Saturday, July 21, 2012

ഉപബോധ വിപ്ലവം വ്യക്തി ജീവിതത്തില്‍

Warning
തന്റെ ജീവിതത്തില്‍ സാരമായൊരു വ്യതിയാനം വരുത്തണം എന്നുള്ളവര്‍ക്ക് വേണ്ടിയാണീ ലേഖനം. അതല്ല, ഇതിങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് കരുതുന്നവര്‍ക്ക് ഈ ലേഖനത്തില്‍ നിന്നും ഒന്നും കിട്ടാനുണ്ടാകില്ല. മാത്രമല്ല സമയനഷ്ടവും ഫലം.  

ജീവിത വിജയത്തിന്റെ പാത
ജീവിതം നാം ഉദ്ദേശിക്കുന്ന രീതിയില്‍ ആകണം എന്ന് ആശിക്കുന്നവര്‍ ആണധികവും. ഇന്നലെകളില്‍ സംഭവിച്ചത് പോലെ അല്ലാതെ, മറ്റൊരു രീതിയില്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുകയും, എന്നാല്‍ അത് സാദ്ധ്യമാകണമെങ്കില്‍ മറ്റെന്തോ, എവിടെയോ ശരിയാകണമെന്നും നാം കരുതിപ്പോരുന്നു. ആ ശരിയാകേണ്ടുന്ന  ഒന്ന്, എന്തെന്നോ എവിടെയെന്നോ നമുക്ക്  ബോദ്ധ്യമാകാത്ത ഇടത്താണ്, നമ്മുടെ ആശയക്കുഴപ്പങ്ങള്‍ തുടങ്ങുന്നത്.  ശരിയാകേണ്ടുന്ന ആ ഒന്ന്, തനിക്കകത്തു തന്നെ ആണെന്ന് തിരിച്ചറിയുന്നവര്‍, വിജയത്തിന്റെ പാത കണ്ടു തുടങ്ങുന്നു. ആ ഒന്നിനെ ശരിയാക്കി എടുക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കയും, വേണ്ടത് ചെയ്യുകയും ചെയ്യുന്നവര്‍ വിജയിക്കുന്നു. അതറിയാതെ പോകുന്നവര്‍, ഒരിക്കല്‍ ആ ഒന്ന് എന്തെന്ന് തിരിച്ചറിയും വരെ, ഒരു പക്ഷെ ജീവിതാന്ത്യം വരെ, അതെന്തെന്നറിയാതെ, അങ്ങിനെ ഒന്ന് ഉണ്ടെന്നു പോലും അറിയാതെ ജീവിച്ചു പോകുക തന്നെ ചെയ്യുന്നു. അതെ, ഒരു കസ്തൂരി മാനിനെ പോലെ, നാം തേടുന്ന ആ ഒന്ന്, നമുക്കകത്തു തന്നെ ആണ്.  

ജീവികളും പ്രകൃതിയും
ജൈവ വ്യവസ്ഥകളുടെ അടിസ്ഥാന സ്വഭാവം ആണ്, സ്വയം പരിചരണം. ഈ പ്രപഞ്ചം തന്നെ, അത്തരത്തില്‍ ഒരു ജൈവ വ്യവസ്ഥ ആണ്. അതിന്റെ ഘടകങ്ങളാകുന്ന നമുക്കറിയാവുന്നതും അല്ലാത്തതുമായ എല്ലാം, ആ ജൈവ സംവിധാനത്തിന്റെ കോശങ്ങള്‍ തന്നെ..തനിക്കു വേണ്ടുന്ന എന്തും, (ആശയമോ, വസ്തുവോ, വസ്തുതയോ  എന്തും) തന്റെ ആന്തരിക - ബാഹ്യ പരിസ്ഥിതികളില്‍ നിന്നും എടുത്തു കൊണ്ടാണ് സ്വപരിചരണം ഒരു വ്യവസ്ഥ നടപ്പിലാക്കുക..  പ്രകൃതിയുടെ സമഗ്ര സംവിധാനത്തിന്റെ ഭാഗമാണ് താന്‍ എന്ന അവബോധത്തില്‍ നില കൊള്ളുന്ന ഒരു ജൈവ വ്യവസ്ഥയുടെ കയ്യെത്തും ദൂരത്ത്‌, ആ വ്യവസ്ഥയ്ക്ക് വേണ്ടതെന്തും, വേണ്ടുന്ന  സമയത്ത് എടുക്കാന്‍ പാകത്തില്‍ പ്രകൃതി വിന്യസിക്കും. ശരീരത്തില്‍ ചൊറിച്ചില്‍ വരുമ്പോള്‍ സ്വന്തം കൈ കൊണ്ട് ചൊറിഞ്ഞു കൊടുക്കുന്നത് പോലെ  ഉള്ള ഒരു തരം അനൈഛിക പ്രതികരണം (reflex) ആണത്. എന്നാല്‍ ഈ അനൈഛിക പ്രതികരണം ഉണ്ടാകണമെങ്കില്‍, ശരീരവും കയ്യും പോലെ, ആ വ്യവസ്ഥയും പ്രകൃതിയും ഒന്നായിരിക്കയോ, പരസ്പരം അനന്യ  ബന്ധിതങ്ങള്‍ ആയിരിക്കയോ  വേണം.

