Thursday, March 29, 2012

സംഘം ജൈവമാകുക

പഴയ വൈദികത, മനുഷ്യന് ശരികളിലേക്ക് വിരല്‍ ചൂണ്ടാന്‍ വേണ്ടി ഉണ്ടായവയാണ്. (പിന്നീടവയുടെ വഴികളില്‍ വ്യതിയാനം ഉണ്ടായെങ്കിലും.) സൂക്ഷ്മ ബോധിതനായിരുന്ന അവനു സ്വായത്തമായിരുന്ന ചെറിയ യുക്തികളില്‍ നിന്നും വലിയ യുക്തികള്‍ ഉണ്ടാക്കി സ്വായത്തമാക്കുവാന്‍ ഉള്ള ശേഷി യുക്തികളില്‍ നിന്നും വലിയ യുക്തികളിലേക്കും,  യന്ത്രങ്ങളില്‍ നിന്നും വലിയ യന്ത്രങ്ങളിലേക്കും,  തന്ത്രങ്ങളില്‍ നിന്നും വലിയ  ന്ത്രങ്ങളിലേക്കും, സങ്കേതങ്ങളില്‍ നിന്നും  വലിയ  സങ്കേതങ്ങളിലേക്കും, യഥാഗതി ചെന്നെത്തിയപ്പോള്‍ സൂക്ഷ്മ ബോധങ്ങളെ അറിയാന്‍ പാകമല്ലാതെയായി.  ജീവനെ നിര്‍വചിക്കാന്‍ കഴിയാത്തവന്റെ നിസ്സഹായതയില്‍ യുക്തിയാല്‍ യന്ത്ര തന്ത്ര സങ്കേതങ്ങളെ നിര്‍വചിച്ചു സായൂജ്യമടയാനെ പൊതു ജനതയ്ക്ക് കഴിയുന്നുള്ളൂ.. പ്രത്യേകിച്ചും മലയാളിക്ക്..  

അതിനിടെ ഒരു സംഘം ജൈവമാകുക (Organic Organization) എന്ന ജൈവ യുക്തിയെ മനസ്സിലാകാതെ പോകുന്നതിനും വിശിഷ്ട കാരണങ്ങള്‍,  ഞാന്‍ ബോധത്തിന്റെ  കേവല സ്ഥലത്ത് നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയില്ല. ആരും പ്രകൃത്യാതീതരോ പ്രപഞ്ചാതീതാരോ അല്ല. എന്നാല്‍ സര്‍വത്ര സാങ്കേത ജടിലമാകുന്ന ഒരു ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയാതെ ഈ ജൈവ സംഘത്തിലെ തന്റെ  കേവല സ്ഥാനത്തെ വച്ചുപാസിക്കുന്ന മനുഷ്യന്, അവനില്‍ അതീതമാണെന്ന് പലതിനെയും അറിയുകയും, അത് പലതും തന്റെ ചോല്‍പ്പടിക്കല്ലാതതിനാല്‍ "പുളിച്ചതെന്നു" പ്രഖ്യാപിക്കയും ചെയ്യുക തന്നെ നിവൃത്തി.. 

കോശം ജൈവമാണെന്നതു      പോലെ ശരീരം ജൈവമാണ്‌, സമൂഹവും രാഷ്ട്രവും ഭൂമിയും പ്രപഞ്ചം തന്നെയും ജൈവമാണ്‌. അതിലെ തന്റേതായ പുരോ പ്രതി ധര്‍മങ്ങള്‍ അക്കാദമിയുടെ അളവുകോലാല്‍ മാത്രമേ അറിയാനാകൂ എന്ന അല്പജ്ഞാനം, നമ്മെ അന്ധരാക്കുന്നു. വിശിഷ്യാ കേരളത്തില്‍.. ഈ പുറം തിരിഞ്ഞു നില്പുപോലും, വിശ്വ പ്രേരിതമായ പ്രതി ധര്‍മം തന്നെ.. 

ജനം പ്രപഞ്ച വിശിഷ്ടതയ്ക്ക് മുഖ്യത്തം കല്പ്പിക്കണമെങ്കില്‍, അത് പരിഭാഷണം ചെയ്യുന്നവര്‍ ഇന്ദ്രജാലം കാണിക്കണം എന്നത് സമൂഹം എന്ന ജൈവ സങ്കേതം ഉണ്ടാക്കിയെടുത്ത ഒരു ലഘു നിയമം ആണ്. ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ ക്ലാസ്സില്‍ ഇന്ദ്രജാലത്തിനു പ്രാധാന്യം കാണില്ല (എനിക്കും നിങ്ങള്‍ക്കും..) അതില്ലാതെ  പ്രപഞ്ച വിശിഷ്ടതയ്ക്ക് മുഖ്യത്തം കല്പ്പിക്കണമെങ്കില്‍, അത് സ്വവിശിഷ്ടത കൊണ്ടാണ് കഴിയുക.. കഴിയട്ടെ.. 

