമായി നില നില്‍ക്കുമ്പോള്‍, ആവിഷ്കാരം സംഭവിക്കും. ശ്രമം ഇല്ലാതെ തന്നെ.. 

 

Wednesday, June 13, 2012

വിളംബ സ്വഭാവം

ഇതെല്ലാര്‍ക്കും ഉള്ളത് തന്നെ .. ചിലര്‍ക്ക് എല്ലായ്പ്പോഴും. ചിലര്‍ക്ക് ചിലതിനോട്.. ഞാന്‍ നിത്യവും ഇരുപതു മണിക്കൂറോളം ജോലി ചെയ്യുന്ന ഒരുവനാണ്. ഇത് പോലൊരു കുറിപ്പെഴുതാന്‍ എനിക്ക് വേണ്ടുന്ന സമയം അര / ഒരു മണിക്കൂര്‍. എന്നിട്ടും ഈ ലേഖനം എഴുതാന്‍ ഞാന്‍ എടുത്തത് ഒരു മാസം. ഇത് എഴുതാന്‍ ഇരിക്കുമ്പോഴൊക്കെ, മറ്റു വല്ലതിലേക്ക് ചെന്ന് കയറും. സാമൂഹ്യമായ കാര്യങ്ങളില്‍ പരിധി കവിഞ്ഞു തലയിടുന്നവര്‍ക്കും വര്‍ക്കഹോളിക്കായുള്ളവര്‍ക്കും  സ്വന്തം കാര്യങ്ങള്‍  വിളംബത്തിനു വിട്ടു കൊടുക്കുന്ന സ്വഭാവം നന്നേ കാണും. അത് പോലെ പെര്‍ഫെക്ഷനിസം കൊണ്ട് എന്റെ പ്രോജെക്റ്റുകള്‍ വൈകാറുണ്ട്. ഒളിമ്പസ്സിന്റെ ഗ്രാമ പദ്ധതി അതിലൊന്നാണ്.  അത് കൊണ്ട് തന്നെ ഈ പറഞ്ഞതൊന്നും ഒരു കൂട്ടരേ മാത്രം ഉദ്ദേശിച്ചാണെന്ന് കരുതേണ്ടതില്ല. നാമെല്ലാരും എവിടെയൊക്കെയോ അങ്ങിനെയൊക്കെ തന്നെ..

Tuesday, June 12, 2012

നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നീട്ടി  വയ്ക്കാത്തവര്‍ ഉണ്ടാകില്ല.. എന്നാല്‍ ഈ മാറ്റിവയ്ക്കല്‍ ( വിളമ്പ സ്വഭാവം - Procrastination) ജീവിതത്തില്‍ നമ്മെ പിന്‍ തുടരുന്നുവെങ്കില്‍, അറിയുക, ആധുനിക ജീവിതത്തിന്റെ ധൃത സഞ്ചാലനത്തില്‍  പിടിച്ചു നില്‍കാന്‍ കഴിയാത്ത വിധം,  എവിടെയോ, നമുക്കൊരു കുഴപ്പമുണ്ടെന്നു.. ജീവിതത്തെ വിജയകരവും ആസ്വാദ്യകരവും ആക്കി മുന്‍പോട്ടു കൊണ്ട് പോകുവാന്‍ നമുക്ക് പലപ്പോഴും, (ചിലപ്പോള്‍ ഒരിക്കലും) , ഇത് കൊണ്ട് തന്നെ കഴിയാതെ വന്നേക്കാം..  ജീവിതത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങള്‍ ഇതിനാല്‍ വിരചിക്കപ്പെട്ടേക്കാം.  നല്ലതെന്നും നമ്മുടേതെന്നും കരുതിയ പലതും നമ്മെ വിട്ടു പോയേക്കാം..  എന്താണിതിനൊരു പ്രതിവിധി?

