Wednesday, January 25, 2012

റിപ്പബ്ലിക് ദിനം


 
രാഷ്ട്രം, പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മദിനം. 
എല്ലാ വര്‍ഷവും ഈ ദിനം നാം അതോര്‍ക്കുന്നു. 
ഈ ദിനം മാത്രമേ നാം അതോര്‍ക്കാറുള്ളൂ..

ഒരു കൂട്ടം ശരീര കോശങ്ങള്‍ , ശരീര ധര്‍മങ്ങളില്‍ നിന്നും, 
ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍
എന്താകുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ.. 
ശരീരം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റും. 

അത് പോലെ തന്നെ പൌര ധര്‍മവും. 
പൌരര്‍ പൌര ധര്‍മം മറക്കുമ്പോള്‍,  
രാഷ്ട്ര ഗതി താളം തെറ്റുന്നു. 
നമ്മുടെ രാഷ്ട്ര താളം ശുദ്ധി ചെയ്യാനുണ്ട്. 
അത് മറ്റാരോ ചെയ്യേണ്ട ഒന്നല്ല, 
ഞാന്‍ എന്നില്‍ നിന്നും തുടങ്ങേണ്ടുന്ന ഒന്ന്..

                                                      - ഒളിമ്പസ്സ്


ഹീരാ രത്തന്‍ മനേകിന്റെ വിജയം

ഹീരാ രത്തന്‍ മനേകിന്റെ വിജയം ഒരു ചരിത്ര സംഭവം തന്നെ ആണ്.. സൂര്യോപാസന
നടത്തുന്ന മറ്റു ചില അവധൂതന്മാരും കേരളത്തില്‍ ഉണ്ട്.. എന്നൊക്കെ ആകിലും,
ഇതിലൊരു വര്‍ഗ സമരത്തിന്റെ ചുവയോടെ കാണേണ്ടതില്ല എന്നാണ് എന്റെ
അഭിപ്രായം. ഭരണ വര്‍ഗമായാലും, ദരിദ്ര വര്‍ഗമായാലും ഭക്ഷണം ഒരു വികാരമാണ്.
ആദര്‍ശത്തിന് വേണ്ടിയോ നിഷ്ഠ യ്ക്ക് വേണ്ടിയോ ചികല്സയ്ക്ക് വേണ്ടിയോ
ഒക്കെ ചിലര്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ പോലും ഭക്ഷണം ഒരു ദൌര്‍ബല്യം
തന്നെ. അതിനാല്‍ തന്നെ ആരും, സാധാരണ ഗതിയില്‍ ആ ശീലം മാറ്റാന്‍
താല്പര്യപ്പെടില്ല.. അത് കൊണ്ട് തന്നെ ഇത് വാര്‍ത്തകളില്‍ നിറയും
എന്നല്ലാതെ സമൂഹം സ്വീകരിക്കില്ല. സാത്വിക ഭക്ഷണം നല്ലത് എന്ന്
എത്രയൊക്കെ പ്രചാരണം ഉണ്ടെങ്കിലും അധികമാരും അത് പാലിക്കാത്തത്, ശീലത്തെ
മാറ്റാനുള്ള മടി കൊണ്ടാണ്.

ഭക്ഷണം ഉപേക്ഷിച്ചു ചിരകാലം ജീവിക്കുക എന്നത് ത്യാഗം ആണ് എന്ന്
പറയാമെങ്കിലും, പ്രകൃതി വിരുദ്ധമാണ്. അത് കൊണ്ട് തന്നെ അത് (ചിരോപവാസം)
വേണ്ടതില്ല എന്നാണ് ഒളിമ്പസിന്റെ നില. എന്നാല്‍ വാര്‍ദ്ധക്യത്തില്‍,
അത്തരമൊരു ഉപവാസം, ശാന്തമായ മരണത്തിനു വേണ്ടി ഉപയോഗിക്കുന്നതില്‍
തെറ്റില്ല.