Sunday, March 11, 2012

മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ?

മയൂട്ടിക് അദ്ധ്യാപനം.. അതില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കില്ല. അറിയല്‍
എന്ന പ്രക്രിയ നടക്കാനുള്ള പശ്ചാത്തലം, പഠിതാവില്‍ ഉണ്ടാക്കുകയാണ്
ചെയ്യുന്നത്. അദ്ധ്യാപകന്‍, വിദ്യാര്‍ഥിക്കു വേണ്ടുന്ന അന്വേഷണം
ഉണ്ടാകുവാനുള്ള പ്രാഥമിക പശ്ചാത്തലം, ആദ്യമേ ഉണ്ടാക്കി വയ്ക്കും. അത്
വഴി യാദൃശ്ചികമായെങ്കിലും വന്നു കയറുന്നവനില്‍ ചോദ്യമുണ്ടായാല്‍ അവരെ
ഉത്തരം കണ്ടെത്താന്‍ സഹായിക്കും. (അതൊരു പക്ഷെ മറു ചോദ്യം കൊണ്ടാകാം.)
അങ്ങിനെ ചോദ്യ ധാര ഉള്ളവര്‍ക്ക് ഉത്തര ധാരയും അതുവഴി ഉണ്ടാകും. ഉത്തരം
കിട്ടുന്നതിനു മുന്‍പോ ശേഷമോ താന്‍ അറിഞ്ഞു എന്ന് ധരിക്കുന്നവര്‍, അതോടെ
അറിവിന്റെ ഉന്നത പീഠത്തില്‍ രമിക്കുമ്പോള്‍, അത് ശ്ലാഖിച്ചു നല്‍കി,
അറിവിന്റെ അടുത്ത തുരുത്തുകളിലേക്ക് ഉത്തരങ്ങള്‍ നല്‍കിയപ്പോള്‍ ഉണ്ടായ
ചോദ്യങ്ങളുമായി മയൂട്ടിക് അദ്ധ്യാപകര്‍ നടന്നു കയറും. അത് കൊണ്ട് തന്നെ
മയൂടിക് അദ്ധ്യാപനത്തെ അദ്ധ്യാപനം എന്ന് തന്നെയാണോ വിളിക്കേണ്ടത് എന്നും
തര്‍ക്കമുണ്ട്. സ്ഥിതി വിവരങ്ങള്‍ മാത്രം അന്വേഷിക്കുന്നവര്‍ക്ക്
മയൂട്ടിക് രീതിയില്‍ നിന്നും അധികമൊന്നും കിട്ടില്ല. അറിയല്‍ അനുഭവമാണ്‌.
അനുഭവത്തെ മനസ്സിലാകാനുള്ള പരിഭാഷണങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവിടെ
യുക്തി വിചാരം വേണ്ടി വരുന്നത്. .

ഒളിമ്പസ് പറയുന്നത് പ്രപഞ്ച സംവിധാനത്തെ പറ്റിയാണ്. അത് പരിഭാഷണം
ചെയ്യപ്പെട്ടിട്ടുള്ളത് അനുഭവങ്ങളില്‍ നിന്നുമാണ്. ആരെയെങ്കിലും
എന്തെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുനത് മയൂട്ടിക് രീതിയിലുമാണ്.
അതിനാല്‍ തന്നെ യുക്തരായവര്‍ക്ക് ഇത് കിട്ടുക തന്നെ ചെയ്യും.

Friday, March 9, 2012

ബാഷ്പാഞ്ചലികള്‍

ശ്രീ ചെന്താമരാക്ഷന്‍, ( 55 വയസ്സ്) മുന്‍ സൈനികന്‍, എന്റെ അച്ഛന്റെ ഏറ്റവും ചെറിയ സഹോദരന്‍, ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അന്തരിച്ചു. സ്നേഹമയനായ ചെറിയച്ഛന്റെ എണ്ണിയാലൊടുങ്ങാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ചലികള്‍ അര്‍പ്പിക്കുന്നു.