ഈ പറഞ്ഞ വിളമ്പ സ്വഭാവം (Procrastination) ഒരു രോഗമാണെന്ന് പറയുക വയ്യ. അത് മനുഷ്യ സ്വഭാവം തന്നെ. എന്നാല്‍ ആഹാരത്തോടോ, ലൈംഗികതയോടോ , വസ്തുക്കളോടോ, വൈകാരികതകളോടോ ഉള്ള നമ്മുടെ കടുത്ത സമീപനം, നമ്മുടെ മനോ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പക്വപ്പെടുന്നത് പോലെ (സംസ്കാരമോ വിദ്യാഭ്യാസമോ അതിനെ പക്വപ്പെടുത്തുന്നത് പോലെ),   വിളമ്പ സ്വഭാവത്തെ പക്വപ്പെടുത്തിയെടുക്കേണ്ടുന്ന  ഒന്നാണെന്ന് സംസ്കാരം പലപ്പോഴും നമ്മെ പഠിപ്പിക്കുന്നില്ല. (പണ്ടുള്ള ഗുരുകുലങ്ങളും നാം കുറ്റം പറയാറുള്ള മെക്കാളെ വിദ്യാഭ്യാസവും, വിളമ്പ സ്വഭാവത്തെ അതിജീവിക്കാന്‍ പരിശീലിപ്പിച്ചിരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.) മാനേജുമെന്റു ശാസ്ത്രം ഈ മേഖലയില്‍  ഒരുപാട് കണ്ടറിഞ്ഞു ചെയ്യുന്നുണ്ടെങ്കിലും സാധാരണക്കാരന് ഈ കാഴ്ചപ്പാടുകളും, പ്രതിവിധികളും ഇന്നും അന്യം ആണ്. 

വിളമ്പ സ്വഭാവത്തെ അറിയാനും അത് മാറ്റി എടുക്കുവാനുമുള്ള  പ്രാഥമിക പ്രതിവിധികള്‍ ചെറുതായി ഒന്ന് സൂചിപ്പിക്കുകയാണ് ഈ ഒരു കുറിപ്പിന്റെ ലക്‌ഷ്യം.

വിളമ്പ സ്വഭാവം ഉള്ളവ്യക്തിയാണോ നിങ്ങള്‍  എന്ന് ഒന്ന് പരിശോധിക്കുക
അതാണ്‌ ആദ്യം വേണ്ടത്. താഴെയുള്ള ചോദ്യാവലി നിങ്ങളെ അതിനു സഹായിക്കും.
  1. നിങ്ങള്‍ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍ /ജോലികള്‍ / കാര്യങ്ങള്‍ സാധാരണ മാറ്റി വയ്ക്കാറുണ്ടോ?
  2. കഴിഞ്ഞ / വരാനിരിക്കുന്ന പരാജയങ്ങള്‍ നിങ്ങളെ ഭയപ്പെടുത്താറുണ്ടോ?
  3. നിങ്ങളുടെ ലക്ഷ്യത്തിനു നേരെ വരുന്ന പ്രതിബന്ധങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ?
  4. പൂര്‍ണ താല്പര്യം ഇല്ലാത്ത ഉത്തരവാദിത്തങ്ങള്‍  നിര്‍വഹിക്കേണ്ടി വരുമ്പോള്‍ അത് ഏറ്റെടുക്കാതെ മാറ്റിവയ്ക്കാറുണ്ടോ?