ഭാവിയുടെ ബ്ലൂപ്രിന്റ്‌
ജീവിതം എന്നത് ഭൂത വര്‍ത്തമാന ഭാവികളുടെ ഒരു ശ്രേണി ആണ്.  കാലത്തിന്റെ  (പ്രാപഞ്ചികമായ വികാസ ഗതിയുടെ) ഈ ത്രിഘട്ടങ്ങള്‍ പരസ്പര ബന്ധിതങ്ങള്‍ ആണെന്ന് നമുക്കറിയാം. കാരണത്തിനൊത്തു കാര്യം ഉണ്ടാകുന്നു എന്ന ഏകദിശാ ക്രമ രീതിയില്‍ മാത്രമല്ല കാലത്തിന്റെ വിതരണം. അത് കൊണ്ട് തന്നെ, കാരണമാകുന്നതിന്, കാര്യം കാരണമാകുന്നുണ്ട്. അങ്ങിനെയാണ് പ്രപഞ്ച വിന്യാസം.പ്രകൃതിയിലെ ഓരോ വ്യവസ്ഥയും (സ്വയം വിഛേദിച്ചാല്‍ അല്ലാതെ) പരസ്പരം അനന്യ ബന്ധിതങ്ങള്‍ ആണ്. ഒരു വ്യവസ്ഥ ആവശ്യപ്പെടുന്നത് നല്‍കാന്‍ മറ്റൊരോ വ്യവസ്ഥയും (കാലാതീതമായി) ബാദ്ധ്യസ്ഥമാണ്. (ഈ ഓരോ വ്യവസ്ഥകളുടെയും ബൃഹദ് സമാഹാരമായ ഒരു വന്‍ വ്യവസ്ഥയാണ്‌ പ്രകൃതിയെന്നു മനസ്സിലാക്കുക. ഓരോ വ്യവസ്ഥകളും പ്രകൃതിയുടെ ശരീര ഭാഗമാണെന്നു ചുരുക്കം) ഈ സംവിധാനത്തെ ബോദ്ധ്യമാകുന്ന, നിഷേധിക്കാത്ത വ്യവസ്ഥകള്‍ക്ക് പ്രകൃതിയുടെ ഈ വിന്യാസം പ്രയോജനപ്പെടും.  തന്റെ നാളെയെ പറ്റി വ്യാകുലപ്പെടാതെ ജീവിക്കുന്ന ഓരോ ജീവിയും, ഈ സംവിധാനത്തെ (ഇതിനെ ബുദ്ധിയുടെ വിഷയം ആക്കിയിട്ടില്ലെങ്കില്‍ പോലും) നിഷേധിക്കാത്തവയാണ്. അതിനാല്‍ തന്നെ നാളെ എന്നത് ആ സത്തയുടെ ആവശ്യത്തിനൊത്തു  സംഭവിക്കും.  അത്തരത്തില്‍ ഒരു നിര്‍ദിഷ്ട നിര്‍ദേശം (Programme) ആ സത്തയുടെ അകത്തു ആലേഖനം ചെയ്തിട്ടുണ്ടാകും പ്രകൃതി. (ഇന്നത്‌ ജനിതക മാപ്പിംഗ് എന്നും മറ്റും പേരിട്ടു പരിമിതപ്പെട്ടു കണ്ടെത്തി തുടങ്ങിയിട്ടുണ്ട്, ആധുനികമെന്നു വിളിക്കപ്പെടുന്ന ശാസ്ത്രം!!!)  ഈ ആലേഖിത നിര്‍ദ്ദേശങ്ങള്‍, ഒരു കെട്ടിടത്തിന്റെ മുന്‍ ഉരുവാക്കപ്പെട്ട പ്ലാന്‍ / ബ്ലൂ പ്രിന്റ്‌ പോലെ ആയിരിക്കുമെന്ന് പ്രാഥമികമായി മനസ്സിലാക്കാം.  എങ്ങിനെയാണോ ആ ബ്ല്ലൂപ്രിന്റു,  അങ്ങിനെയായി തീരും ആ ബ്ലൂ പ്രിന്റിന് ഉടമയായ വ്യവസ്ഥയുടെ ഭാവി.  

മനുഷ്യന്റെ ന്യൂന ബോദ്ധ്യം.
മനുഷ്യന്റെ കാര്യത്തില്‍, ഈ അനന്യ ബന്ധത്തെ കുറിച്ചുള്ള ബോദ്ധ്യത്തില്‍ ചില ന്യൂനതകള്‍ വന്നു ചേരുന്നുണ്ട്. ഈ ന്യൂന ബോദ്ധ്യം അവനെ പ്രകൃതിയുമായുള്ള അനന്യ ബന്ധത്തെ നിഷേധിക്കാന്‍ പോലും പ്രേരിപ്പിക്കുന്നു. പ്രകൃതിയുടെ  ധിഷണയേക്കാള്‍  മനുഷ്യന്റെ ധിഷണയാണ്  പ്രസക്തം എന്ന ബോദ്ധ്യം അവനില്‍ രൂഢമൂലമാകുന്നു. പ്രകൃതി വിന്യാസത്തെ നിഷേധിക്കുമ്പോള്‍  മേല്പറഞ്ഞ കാരണങ്ങള്‍  കൊണ്ട്  അവന്റെ ഭാവിയെ അവനു അദ്ധ്വാനിച്ചു നേടേണ്ടി വരുന്നു. ജീവിതത്തിന്റെ സൌഗമ്യ ഭാവം അവനു എന്നെന്നേക്കുമായി അന്യമാകുന്നു. മറു വശത്താകട്ടെ   ഈ ന്യൂനതകളെ യാദൃശ്ചികമായി അതിജീവിക്കുന്നവര്‍ ജീവിത വിജയം നേടുന്നു. ഈ രണ്ടു കൂട്ടരും തമ്മിലുള്ള ഘടനാ പരമായ അകലം കൂടുന്തോറും, വര്‍ഗങ്ങളും വര്‍ഗ സമരങ്ങളും ഉണ്ടാകുന്നു.. സാമൂഹ്യ ജീവനം കൂടുതല്‍ കലുഷിതമാകുന്നു ..