Thursday, March 8, 2012

ബന്ധുത്വ മനനം

ബന്ധുത്വ മനനം

പ്രവര്‍ത്തകര്‍ക്കിടയിലും  ഗ്രാമീണര്‍ക്കിടയിലും, മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ  ശ്രീ പങ്കജാക്ഷക്കുറുപ്പ്,  ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ  കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി വലിയ മാറ്റങ്ങള്‍ക്കു വഴി വയ്ക്കും എന്ന് അനുഭവം. ഗുണകരമായി അനുഭവപ്പെടുന്നവര്‍, ഒന്ന് അറിയിക്കുമല്ലോ.. (9497628007)

വരൂ, 
നമുക്ക്, 
നമ്മുടെ അകത്തുള്ള ലോകത്തേക്ക്, 
നമ്മുടെ ആന്തരാകാശത്തിലേക്ക്, 
ഒന്ന് യാത്ര ചെയ്യാം.
നമ്മിലെ നന്മ തിന്മകളെ 
ഒന്നോര്‍ത്തു നോക്കാം.

പതിയെ, പതിയെ..

നമ്മുടെ രൂപമോന്നോര്‍ക്കാം, 
അതിനകത്തെ ജീവനെയും ഒന്നോര്‍ക്കാം, 
ആ ജീവന്റെ പ്രതിഫലനമാകുന്ന 
നമ്മുടെ വ്യക്തിത്വത്തെയും ഒന്നോര്‍ത്തു നോക്കാം
അതിലെ നന്മകള്‍ എത്ര, തിന്മകളെത്ര,
ഈ തിന്മകള്‍ നന്മകളായി ഭവിക്കണമെന്നു 
നമുക്കൊന്നാശിക്കാം.

ഇനി 
പതിയെ 
നമ്മുടെ അമ്മയച്ഛന്മാരെ, ഗുരുക്കന്മാരെ, 
സഹോദരങ്ങളെ, ഇണയെ, മക്കളെ, 
സുഹൃത്തുക്കളെ, ബന്ധുക്കളെ, ശിഷ്യരെ 
ഓരോരുത്തരെയായി ഓര്‍ക്കുക. 

ഇന്നത്തെ ദിനം വരെ 
നാം അവര്‍ക്കായി നല്‍കിയ 
സന്തോഷങ്ങള്‍ എത്ര, 
ദുഃഖങ്ങള്‍ എത്ര, 
അവരോടു തോന്നിയ 
കാരുണ്യം എത്ര.

നമ്മിലെ നന്മയും തിന്മയും 
ഇനിയെങ്കിലും 
അവരെയാരെയും നോവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് 
നമുക്കുറപ്പിക്കാം.

അതുപോലെ അവരോരുത്തരുടെയും 
നന്മകളും തിന്മകളും 
അവരുടെ തന്നെ ഭാഗമാണെന്നു കണ്ടറിയാനും, 
അവയ്ക്കതീതമായി അവരെ സ്നേഹിക്കാനും കഴിയണമെന്ന് 
നമുക്കാശിക്കാം.

പതിയെ, 
നമ്മുടെ അയല്പക്കക്കാരെ, പരിചയക്കാരെ, 
ഇടപാടുകാരെ, ഒക്കെയൊക്കെ ഓര്‍ക്കുക.

അവരുടെ 
നന്മകളെ സന്തോഷത്തോടു കൂടിയും, 
തിന്മകളെ ശാന്തതയോട് കൂടിയും 
മാത്രമേ ഉള്‍ക്കൊള്ളൂ എന്ന് 
മനസ്സിലുറപ്പിക്കാം.

നമ്മുടെ 
നോക്കോ, വാക്കോ, പ്രവര്‍ത്തിയോ, വസ്തുവോ, 
ഉപകരണമോ, വളര്‍ത്തു മൃഗമോ, വാഹനമോ, 
ഒന്ന് കൊണ്ടും അവര്‍ക്കാര്‍ക്കും 
ഒരു നോവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് 
നമുക്കുറപ്പിക്കാം.

അരികിലും വിദൂരതയിലും ഉള്ള 
സര്‍വ മനുഷ്യ  ജന്തു ജാലങ്ങളും 
നമ്മുടെ ബന്ധുക്കളാണെന്ന് നമുക്ക് തിരിച്ചറിയാം.