  5. സമയത്തിനു തീര്‍ക്കാന്‍ കഴിയാത്ത പദ്ധതികള്‍ /പരിപാടികള്‍ ജീവിതത്തില്‍ സ്ഥിരമായി അഭിമുഖീകരിക്കാറുണ്ടോ?
  6. നിര്‍വഹിക്കേണ്ടുന്നവ നേരില്‍ ചെയ്തു തുടങ്ങാതെ, പ്രാരംഭമായി,  ബന്ധമില്ലാത്ത കാര്യങ്ങള്‍ ചെയ്യാറുണ്ടോ?
  7. സ്വയം വൈകല്‍ ഒരു പരിചിതമായ ജീവിത സംഭവം ആണോ?
  8. വര്‍ഷങ്ങളായി കരുതി വച്ചിട്ടുള്ള സാക്ഷാത്കരിക്കാത്ത ലക്ഷ്യങ്ങള്‍  സ്വന്തമായി ഉണ്ടോ?
  9. ജോലിക്കിടയില്‍ സ്വപ്നം കാണുകയോ, മെയിലോ ഫെസ്ബുക്കോ അടിക്കടി നോക്കുകയോ ചെയ്യാറുണ്ടോ?
  10. കൃത്യവും പ്രവചനീയവും അല്ലാത്ത നാളെകള്‍ നിങ്ങള്‍ക്കുണ്ടോ?
  11. സാമൂഹ്യമോ, ബാഹ്യമോ ആയ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു പിന്‍വലിവ് നിങ്ങള്‍ക്കുണ്ടോ?
  12. വൈകാരിക വിക്ഷോഭങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോകുന്നുണ്ടോ?
  13. ചെയ്യുന്ന കര്‍മങ്ങള്‍ ഉത്തമാമാക്കിയെ അടങ്ങൂ എന്നൊരു സ്വഭാവം നിങ്ങള്‍ക്കുണ്ടോ?
  14. കടുത്ത  എന്നാല്‍ ഹിതകരങ്ങളായ തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ?
  15. മുന്‍ പരിചയമില്ലാത്ത പദ്ധതികളിലേക്ക് / സ്ഥലങ്ങളിലേക്ക് കയറിച്ചെല്ലാന്‍ മടി തോന്നാറുണ്ടോ?   
ഇവയോരോന്നിനും ഉള്ള ഉത്തരങ്ങള്‍ക്കു താഴെ പറയും പ്രകാരം മാര്‍ക്ക് നല്‍കുക. 
  • എപ്പോഴും  - 6 മാര്‍ക്ക്    
  • ഇടയ്ക്കിടെ  - 4 മാര്‍ക്ക്    
  • വല്ലപ്പോഴും  - 2 മാര്‍ക്ക്  
  • അപൂര്‍വമായി  - 1 മാര്‍ക്ക്     
  • ഇല്ല  - 0 മാര്‍ക്ക്    
എല്ലാ മാര്‍ക്കുകളും കൂട്ടിയാല്‍ കിട്ടുന്നതാകും നിങ്ങള്‍ക്കുള്ള വിളമ്പ സ്വഭാവത്തിന്റെ ശതമാനം. (ഇത് ഒരു ഏകദേശ കണക്കാണ്. കൃത്യമായ വിശകലനത്തിന് ഈ ചോദ്യാവലിയുടെ നീളം മതിയാകില്ല. നെറ്റില്‍ ധാരാളം പൂര്‍ണമായ ടെസ്റ്റുകള്‍ ലഭ്യമാണ്)