മനുഷ്യന്റെ ന്യൂന ബോദ്ധ്യത്തിന്റെ കാരണങ്ങള്‍
സംസ്കാരം, വിദ്യാഭ്യാസം, യുക്തി എന്നിവ ആണ് മേല്‍പ്പറഞ്ഞ ന്യൂന ബോദ്ധ്യത്തിനു കാരണമാകുന്നത്. ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്, മൂര്‍ത്ത രൂപങ്ങള്‍  ഇല്ലാതെ സങ്കല്പിക്കാനുള്ള ശേഷി ആണ്. അത് കൊണ്ട് തന്നെ പ്രകൃതിയുടെ വിന്യാസ സംവിധാനത്തെ അവന്‍ പൊതുവേ അറിയുക, അവബോധത്തേക്കാള്‍   യുക്തിയെ അധികമായി  ഉപജീവിച്ചു കൊണ്ടാണ്. ജനിച്ച കാലം മുതല്‍ പാരമ്പര്യത്തിനും, പരിഷ്കാരത്തിനും ഇടയില്‍ വളര്‍ച്ച പ്രാപിക്കുന്ന അവന്റെ പ്രകട വ്യക്തിത്വത്തെ പാകപ്പെടുത്തുന്നത് അവനെ ചുറ്റിയുള്ള  സംസ്കാരമാണ്. അതിനും അപ്പുറത്തേയ്ക്ക് കൂട്ടത്തിനോട് ചേര്‍ന്ന് നടന്നു കയറുവാന്‍ വേണ്ടിയുള്ള സാധാരണീകരണത്തിനായി  അവന്‍ ആശ്രയിക്കുന്നതാകട്ടെ വിദ്യാഭ്യാസത്തെയാണ്‌. ഈ ത്രികാരണങ്ങളെ (സംസ്കാരം, വിദ്യാഭ്യാസം, യുക്തി)  ഒരു പുനരെഴുത്ത് നടത്തിയാല്‍, നഷ്ടമായി നില്‍ക്കുന്ന അനന്യ ബന്ധത്തെ പുനഃസ്ഥാപിക്കാവുന്നതെ ഉള്ളൂ..

അനന്യ ബന്ധ ബോദ്ധ്യത്തിനുള്ള വഴികള്‍
ആവശ്യകതയെ കുറിച്ചുള്ള ബോദ്ധ്യവും, അനന്യ ബന്ധത്തെ കുറിച്ചുള്ള തിരിച്ചറിവും,  മാറ്റത്തിനുള്ള സന്നദ്ധതയും, മാറ്റത്തിലേക്കുള്ള  കര്‍മവും ആണ് അനന്യ ബന്ധ ബോദ്ധ്യത്തിന്റെ  പുനഃസ്ഥാപനത്തിന് അവശ്യമാകുന്നത്.  സാധാരണീകരിച്ചിട്ടുള്ള  ഒരു സംസ്കൃതിയില്‍ ജനിച്ചു വളര്‍ന്നിട്ടുള്ള സാധാരണക്കാര്‍ക്ക്, അനന്യ ബന്ധ ബോദ്ധ്യം ഉണ്ടാകുവാന്‍, അതിനെ വ്യക്തമായി അറിയുവാനുള്ള പ്രതി വിദ്യാഭ്യാസവും, അതുവഴി ആവര്‍ത്തിച്ചു നേടി എടുക്കേണ്ടുന്ന തിരിച്ചറിവും വേണ്ടി വരുന്നു. അതിനു വേണ്ടിയുള്ള പശ്ചാത്തലം  പൊതു സമൂഹത്തില്‍ പൊതുവേ ലഭ്യമല്ല. ജീവിത വിജയത്തെ പഠിപ്പിക്കുന്ന ഒരു പ്രത്യേക വ്യവസായ ശാഖ തന്നെ വന്‍ വിജയമായി നില കൊള്ളുന്നത്‌ അത് കൊണ്ടാണ്. എന്നാല്‍ പലപ്പോഴും ജീവിത വിജയം പഠിപ്പിക്കുന്ന മാനെജുമെന്ടു വ്യവസായത്തെക്കാളും പ്രചുരവും ജനപ്രിയവും സ്വീകാര്യവും ആയിരിക്കും ആത്മീയതയിലൂന്നിയ പരിശീലന സംവിധാനങ്ങളും സ്ഥാപനങ്ങളും..ഒരു സംസ്കാരം ആയി ഈ ചിന്താ പദ്ധതിയെ വളര്‍ത്തിയെടുക്കാന്‍,  ഉയര്‍ന്ന ആജ്ഞാ ശക്തിയും ആകര്‍ഷണവും കൂട്ടായ കര്‍മ പദ്ധതിയും ഉള്ള ഒരു ഗുരുത്വ സംവിധാനം നന്നേ വേണ്ടതുണ്ട്. (യുക്തിയില്‍ ചാലിച്ച ആത്മ വിശ്വാസവും പോസിടീവ് ചിന്തയും മാത്രം മതിയാകില്ല എന്നര്‍ത്ഥം). ഒരു പക്ഷെ (മതപര -മതാതീത) ആത്മീയ സ്ഥാപനങ്ങള്‍ക്ക് ജീവിത പരിഷ്കരണ പദ്ധതികളില്‍ വന്‍ പശ്ചാത്തലം ഒരുക്കുവാന്‍ കഴിയുന്നതും അത് കൊണ്ട് തന്നെ..