അവരില്‍ നിന്ന് വാങ്ങിയും അവര്‍ക്കുള്ളത് കൊടുത്തും, 
അന്യോന്യ ജീവിതം നയിച്ചും മാത്രമേ 
നമുക്കും തലമുറകള്‍ക്കും കഴിയാനാകൂ എന്നതും 
നമുക്ക് തിരിച്ചറിയാം, 

എല്ലാരും നമ്മുടെ ബന്ധുക്കളാണെന്ന  സത്യത്തെ 
നമുക്കംഗീകരിക്കാം.

ഇനി
ഭാവം വെടിഞ്ഞു, ശത്രുത  വെടിഞ്ഞു, 
അന്യത വെടിഞ്ഞു, ഭയം  വെടിഞ്ഞു, 
തിരികെ വരിക... 

ബോധത്തോടെ, സ്നേഹത്തോടെ, 
ബന്ധുത്വത്തോടെ, ധൈര്യത്തോടെ...

നമ്മുടെ  സാധാരണ ചിന്തകളിലേക്ക്, 
തുടര്‍ന്നുള്ള ജീവിതത്തിലേക്ക്..
പതിയെ, പതിയെ,

   

പണത്തെ ബഹുമാനിക്കേണ്ടതുണ്ടോ?

പണമെന്നതിനു കറന്‍സിയുടെ (പ്രോമിസറി) നോട്ട് എന്ന് മാത്രമല്ല അര്‍ത്ഥമെന്നു ഇന്ന് അത് കൈകാര്യം ചെയ്യുന്ന മിക്കവര്‍ക്കും അറിയാമെന്നു തോന്നുന്നു. കടലാസ്സിലായാലും, കണക്കിലായാലും, വാക്കിലായാലും, ഘനമുള്ള ഒരു പ്രവര്‍ത്തന ഊര്‍ജം ആണ് പണം എന്ന് പലര്‍ക്കും അറിയാമെന്നും തോന്നുന്നു. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാനും, സങ്കല്പിക്കുന്നവയെ മൂര്‍ത്തവത്കരിക്കാനും ഉള്ള മനുഷ്യന് മാത്രമുള്ള ആ ശേഷിയുടെ ഏറ്റവും മൂര്‍ത്ത വത്കൃത ഭാവനയാണ് പണം എന്ന സങ്കല്‍പം. പണം എന്നത് ഒരു ഭൌതിക വസ്തുവോ സംവിധാനമോ അല്ല. പണം എന്നത് ഭൌതികമായ വസ്തു - വസ്തുതാ - സംവിധാനങ്ങളുടെ ആധികാരമോ, ചാലകമോ ആയ ഒരു പ്രഭാവം ആണ്. അതായത്, നാം സ്വന്തമാക്കി വച്ചിട്ടുള്ള ഒന്നിനെയും, അതിന്റെ ഉടമസ്ഥാവകാശമോ  , സംഭരണ / സംരക്ഷണ ശേഷിയോ, വിനിമയ ഗുണമോ ഇല്ലാതെ, ധനം ആണെന്ന് പറയുക വയ്യ. കൈമുതലായുള്ള സ്വത്തിന്റെ എത്രയോ മടങ്ങ്‌ അതിന്റെ മുഖ വിലയായി കണക്കാക്കപ്പെടുന്നത് പോലും ഭൌതികമായ ഒന്നല്ല പണം എന്നത് കൊണ്ടാണ്. കൈവശ  മുതലുകള്‍ നില നില്‍ക്കണമെങ്കില്‍ / കൈകാര്യപരമാകണമെങ്കില്‍ അതിനു  ഭൌതികമല്ലാത്ത ചില രൂപ ഭാവങ്ങള്‍ കൈവരിക്കേണ്ടി വരും. അത് കൊണ്ടാണ് പണം എന്ത് ചെയ്യുന്നോ അതാണ്‌ പണം എന്ന് പറഞ്ഞു പോരുന്നത്. അതിനാല്‍ പണം പ്രഭാവ പരമാണ്.  