വിളമ്പ സ്വഭാവത്തെ അറിയുക
വിളമ്പ സ്വഭാവം, ഓരോ വ്യക്തിയിലും ഓരോ സാഹചര്യങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും, ശേഷിക്കും ഒക്കെ അനുസരിച്ചായിരിക്കും. ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ അതെത്രകണ്ട് ബാധിക്കുന്നു എന്നതനുസരിച്ചിരിക്കും വിളമ്പ സ്വഭാവത്തെ എങ്ങിനെ എത്രകണ്ട് കൈകാര്യം ചെയ്യേണ്ടത് എന്നത്.

വിളമ്പ സ്വഭാവം ഒരു ശീലമാണ്. (അതിനു കാരണമാകുന്നത് ശീലങ്ങള്‍ക്കു കാരണമാകുന്ന ഉപബോധ ചിത്രങ്ങള്‍ ആണ്.)  ശീലങ്ങള്‍ക്കു വല്ലാത്ത ഗുരുത്വ സ്വഭാവം ആണുള്ളത്. അത് കൊണ്ട് തന്നെ, ഇതൊക്കെ ഒരു വായന കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയും എന്നല്ല കരുതേണ്ടത്. അതിനു നിരന്തര പരിശീലനം വേണ്ടി വരും. ഒപ്പം ഉപബോധ മനസ്സിന്റെ ചിത്രണം മാറ്റിയെഴുതാനുള്ള പരിശീലനങ്ങളും. പരിശീലനങ്ങള്‍ക്കുള്ള ചില പ്രാഥമിക സൂചനകള്‍ ഇതാ.. 
  1. തീരുമാനം ഉണ്ടാകുക
    ഇനി തന്റെ ജീവിതത്തില്‍, ഒരു തിരിഞ്ഞു നോട്ടമില്ലാത്ത വിധം മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന തീരുമാനമെടുക്കുക. ഓര്‍ക്കുക, തീരുമാനമെന്നാല്‍ തിരിഞ്ഞു നോട്ടമില്ലാത്തത് എന്ന് തന്നെ ആകണം അര്‍ത്ഥം.  തീരുമാനത്തോടെ കാര്യങ്ങള്‍ ചെയ്തു തുടങ്ങുക. തടസ്സങ്ങളായി തിരിച്ചറിയുന്ന ക്രമത്തില്‍ എല്ലാം പുനരാവിഷ്കരിച്ചു നടപ്പിലാക്കുക. ഓര്‍ക്കുക, ഒരു ദിനം പോലും തീരുമാനത്തില്‍ ഇളക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കുക.  
  2. വിജയത്തെ കയ്യെത്തി നേടുക 
    വിജയം എന്നത് ധൈര്യമുള്ളവര്‍ക്കാണ്  പറഞ്ഞിട്ടുള്ളത്. മനുഷ്യേതര ജീവ ജാലങ്ങള്‍ വിജയിക്കാറേയുള്ളൂ..  അവര്‍ക്ക് വിജയേതര സാദ്ധ്യതെയെ പറ്റിയുള്ള യാതൊരു ചിന്തയോ ബോധമോ ഇല്ല.. വിജയേതര ചിന്തകള്‍ വെറും മനുഷ്യ യുക്തി  ആണെന്ന് കരുതുന്നതാകും ഉചിതം. ജീവിതം ചലനാത്മകവും ആഘോഷ പരവും ആകണം.ചെറു വെല്ലു വിളികളെ പുഞ്ചിരിയോടെ ചെന്ന് കൈപ്പറ്റുക. 
  3. വന്‍ വെല്ലുവിളികളെ, ചെറു പരിപാടികളാക്കി മാറ്റുക.
    ചെയ്തു തീര്‍ക്കെണ്ടുന്ന കാര്യങ്ങള്‍ വളരെ വലുതാണെന്ന് നമുക്ക് തോന്നിയേക്കാം.. എല്ലാ വലിയ കാര്യങ്ങളും ചെറിയ കുറെ കാര്യങ്ങളുടെ കൂട്ടമാണെന്ന് നമുക്കറിയാം. വലിയ കാര്യങ്ങളെ, ചെറു ചെറു ഉപ കാര്യങ്ങളായി പൊളിച്ചെഴുതുക. അവയെ അവയുടെ പ്രാധാന്യ പ്രകാരം ഒന്ന് പുന ക്രമീകരിക്കുക. അവയെ ഓരോന്നായി ശാന്തമായി ക്ഷമയോടെ  ചെയ്തു തീര്‍ക്കുക. കാര്യങ്ങളെ നേരിടാനുള്ള അവാച്യമായൊരു ശേഷി നമ്മിലേക്ക്‌ പറന്നിറങ്ങുന്നത് കാണാനാകും. ആ ഓരോ കുഞ്ഞു വിജയങ്ങളിലും സന്തോഷിക്കുക..(ഒരു കഷണം കടലാസ്സിനും പേനയ്ക്കും ഇക്കാര്യത്തില്‍ ഒരുപാട് നമ്മെ തുണയ്ക്കാനാകും)
  4. അനിഷ്ടമുള്ളവ ആദ്യം തീര്‍ക്കുക.