ജീവിത പരിഷ്കരണ സംവിധാനത്തിന്റെ അനാട്ടമി.
ഒരു ജീവിത പരിഷ്കരണ സംവിധാനത്തെ  സ്വായത്തമാക്കുവാന്‍ വേണ്ടിയാണല്ലോ നാം ഇത്രയും ചിന്തിച്ചെത്തിയത്. ഇനി അടുത്തതായി വേണ്ടത് ഈ സംവിധാനം നമ്മില്‍ പ്രവര്‍ത്തിക്കുന്ന രീതിയെ പറ്റിയുള്ള അറിവാണ്. അവബോധ പരമായ അറിവ് നമ്മെ അതാക്കി മാറ്റും. ഈ അറിവിനെ  ഒരു സ്ഥിതിവിവരമായി മാത്രം എടുക്കുന്നവര്‍ക്ക്, ഈ വിഷയത്തെ സ്വായത്തമാക്കാന്‍ കഴിയില്ല. ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗമാകണം. ജീവിതത്തിന്റെ ബോദ്ധ്യമാകണം. അവബോധം (Awareness in the form of Intuition) ആകണം. അതിനു  ആവര്‍ത്തിച്ചുള്ള പരിചയപ്പെടലും (ഇവിടെ  ആവര്‍ത്തിച്ചുള്ള വായനയും) നിരീക്ഷണവും പരിശീലനവും, പൂര്‍ണ ബോദ്ധ്യത്തോടെയുള്ള  അഭിവാഞ്ഛയും (ഗുരുത്വതോടുള്ള വിധേയത്വവും) ഉണ്ടാകണം. അതിനായി അവബോധത്തിലേക്കുള്ള  ആദ്യ പടി എന്ന നിലയില്‍ ഈ സംവിധാനത്തിന്റെ അനാട്ടമിയെ ഒന്ന് പരിചയപ്പെടുത്താന്‍ ശ്രമിക്കാം..

മനോ മാതൃക - Mental Paradigm 
മനസ്സിലാക്കുവാനുള്ള സൌകര്യത്തിനു, മനുഷ്യന്റെ മനസ്സിനെ ഒളിമ്പസ് ആറായി തിരിക്കുന്നു. അതില്‍ നമ്മുടെ ചിന്തയുടെ കേളീ നിലമായ ബോധമനസ്സിനെ ആണ് നമുക്ക് പരിചയമുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ബോധമനസ്സ് കൊണ്ടാണ്. ഭൂത ഭാവി വേര്‍ തിരിവുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ വര്‍ത്തമാന മനസ്സ്, അത് ഗ്രഹിച്ചെടുക്കുന്ന  ഏതൊരു വിഷയത്തെയും ഉപബോധ മനസ്സില്‍ സംഭരിച്ചിട്ടുള്ള സ്മൃതികളുമായി താരതമ്യം ചെയ്തു കൊണ്ടാണ് മനസ്സിലാക്കുന്നത്. മനസ്സിലാകുന്ന കാര്യങ്ങള്‍ ഏറെ പുതിയതും ഏറെ ചെറുതും ആയിരിക്കുമെങ്കിലും, പൂര്‍വ സ്മൃതികളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പഴയ അറിവിനെ ഒന്ന് കൂടി വ്യക്തമായി അറിഞ്ഞ വലിയ അറിവായാണ്  നമുക്ക് ബോദ്ധ്യമാകുക. എങ്കിലും, പുതിയതും ചെറുതുമായ അറിവിന്റെ ശകലത്തെ (അത് ശരി തന്നെ ആയിക്കൊള്ളണം എന്നില്ല) നമ്മുടെ ഉപ ബോധത്തില്‍ സ്മൃതി ആക്കി സംഭരിക്കയാണ് ചെയ്യുക. നമ്മുടെ ലോക വീക്ഷണം ഇത്തരത്തില്‍ ചെറുതായി സംഭരിച്ചു കൂട്ടുന്ന അറിവിന്റെ ശകലങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉരുവാകുന്നതാണ്. ഈ സംഭരിത ചിത്രം ആണ് അവനവനെ കുറിച്ച്, ലോകത്തെ കുറിച്ചും, വിഷയങ്ങളെ കുറിച്ചും നമുക്ക് ഒരു രൂപം നല്‍കുന്നത്. നമ്മിലെ നൈതികമോ ധാര്‍മികമോ, വിഷയപരമോ ആയ എന്തിനെയും നമുക്ക് ബോധമനസ്സില്‍, നാം എന്ന രൂപത്തില്‍ ബോദ്ധ്യപ്പെടുത്തുന്ന ഈ സംഭരിത ചിത്രം ആണ് നമ്മുടെ ബ്ലൂപ്രിന്റ്‌.. നമ്മുടെ പ്രപഞ്ച വീക്ഷണം ഇതായിരിക്കും. നമ്മുടെ വര്‍ത്തമാന കൃതങ്ങള്‍ ഇതിനനുസരിച്ചായിരിക്കും. നമ്മുടെ ഭാവി തീരുമാനിക്കുന്നതും ഈ ചിത്രമായുള്ള വീക്ഷണം ആയിരിക്കും.   ഇതാണ് നമ്മുടെ ആത്മ ചിത്രം. അതായത് തന്റെയും ലോകത്തിന്റെയും, വര്‍ത്തമാന ഭാവികളുടെയും രൂപത്തിന്റെ ഉപബോധ മനസ്സിലുള്ള മനോ വീക്ഷണ - വിതരണ  മാതൃക (മനോ മാതൃക - Mental Paradigm)..

മനോ മാതൃകയുടെ വിതരണം  
മനോമാതൃക (Mental Paradigm) എന്ന സംവിധാനം പ്രപഞ്ചത്തില്‍ എങ്ങും വിന്യസിക്കപ്പെട്ടിരിക്കുന്നു. എല്ലാ ജൈവ വ്യവസ്ഥകളും സംവിധാനങ്ങളും അവയുടെ മനോ മാതൃകയെ ആധാരമാക്കിയാണ് അവയുടെ ധര്‍മാനുഷ്ടാനം നടത്തുന്നത്. ഒരു കോശമോ, ജീവിയോ, കുടുംബമോ, കൂട്ടമോ, സമൂഹമോ, രാഷ്ട്രമോ ഒക്കെയും അങ്ങിനെ തന്നെ എന്ന് വ്യവസ്ഥാ നിയമം നമുക്ക് വ്യക്തമാക്കി തരുന്നു. ജീവിത  വഴിയില്‍ നടക്കുന്നത്, ഓരോന്നും മനോചിത്രത്തിനോടുള്ള പ്രകൃതിയുടെ പ്രതികരണമായിരിക്കും.  നിശ്ചല മാനസം ഉള്ള അജൈവ ഖര  വസ്തുക്കള്‍ പോലും അതിന്റെ നിശ്ചല മനോ മാതൃക പിന്തുടരുന്നു എന്ന് ഈ പഠനത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്..അത് കൊണ്ട് തന്നെ, നാം കാണുന്ന സര്‍വ വസ്തു വസ്തുതകളും, അത് ഭാഗമായിരിക്കുന്ന വ്യവസ്ഥയുടെ മനോ മാതൃക മൂലമായിരിക്കും. മനോ മാതൃകയാണ് നമ്മുടെ ശീലങ്ങള്‍ക്കു കാരണമാകുന്നത്. നമ്മുടെ പെരുമാറ്റം, ഇടപെടല്‍ രീതി , കൈകാര്യ ശേഷി എന്ന്  തുടങ്ങി ആരോഗ്യവും, ബന്ധങ്ങളും സമ്പന്നതയും വരെ ഈ മനോ മാതൃകയെ ആശ്രയിച്ചാണ് നില കൊള്ളുക. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ മനോ മാതൃകയാണ്, നമുക്കറിയാവുന്ന നാമും നമ്മുടെ ജീവിതവും, നമ്മുടെ ലോകവും.    

