Thursday, June 21, 2012

പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം.

ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ..

പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും  മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി പലപ്പോഴും സാധാരണക്കാരില്‍ നിന്നും ലഭിക്കാറില്ല.

ഒരു പരിസ്ഥിതി ദിന പരിപാടിയില്‍ വച്ച് പരിസ്ഥിതി എന്നാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് മറുപടി പറഞ്ഞ ഒരു സ്കൂളിലെ പ്രൈമറി വിദ്യാര്‍ത്ഥികളോട്, എങ്കില്‍ നമ്മുടെ ചുറ്റുപാടും എന്ന് വച്ചാല്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ ചോദിക്കയുണ്ടായി. മരം, മണ്ണ്, മഴ, പുഴ, സൂര്യന്‍, വെയില്‍  എന്നിങ്ങനെ കുറെ സാധനങ്ങള്‍ എന്ന് ആ കുഞ്ഞുങ്ങള്‍ അവരുടെ അറിവ് നിരത്തി.. മരം ഒരു വസ്തുവാണെന്നും മഴയും പുഴയും വസ്തുക്കളല്ലെന്നും, മഴയിലും പുഴയിലും വെള്ളമാണ് പദാര്‍ത്ഥം എന്നും അത് മഴയും പുഴയുമാകുന്നത്, വെള്ളത്തിന്‌ ചില സവിശേഷ ധര്‍മ സ്വഭാവങ്ങള്‍ കൈവരുമ്പോള്‍ ആണെന്നും ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു പോയി. അന്തരീക്ഷം ചൂടാകുമ്പോള്‍, കാറ്റുണ്ടാകുമെന്നും, മണ്ണിന്റെ ചൂട് ഒരു പരിധിക്കപ്പുറം കൂടുമ്പോള്‍ മഴ പെയ്യുമെന്നും, മണ്ണ് ചെത്തിയിട്ടാല്‍ അത് മൂടുവാന്‍ വീണ്ടും ചെടി മുളയ്ക്കും എന്നും  അതൊക്കെ കൊണ്ട് തന്നെ, പരിസ്ഥിതിയ്ക്കും ഭൂമിക്കും, കാര്യങ്ങളെ ഗ്രഹിച്ചറിഞ്ഞു പെരുമാറാന്‍ കഴിയും എന്നും  വേണ്ടിടത്ത് വേണ്ടുന്ന മാറ്റങ്ങള്‍ ശക്തിയോടെ / ബലത്തോടെ നിര്‍വഹിക്കാന്‍ പരിസ്ഥിതിക്ക് കഴിയുമെന്നും ഒക്കെ  ഞങ്ങള്‍ പറഞ്ഞു വന്നു. ഇതെല്ലാം കൊണ്ട് തന്നെ പരിസ്ഥിതി (പ്രകൃതി) എന്നാല്‍ ഇവിടെ ഉള്ള പദാര്‍ത്ഥവും  (വസ്തുവും) അതിന്റെ സ്വഭാവ വിശേഷങ്ങളും അതിന്റെ ധര്‍മങ്ങളും, അവയുടെ തിരിച്ചറിവും, അവയുടെ ബലവും ഒക്കെ ചേര്‍ന്ന ഒരു മഹാ ജീവാല്‍ഭുതം (വാക്കിതായിരുന്നില്ല) ആണെന്ന് വരെ ഞങ്ങള്‍ പറഞ്ഞെത്തി.  

ചെറു ചോദ്യങ്ങളോടെ അവരെ ഞാന്‍ നയിച്ചിരുന്നുവെങ്കിലും, പറഞ്ഞതൊക്കെ ആ കുഞ്ഞുങ്ങള്‍ ആണ്. ഈ ലേഖകന്റെ പരിസ്ഥിതിക്ക് ജീവനുണ്ട് എന്ന ഒരു ലേഖനം പത്രത്തില്‍ വായിച്ച രണ്ടു പേര്‍ അവിടെ സദസ്സില്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ ആ സ്കൂളിലെ അദ്ധ്യാപകന്‍ തന്നെ ആയിരുന്നു. ആ ലേഖനത്തില്‍  പറഞ്ഞിരുന്നത് എന്തെന്നു അപ്പോഴാണ്‌ മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. അതെ കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാകുന്നത്‌ നമുക്ക് മനസ്സിലാകാതെ പോകുന്നു. 

എങ്കില്‍ ഈ പരിസ്ഥിതിയ്ക്ക് അകത്തും പുറത്തും ആയി പല തലങ്ങള്‍ ഉണ്ടെന്നും അവയില്‍ പ്രകടവും മുഖ്യവും ആയ അഞ്ചു വര്‍ഗങ്ങളെയും കൂടി പരിചയപ്പെടണമെന്നും   അവിടെ കൂട്ടിചെര്‍ക്കെണ്ടിയിരുന്നു. ഒരു വസ്തുവിന്റെ (സത്തയുടെ - "നാമും" എന്ന് പറയുന്നതിലെ "ഞാന്‍' എന്നതിന്റെ) ശരീരം, ജീവന്‍, മനസ്സ്, ബോധം,  ആരോഗ്യം എന്നിവ അതിന്റെ ആന്തരിക പരിസ്ഥിതിയും (ഒരു ജീവല്‍ സത്തയുടെ സുസ്ഥിതിയ്ക്ക് ആവശ്യമായ പ്രാഥമിക ആവശ്യം), വായു, വെള്ളം, മണ്ണ്, ചൂട്, ബയോ പ്ലാസ്മ എന്നിവ ബാഹ്യ പരിസ്ഥിതിയും (രണ്ടാം ആവശ്യം),  പ്രകൃതി വിഭവങ്ങള്‍, വനം, കൃഷി, വ്യവസായം, ധനം എന്നിവ സാമ്പത്തിക പരിസ്ഥിതിയും (മൂന്നാം ആവശ്യം)     സംസ്കാരം, വിദ്യാഭ്യാസം, ഭരണം, ചികിത്സ, വാണിജ്യം, നീതിന്യായം എന്ന് തുടങ്ങി ഒട്ടേറെ വരുന്ന ഒരു പട്ടിക സാമൂഹിക പരിസ്ഥിതിയും (നാലാം ആവശ്യം), ജ്ഞാനം, മൂല്യം, താളം, ഗുരുത്വം,അര്‍ത്ഥന എന്നിവ  പ്രഭാവ പരിസ്ഥിതിയും (അഞ്ചാം ആവശ്യം) ആകുന്നു. ഇപ്പറഞ്ഞ ക്രമവും ദത്തവും മുഴുവന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിയില്‍ ഉള്‍ക്കൊണ്ടു കാണില്ലെങ്കിലും അവര്‍ക്കത്‌ ഏറെക്കുറെ ബോദ്ധ്യമായിരുന്നു എന്ന് തോന്നി.. അത്രകണ്ട് ഉള്ളറിവുള്ളവര്‍ ആണ് നമ്മുടെ കുഞ്ഞുങ്ങള്‍. അപ്പോഴും ഇതൊന്നും നമ്മുടെ വിഷയമല്ല എന്ന് പറഞ്ഞിരുന്നു കണ്ടത് നമ്മുടെ ചില അദ്ധ്യാപകരെ ആയിരുന്നു. 

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം. അത് നാം ഊതിക്കെടുത്താതെ ഇരിക്കുക.. നാളത്തെ ലോകം അവരുടെ കയ്യിലാണ്. 

No comments:

Post a Comment