    ഇഷ്ടമുള്ളവയോടു മാത്രം ആഭിമുഖ്യം ഉണ്ടാകുക മനുഷ്യ പ്രകൃതമാണ്. ഇഷ്ടമുള്ളവയും അനിഷ്ടമുള്ളവയും ഇട കലര്‍ന്ന് വരുമ്പോള്‍ ഉയര്‍ന്നു വരുന്ന വിളംബ സ്വഭാവത്തെ അതി ജീവിക്കാന്‍, അനിഷ്ടമുള്ളവ ആദ്യം ചെയ്തു തീര്‍ക്കുക. അതിന്റെ മാത്രമുള്ള ഫലം സുഖദായകമല്ലെങ്കില്‍, അതിനു ഒരു ഒരു പ്രത്യേക പ്രതിഫലം നിങ്ങള്‍ തന്നെ നല്‍കുമെന്ന് തീരുമാനിക്കുക.. (ഈ പണി കഴിഞ്ഞു ഞാനൊരു യാത്രപോകും എന്നോ മറ്റോ)
  5. ഒരു വര്‍ക്ക് ഡയറി സൂക്ഷിക്കുക.
    ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവയെ പ്രാധാന്യ ക്രമത്തിനും, സമയ ക്രമത്തിനും ആവൃത്തി ക്രമത്തിനും അനുസരിച്ച് ക്രമീകരിച്ചു എഴുതുക. അതിന്റെ ഒരു ലഘു പകര്‍പ്പ് (TO DO LIST) ഉണ്ടാക്കി എപ്പോഴും കൈവശം വയ്ക്കുക. നിരന്തരം വായിക്കയും, ക്രമമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുക. 
  6. കായികോന്മേഷം നില നിര്‍ത്തുക.
    അക്ഷീണമായൊരു  മുന്‍പോട്ടു പോക്കിന്, ഉയര്‍ന്ന കായികോന്മേഷം ആവശ്യമാണ്. ലഘുവായ ഭക്ഷണങ്ങളും, വ്യായാമങ്ങളും, നൃത്ത സംഗീതാദികളും,  ഇടവിട്ടുള്ള ഉല്ലാസ യാത്രകളും സത്സംഗങ്ങളും അതിനു സഹായകമാകും 
  7. വേണ്ടയിടങ്ങളില്‍ സഹായം നേടുക.
    എല്ലാം നമുക്ക് പരിചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്തു തീര്‍ക്കാനാകില്ലെങ്കില്‍, പരിചിതരുടെ സേവനം തേടുന്നതില്‍ തെറ്റില്ല. വേണ്ടുന്ന സമയത്ത് സഹായം തേടാനുള്ള തുറന്ന മനസ്സ് നമുക്കുണ്ടാകണം എന്ന് മാത്രം. അടുത്ത വ്യക്തികളോട്, നമ്മെ നിരീക്ഷിക്കാനും, പുതിയ തീരുമാനങ്ങളില്‍ നിന്നും വഴിമാറാതെ നമ്മെ നിലനിര്‍ത്താനും ആവശ്യപ്പെടാവുന്നതാണ്. 
  8. മതിയായ ആത്മ ചിത്രം നേടുക. 
    താന്‍ പ്രസക്തനായ ഒരു വ്യക്തിത്വം ആണെന്ന അവബോധം (ആത്മാവബോധം) ഉണ്ടാകുക എന്നതാണ് ഇതില്‍ മുഖ്യം. തന്റെ കഴിവുകളില്‍ ഉള്ള ഉറച്ച വിശ്വാസവും തന്റെ ലക്ഷ്യത്തെ കുറിച്ചും , അത് നേടുവാനുള്ള ഒരു കാലയളവിനെ കുറിച്ചും  ഉള്ള വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകണം. ഉപബോധമനസ്സില്‍ ഉണ്ടാകേണ്ടുന്ന ഒരു  മാറ്റം  ആയതിനാല്‍, പ്രത്യേക പരിശീലനങ്ങള്‍ കൊണ്ടേ ഇത് പൂര്‍ണമായും നേടാനാകൂ.. ഈ വിഷയങ്ങളിന്‍ മേലുള്ള അറിഞ്ഞുവയ്ക്കലുകള്‍, ആ പരിശീലനത്തിന്റെ തുടക്കം മാത്രമാണ്. (ഈ വായന പോലും)
ഇത്രയും കൊണ്ട് നിങ്ങള്‍ക്ക് തുടങ്ങാനാകും, നിങ്ങളുടെ വിളമ്പ സ്വഭാവത്തെ കീഴടക്കുവാന്‍. കൂടുതല്‍ അറിയേണ്ടവര്‍ ലേഖകനുമായി ബന്ധപ്പെടുവാന്‍ മടിക്കേണ്ടതില്ല.  

Sunday, June 3, 2012

കുഞ്ഞോമനകള്‍ നനയാതെ പൊയ്ക്കോട്ടേ

കുഞ്ഞോമനകള്‍ പള്ളിക്കൂടങ്ങളിലേക്ക് 
പിച്ചവയ്ക്കാന്‍ ഒരുങ്ങിയത് 
മാനം അറിഞ്ഞെന്നു  തോന്നുന്നു. 
രാവില്‍ മഴ തുള്ളിയിട്ടു, 
വെളുത്തപ്പോള്‍ തോര്‍ന്നു, വെയിലുമായി..
ആദ്യ നാളെങ്കിലും അവര്‍ 
നനയാതെ പൊയ്ക്കോട്ടേ 
എന്ന് തോന്നിയിട്ടാകണം..

എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