പ്രഭാവപരമായ ഒന്നിനെ തന്റെ പരിമിത ശേഷിയാല്‍ അളക്കാന്‍ കഴിയില്ലെന്ന വാസ്തവികതയ്ക്ക് മുന്നില്‍ മനുഷ്യന്‍ ഉണ്ടാക്കിയ മറ്റൊരു അമൂര്‍ത്ത മാനദണ്ഡമാണ് ബഹുമാനം എന്നത്. ഭൌതിക രൂപം എന്ന എകമാനമല്ലാത്തത് എന്നോ, ഈ ഒരു എകമാനത്തില്‍ അളക്കാന്‍ കഴിയാത്തത് എന്നോ ഒക്കെ ബഹുമാനം എന്ന ധര്‍മത്തെ നമുക്ക് മനസ്സിലാക്കാം. തഴക്കം എന്നതോ, ഗുരുത്വം എന്നതോ, പ്രായം എന്നതോ, പരിജ്ഞാനം എന്നതോ ഒക്കെ പ്രഭാവപരമായത് കൊണ്ടാണ്, സ്ഥാനങ്ങളെയും, പ്രായത്തേയും നാം ബഹുമാന രൂപത്തില്‍ കാണാന്‍ തുടങ്ങിയത്. ഗുരുക്കന്മാരോടും, മഹത്തുക്കളോടും ഒക്കെ നാം ബഹുമാനം "കാണിക്കാറുണ്ട്". നമ്മുടെ ഭൌതിക മാന ശേഷിയുടെ പരിമിതിയില്‍ പെടാത്തത് കൊണ്ട്, പ്രകൃതി ശക്തികളോടും അതിന്റെ മറ്റു മൂര്‍ത്ത വത്കൃത സങ്കല്പങ്ങലായ ഈശ്വര ബിംബങ്ങളോടും നാം ബഹുമാനം കാണിക്കുന്നു. (കാണിക്കുന്ന ഒരു ആചരണത്തിന് പിന്പില്‍ ശക്തമായ ചില സങ്കല്പനങ്ങള്‍ ഉണ്ടെന്നറിയാതെ ആണ് നാം പലതും "കാണിച്ചു" പോരുന്നത് എന്ന് മാത്രം)   

കാണിക്കപ്പെടുന്ന ബഹുമാനത്തെ തത്കാലം മാറ്റി വയ്ക്കുക. ഒരു വസ്തുവിന്റെ / വസ്തുതയുടെ  ഭൌതികമായ സ്ഥിതികത്വതെ കുറിച്ച് യുക്തി കൊണ്ട് വിശകലനം ചെയ്തു മനസ്സിലാക്കുമ്പോള്‍ നമുക്ക് പിടി കിട്ടുന്ന സമവാക്യങ്ങള്‍, പ്രഭാവപരമായ സ്ഥിതികത്വതെ മനസ്സിലാകാനും കൈകാര്യം ചെയ്യാനും പര്യാപ്തമായിരിക്കില്ല. ഒരു മാര്‍വാഡി പണത്തെ വല്ലാതെ ബഹുമാനത്തോടെ കാണുന്നതും, മറ്റു സാമൂഹിക കാര്യങ്ങളെ ബഹുമാനത്തോടെ അല്ലാതെ വീക്ഷിക്കുന്നതും ഒരു പൊതു കാഴ്ചയാണ്. ആ ബഹുമാനം, അയാളിലേക്ക്, "അധികമായ" ഭൌതിക അധ്വാനമില്ലാത്ത സമ്പത്തിന്റെ ഒഴുക്ക് സൃഷ്ട്ടിക്കും. ഭൌതികമായി മാത്രം പണത്തെ കാണുന്നവര്‍ക്ക് കഠിനാധ്വാനം വേണ്ടിവരും, പണത്തെ നേടാന്‍. 

പണം ബഹുമാനിക്കപ്പെടെണ്ട ഒന്നാണ്. എന്നാല്‍ ആ ബഹുമാനം കാണിക്കപ്പെടേണ്ടത് മാത്രമാണെന്ന് കരുതുന്നിടത് നമുക്ക് തെറ്റി തുടങ്ങും. ബഹുമാനം കാണിക്കുകയും അധ്വാനം മാത്രം മിച്ചമാകുകയും ചെയ്യുന്ന സാധാരണ സമൂഹത്തെ നാം കാണേണ്ടി വരുന്നതും ഇത് കൊണ്ട് തന്നെ. 

അതിനാല്‍, പണത്തെ ഭൌതികമായ ഒന്നാണെന്ന് കരുതാതിരിക്കുക. അത് പ്രഭാവപരമായ ഒന്നാണ്. അതിനെ എകമാനത്തില്‍ അറിയാന്‍ കഴിയില്ല. അത് ബഹുമാനിതമാണ്. അതിനെ പ്രഭാവമായി (ഭൌതികവാദികള്‍)/ ആത്മീയമായി (ആത്മീയവാദികള്‍) കാണുക, അറിയുക. അതിനാല്‍ തന്നെ ബഹുമാനിക്കുക, ആ ബഹുമാനം ചടങ്ങുകള്‍ ആക്കി മാത്രം ആചരിക്കാതിരിക്കുക.