വീക്ഷണ / മനോ മാതൃകാ വ്യതിയാനം (Paradigm Shift)
മനോമാതൃക എന്നത് ആ ജൈവ സത്തയുടെ അടിസ്ഥാന പ്രമാണം ആയതിനാല്‍, മനോമാതൃകയുടെ ഘടനയില്‍ ഒരു സമൂല വ്യതിയാനം ആ സത്തയ്ക്ക് കണ്ണുമടച്ചു സ്വീകരിക്കാന്‍ ആകില്ല. സത്തയിലേയ്ക്ക് വ്യതിയാനങ്ങള്‍ വന്നു ചേരണമെങ്കില്‍ മനോ മാതൃക അതിനു യോജ്യവും യോഗ്യവും ആകണം. അതിനു വേണ്ടി, ഉപബോധ മനസ്സില്‍ ഉണ്ടാകേണ്ടുന്ന സാരമായ മാറ്റം ആണ് മനോ മാതൃകാ വ്യതിയാനം (Mental Paradigm Shift)... വീക്ഷണ / മനോ മാതൃകയെ (Paradigm) ശാസ്ത്രീയതയുടെയോ ജ്ഞാനീയതയുടെയോ വീക്ഷണ പദ്ധതിയുടെ വിതരണ മാതൃക (Distinct concepts or thought patterns in any scientific discipline or other epistemological context. - Wiki) എന്ന് വിക്കിയെ ആസ്പദിച്ചു വിശദീകരിക്കാം. തോമസ്‌  സാമുവല്‍ കൂന്‍ (Thomas Samuel Kuhn) എന്ന അമേരിക്കന്‍ ശാസ്ത്ര തത്വ ചിന്തകനാണ് മാതൃകാ വ്യതിയാനം എന്ന ആശയത്തെ ലോകത്തിനു ഒരു പ്രത്യേക ചിന്താ ധാര ആയി പരിചയപ്പെടുത്തിയത്. ഓരോ കാലഘട്ടത്തിലും ശാസ്ത്ര ലോകത്തുണ്ടായ സമൂല മാറ്റം, മുന്‍ വീക്ഷണം നിലനിന്നിരുന്ന ഒരു ശാസ്ത്ര വീക്ഷണ സമൂഹത്തിനുണ്ടായ വീക്ഷണ മാതൃകാ വ്യതിയാനം ആണെന്ന് വിലയിരുത്തപെട്ടു. (വിക്കിപീഡിയ Paradigm Shift എന്ന പദം നിങ്ങള്‍ക്ക് വിശദമായി പരിചയപ്പെടുത്തും) ശാസ്ത്ര ലോകത്തെ വിപ്ലവങ്ങള്‍ക്ക് അടിസ്ഥാനമായ വീക്ഷണ വ്യതിയാനം എന്ന് പരിചയപ്പെടുത്തപ്പെട്ട ഈ പ്രക്രിയ ഇന്ന് എല്ലാതരം വിപ്ലവങ്ങളുടെയും (വിപ്ലവം => സാരമായ വ്യവസ്ഥാ മാറ്റം) അടിസ്ഥാന സിദ്ധാന്തമായി കരുതപ്പെടുന്നു. ജൈവ വ്യവസ്ഥയുടെ ഉപ ബോധത്തില്‍ വരുന്ന സാരമായ വ്യവസ്ഥാ മാറ്റം എന്ന അര്‍ത്ഥത്തില്‍,  നമുക്കിതിനെ ഉപ ബോധ വിപ്ലവം എന്നും വിളിക്കാം..

മനോമാതൃകാ വ്യതിയാനം ഒരു നിരന്തര പ്രക്രിയ
ഒരു വ്യവസ്ഥയുടെ ജീവിത വഴിയില്‍ വന്നു ചേരുന്ന ഓരോ വഴി തിരിവുകളും മനോ മാതൃകാ വ്യതിയാനം മൂലമാണ് സംഭവിക്കുന്നത്‌. ഒരു അസുഖം വരുന്നതോ, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നതോ, അകാലത്ത്‌ മരണപ്പെടുന്നതോ പോലും മനോ മാതൃകാ വ്യതിയാനം മൂലമാണ്. അവ ഓരോന്നിന്റെയും അളവിലും, ഫലത്തിലും മാറ്റമുണ്ടാകുമെന്നു മാത്രം. മനോ വ്യതിയാനം, ഉയര്‍ന്ന ജീവി വര്‍ഗങ്ങളില്‍ ആണ് കൂടുതല്‍ അളവില്‍ സംഭവിക്കുക. ജന്മാവബോധം ഉള്ള ഒരു ജൈവ സത്ത, അതിനു നേര്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, അത് സാമൂഹ്യമായി പ്രേരിപ്പിക്കപ്പെട്ട മനോ വ്യതിയാനം മൂലമായിരിക്കും. അവിടെ നിന്നും നൈസര്‍ഗികമായ ഒരു പാതയിലേക്ക് തിരികെ പോകാനും മനോമാതൃകാ വ്യതിയാനത്തെ തന്നെയാകണം ഉപയോഗിക്കേണ്ടത്.. നമ്മുടെ ജീവിത വീക്ഷണത്തില്‍ വരുന്ന സമൂലമാറ്റം, ജീവിതത്തെ തന്നെ സമൂലമായി മാറ്റും എന്നതറിയുമ്പോള്‍  ഈ സങ്കേതത്തെ നാം അറിയാതെ സ്വീകരിച്ചു പോകും.

മനുഷ്യന്റെ ജീവിത വിജയത്തിന് മാതൃകാ വ്യതിയാനം
മനുഷ്യന്റെ ജീവിത വ്യതിയാനത്തിന് ഉപബോധത്തിന്റെ വഴി മാറ്റം തന്നെ ആണ് ഒരേ ഒരു വഴി. ശീലങ്ങളുടെ അതിയായ ഗുരുത്വതില്‍ നിന്നും രക്ഷ നേടി, ചിന്താ പദ്ധതിയിലും, പെരുമാറ്റത്തിലും, സംസ്കാരത്തിലും, ഭക്ഷണത്തിലും ഒക്കെ അടി മുടി മാറുവാനുള്ള ഒരു പരിശീലനം, എന്നാല്‍ വെറുതെ അങ്ങ് ചെയ്തു ഒപ്പിച്ചു കൊണ്ട് പോകുവാന്‍ കഴിയില്ല.  നമ്മുടെ വ്യക്തിത്തിന്റെ ഒരു പുനര്‍ജനി ആയി ആയി നാം ഈ വ്യതിയാനത്തെ കരുതേണ്ടിവരും. ഉപ ബോധ മനസ്സിന്റെ സമൂല അഴിച്ചു പണി വേണ്ടുന്നതിനാല്‍, ബോധ മനസ്സിന്റെ കേവല പരിശീലനങ്ങള്‍ കൊണ്ട് മതിയാകില്ല. നിരന്തര പ്രയോഗങ്ങള്‍ വഴി ബോധമനസ്സിന്റെ ശ്രദ്ധയെ പോലും നിരാകരിക്കുന്ന സബ്ലിമിനല്‍ സംവിധാനങ്ങളും മസ്തിഷ്ക പുനര്‍ലേഖനം ചെയ്യാനുള്ള അന്തര്‍ലേഖനവും, നാഡീ ഭാഷാ പ്രോഗ്രാമിങ്ങും, സത്സംഗവും, സദ്ഭാവനയും, സത്നിഷ്ഠയും,  ചെന്നെത്തേണ്ടുന്ന ഒരു ഭാവി സംവിധാനത്തെ, വര്‍ത്തമാന കാലത്ത് തന്നെ സ്വീകരിച്ചു നടപ്പില്‍ വരുത്തുന്ന  ജീവന ശൈലിയും ഒക്കെ കൊണ്ട് മുഖരിതമായിരിക്കും ഈ ഉപ ബോധ വിപ്ലവം. ഇപ്പറഞ്ഞതിലും  ഒക്കെ ഉപരിയായി, എന്താണ് ഈ ഉപബോധ വിപ്ലവം എന്ന ബോദ്ധ്യവും,അതിന്മേലുള്ള വിശ്വാസവും, ആ വിശ്വാസത്തിന്റെ (ജ്ഞാന ശാസ്ത്രം / Cognitive Science) ശാസ്ത്രത്തെ കുറിച്ചുള്ള ബോദ്ധ്യവും, അതിനു നാം ആധാരം കല്പിക്കുന്ന ഒരു ഗുരുത്വ കേന്ദ്രത്തെ കുറിച്ചുള്ള തിരിച്ചറിവും ഒക്കെ ആവശ്യമായി വരുന്നു..

എങ്ങിനെ തുടങ്ങാം 
എന്താണീ പ്രക്രിയ എന്ന് ഉറച്ചു ബോദ്ധ്യമാകുക ആണ് ആദ്യം വേണ്ടത്. ബോദ്ധ്യമായതിന്മേല്‍ പിന്നീടു സംശയങ്ങള്‍ ഉണ്ടാകാതിരിക്കുന്നത് വിശ്വാസത്തിന്റെ ശക്തി കൂട്ടും.  പിന്നീട് പരിശീലനങ്ങളിലേക്ക് കടക്കാം. പരിശീലനങ്ങള്‍ നിരന്തരം ആയിരിക്കണം. നിത്യേന കൃത്യ സമയത്ത് കര്‍മ കൃത്യതയോടെ ചെയ്യേണം..


തുടങ്ങുക ഇപ്പോള്‍ തന്നെ
അത്തരമൊരു ഉപബോധവിപ്ലവം തന്നില്‍ നടപ്പിലാക്കണം എന്നുള്ളവര്‍ അതിനുള്ള വഴികള്‍ ചുറ്റിലും തേടി തുടങ്ങുക. അത് നിങ്ങളുടെ ആവശ്യമെങ്കില്‍ നിങ്ങള്‍ അത് കണ്ടെത്തുക തന്നെ ചെയ്യും. അതിനു നിങ്ങള്‍ക്കുള്ള വഴി ഒളിമ്പസ്സാണെന്ന് കരുതി തുടങ്ങുന്നുണ്ടെങ്കില്‍  ഞങ്ങളോട്  പറഞ്ഞും അറിഞ്ഞും വന്നും ചെയ്തും തുടങ്ങുക.  ഒളിമ്പസ്സിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു തന്നെയുണ്ട്‌..

Friday, July 6, 2012

വിവാഹം ചെയ്യുന്നതില്‍ ഇണകളുടെ പരസ്പര പ്രായ വ്യതിയാനം പ്രസക്തമാണോ?

നമ്മുടെ കഴിഞ്ഞ കുറെ നാളായുള്ള രീതി അനുസരിച്ച്, പുരുഷന് പ്രായകൂടുതലാണ് പതിവ്. സ്ത്രീകള്‍ പൊതുവേ സമപ്രായത്തിലുള്ള പുരുഷനിലും കവിഞ്ഞു ആപേക്ഷിക പക്വത ഉള്ളവരായിരിക്കും. അതിനാല്‍ അങ്ങിനെ ചെയ്യുന്നതാണ് ഉത്തമം എന്ന് ഒരു വാദമുണ്ട്. എന്നാലും, പുരുഷ കേന്ദ്രിത കുടുംബ വ്യവസ്ഥയ്ക്ക്, പുരുഷന്റെ  പ്രായക്കൂടുതല്‍ ആണ് നന്നാകുക എന്നൊരു ഗൂഡ ലക്‌ഷ്യം ഇതിനില്ലേ? ഇണയെ മാതൃ ഭാവത്തിലും കാണുക എന്നൊരു ചിന്ത കൂടി ഉണ്ടെങ്കില്‍ സ്ത്രീ പ്രായം കൂടി ഇരിക്കുന്നത് തന്നെ ആകും നന്നാകുക. എന്തായാലം ഇനകലാകാന്‍, പ്രായമല്ല, മനോ രണ്ജിമ തന്നെ ആണ് വേണ്ടത്.. പിന്നെ വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടക്കുന്നു എന്ന വചനവും കൂടി ഓര്‍ക്കുക.

പണത്തിന്റെ പ്രസക്തി എന്താണ്

ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 
1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍?
2. പണം അവശ്യഘടകമാണോ?
3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ?
4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ?

ഒളിമ്പസ്സിനുള്ള ഉത്തരം = 
പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന രൂപത്തില്‍ തന്നെ ആയിക്കൊള്ളണം എന്നുമില്ല. പണം എന്ന വിനിമയ ഉപാധി പ്രസക്തമാകുന്നത് മനുഷ്യ കേന്ദ്രിതവും, മനുഷ്യ മാത്രവും ആയ ഒരു വിനിമയ പശ്ചാതലത്തിലാണ്. ഇന്ന് ലോക വിഭവങ്ങളെയും, നീതിയേയും ഉടമസ്ഥതയെയും, ഒക്കെ നിയന്ത്രിക്കുന്നത്‌, മനുഷ്യനാണ് എന്ന് മനുഷ്യ കേന്ദ്രിത രാഷ്ട്രീയ വീക്ഷണത്തില്‍ പറയാം. അതിനാല്‍ തന്നെ പണം, ഇഹലോക ജീവിതത്തിനു അത്യന്താപേക്ഷിതം ആണ്. 

ഒളിമ്പസ്സിന്റെ വ്യവസ്ഥാ നിയമമനുസരിച്ച്, ആദി മൂലം (പ്രാഥമിക വസ്തു) മുതല്‍ പ്രപഞ്ചം വരെയും വിതാനം ചെയ്തിരിക്കുന്നത് വ്യവസ്ഥകള്‍ ആയിട്ടാണ്. അവയില്‍ ഒരു പൂര്‍ണ ജൈവ സംവിധാനമായി നില കൊള്ളുന്ന ഓരോ അനന്യ മണ്ഡലങ്ങള്‍ക്കും (Domain) അവയുടേതായ സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും ഉണ്ടാകും. ഓരോരോ അനന്യ മണ്ഡലങ്ങള്‍ക്കും സമാനമായ ഇതര മണ്ഡലങ്ങള്‍ക്കും, സ്വന്തമായി   അവയുടേതായ സമാന സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും  ഉണ്ടായിരിക്കും. ഈ ക്രമം അനുസരിച്ച് രാഷ്ട്രം എന്നത് ഒരു സ്വതന്ത്ര അനന്യ മണ്ഡലം ആണ്. അതിന്റെ മുഖ്യ കാരക ഘടകങ്ങള്‍ മനുഷ്യരാണ്. (ഇതര ജീവികള്‍ക്ക് പൌരത്വം ഉള്ള രാഷ്ട്രങ്ങള്‍ ഈസോപ്പ് കഥകളിലെ കാണൂ.. അതുകൊണ്ട് തന്നെ, മന്‍ഷ്യന്‍, പ്രകൃതിയെ വേറിട്ട്‌ കാണുന്നു.) 

മനുഷ്യ കേന്ദ്രിത രാഷ്ട്ര സങ്കല്പത്തില്‍,  പ്രകൃതിയെയും അദ്ധ്വാനത്തെയും, വസ്തുക്കളെയും, ആശയങ്ങളെയും അറിവിനെയും, പ്രസിദ്ധിയേയും വരെ മനുഷ്യന്‍ അവനു യുക്തമായൊരു മൂല്യ മാനദണ്ഡത്തില്‍ കാണുന്നു. ആ മൂല്യത്തെ  പ്രതിനിധാനം ചെയ്യാന്‍  പണത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണത്തെ പ്രതിനിധാനം ചെയ്യാന്‍ നാണയങ്ങളെ ഉപയോഗിച്ച് തുടങ്ങുകയും, പിന്നീടവ  വാഗ്ദാനപത്രങ്ങളായും (Promissory Note), ഈ പണമായും വരെ ചെന്നെത്തിക്കഴിഞ്ഞു. 

വ്യവസ്ഥാനുസരണമുള്ള വിതരണ ക്രമത്തിലെ ഓരോ അനന്യ മണ്ഡലവും അവയവയുടെ സ്വതന്ത്രമായ നിയമ സംവിധാനങ്ങളോടെ (പ്രാഥമിക നിയമങ്ങള്‍ അഥവാ ലഘു നിയമങ്ങള്‍) മുന്‍പോട്ടു പോകുമെങ്കിലും  അവയെല്ലാം, ആ വ്യവസ്ഥയുടെ ഉപരി വ്യവസ്ഥയുടെ നിയമ സംവിധാനങ്ങള്‍ക്ക് (ദ്വിതീയ നിയമങ്ങള്‍ അഥവാ ഗുരു നിയമങ്ങള്‍) കീഴെ ആയിരിക്കും നില കൊള്ളുക. അത് കൊണ്ട് തന്നെ, പണം എന്ന മനുഷ്യ കേന്ദ്രിത വിനിമയ ഉപാധി, സമ്പത്ത് എന്ന പ്രകൃതി കേന്ദ്രിത വിനിമയ ഉപാധിയ്ക്ക് കീഴെ മാത്രം നില കൊള്ളുന്ന ഒന്നാണ്.

അപ്പോള്‍. പ്രകൃതി കേന്ദ്രിതമായ ഒരു മനുഷ്യ  ആവാസ വ്യവസ്ഥയില്‍ (ഉദാഹരണം : വനാന്തരങ്ങളിലെ ഗോത്ര ജീവിതം, ഇക്കോ വില്ലേജുകളിലെ നവ ഗോത്ര ജീവിതം തുടങ്ങിയ വ്യവസ്ഥകളില്‍), പണം എന്ന ഉപാധി ഇല്ലാതെ തന്നെ നമുക്ക് ജീവിക്കാന്‍ ആകും. എന്നാല്‍, മനുഷ്യ കേന്ദ്രിത വ്യവസ്ഥയില്‍ പണം ഒരു അവശ്യ ഘടകം തന്നെ. 
  
പിന്‍ കുറിപ്പ്..
ശരത്, പണമായാലും, സമ്പന്നതയായാലും, അത് സംഭരിക്കാന്‍, ഒരു സവിശേഷ ശൂന്യസ്ഥലം (Specific Vacuum) ആവശ്യമാണ്.  അതില്ലാത്തവയ്ക്ക് സമ്പന്നത, അന്യം തന്നെ..  സമ്പന്നതയ്ക്കുള്ള ഈ ശേഷി കൈവശമുള്ള ഒരു മനുഷ്യന്, പണമില്ലാതെയും ജീവിക്കാം, സമ്പന്നതയില്‍ തന്നെ.. ഒളിമ്പസ്സിന്റെ പണരഹിത ജീവിത പരീക്ഷണങ്ങള്‍, അത് തെളിയിച്ചിട്ടുള്ളതാണ്.. പണം സമ്പാദിക്കാതെയോ     കൈ കൊണ്ട് തൊടാതെയോ  തന്നെ ജീവിച്ച  കുറെ ഏറെ വര്‍ഷങ്ങളില്‍, ഞങ്ങളാരും പട്ടിണി കിടക്കുകയോ അന്തിച്ചിരിക്കേണ്ടി വരികയോ, ഭിക്ഷാടനത്തിന്  പോകുകയോ ചെയ്തിട്ടില്ല. സമ്പന്നതയുടെ മനോചിത്രം സ്വന്തമായുണ്ടെങ്കില്‍, പിന്നെ പണം വേണം എന്നില്ല. ജീവനം സുഗമമായി നടന്നു കൊള്ളും. കൂടുതലറിയാന്‍ ഒളിമ്പസ്സിലേക്ക് നേരില്‍ വരികയാകും അഭികാമ്യം ശരത്.. 

Sunday, July 1, 2012

ധ്യാനത്തിന് കണ്ണടച്ചിരിക്കല്‍ എന്ന് അര്‍ത്ഥമുണ്ടോ?

 ബോധ മനസ്സ് പേറുന്ന "അഹം" - ല്‍  നിന്നും അകത്തേക്കോ പുറത്തേക്കോ, നമ്മുടെ ജൈവോര്‍ജ കേന്ദ്രീകരണത്തെ (vital focus) മാറ്റുംപോഴൊക്കെ  ധ്യാനം സംഭവിക്കും. 

കാലം വരച്ചിട്ടതെങ്ങാണ്

കാലം വരച്ചിട്ടതെങ്ങാണ് 

പുതുമഴ പെയ്തതിന്‍ നറുമണം പൂക്കുന്ന,
തെങ്ങിളനീരിന്റെ മധുരം നുണയ്ക്കുന്ന.
മൃദുമര്‍മരങ്ങളായ്  ഈണം പകരുന്ന,
അരുണ മേഘങ്ങളിന്‍ വര്‍ണം വിതയ്ക്കുന്ന,
ശിശിര മേഘത്തിന്റെ കുളിര്‍കാറ്റടിക്കുന്ന, 
സായന്തനത്തിന്റെ കല്പനാ തീരത്ത്,
 
അണിയാതെ  അടരാതെ അറിയാതെ പറയാതെ
ഇടയാതെ ഇടറാതെ ഇറുകാതെ ഇഴയാതെ  
അറിവായി അഴകായി  അന്പിന്റെ നിറവായി,
അലയായി, മഴയായി, അലിയുന്ന നേരത്ത്,
അമൃതമായ് ഉള്ളത്തില്‍ അണിയിച്ചു നല്‍കിയ 
അമരമാം ജീവന്റെ കൊഴിയാത്ത കണ്ണിയെ

സ്വപനമായ്, മോഹമായ്, ഭാവനാ രൂപമായ്‌,
പ്രണയ സംചാലന ചിത്രമായ്‌, ഭാവമായ്,
തേടലായ്, സ്മേരമായ്, സ്നേഹത്തലോടലായ്
വേലിയായ്, വേലയായ്, വേദനാരൂപമായ് 
കാലം വരച്ചിട്ടതെങ്ങാണ് എന്നാണ് 
എന്തിനാണെന്നതും ഓര്‍ക്കുവാനാകുമോ?

                                        - സന്തോഷ്‌ ഒളിമ്പസ്