സൂര്യോപാസന, നമുക്ക് ഊര്‍ജം പകരും എന്നത് ശരിതന്നെ. എന്നാല്‍, അത്
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, ഭക്ഷണത്തില്‍ നിന്നും നമുക്ക്
ലഭിക്കുന്ന ഊര്‍ജത്തിന് പകരം എന്ന നിലയില്‍ കാണുന്നതില്‍ ഒരു
ശരികേടുണ്ട്. ഭക്ഷണം ഒരു ഊര്‍ജ ചാലകമായി പ്രവര്‍ത്തിക്കുമെങ്കിലും,
ഭക്ഷണം പോഷകമാണ്.. അത് തന്നെയാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം, ശാരീരിക
നിര്‍മാണത്തിന് വേണ്ടുന്ന ഭൌതിക ഘടകങ്ങളെ പ്രദാനം ചെയ്യും. പക്ഷെ
ചിന്തയും ലൈംഗികതയും കഴിഞ്ഞാല്‍  ഏറ്റവും കൂടുതല്‍ ഊര്‍ജം
ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ ദഹന പ്രക്രിയയാണ്. ഭക്ഷണം
ഉപേക്ഷിക്കുമ്പോള്‍ നമുക്ക് ലാഭമാകുന്നത് ഈ നിരന്തര ഊര്‍ജ നഷ്ടമാണ്.
നമ്മുടെ ശരീരം തന്നെ, ഉയര്‍ന്ന ഊര്‍ജത്തിന്റെ സാന്ദ്രീകൃത രൂപമാണ്. അതിനെ
ചാലനം ചെയ്യാനുള്ള പൊട്ടന്‍ഷ്യല്‍ വ്യതിയാനം ആകട്ടെ, ശ്വസനത്തിലെ
അയോണീകൃത ഒക്സിജനില്‍ നിന്നും ആണ് സംഭരിക്കുന്നത്.  സൂര്യോപാസനയില്‍,
ശരീരത്തില്‍ നിലവിലുള്ള പോഷക ഘടകങ്ങളെ, പുനര്‍ ചംക്രമണം ചെയ്യാനുള്ള ശേഷി
ആര്‍ജിക്കയാണ്  ചെയ്യുന്നത്. സൂര്യോപാസന, നമ്മില്‍, ഈ പുനര്‍
ചംക്രമണത്തിനായുള്ള  ഊര്‍ജവും, പ്രതിഭാസ സ്വഭാവങ്ങളും ആര്‍ജിക്കുകയാണ്
ചെയ്യുന്നത്. അതില്‍ തെറ്റില്ല.. എന്നാല്‍ നിരന്തരമായി ചിരോപവാസം
ചെയ്യുമ്പോള്‍ നാം നമ്മുടെ സമഗ്ര ധര്‍മങ്ങളെ വെടിയുന്നു.

ഹീരാ രത്തന്‍ മനേക് അത് ചെയ്യട്ടെ. അത് നമുക്ക് പാഠം ആകട്ടെ, എന്നാല്‍
നിരന്തരമായി ആരും ചെയ്യാതിരിക്കുക. അത് സ്വധര്‍മങ്ങളെ തെറ്റിക്കും. അത്
കൂടുതല്‍ പേര്‍ (നിരന്തരം) ചെയ്‌താല്‍, പ്രകൃതിയുടെ താളം തെറ്റിക്കും.

ജീവിക്കുമ്പോള്‍ എല്ലാം അറിയുക, ചെയ്യുക, അതാണ്‌ പ്രകൃതിയുടെ താളം. എന്ന്
വച്ച്, ധര്‍മമല്ലാത്തതൊക്കെ  ചെയ്യുക എന്നല്ല. ധര്‍മമായതെല്ലാം ചെയ്യുക..

വരികള്‍ക്കിടെ വായിക്കുക.

ഡാര്‍വിന്‍ പറഞ്ഞത് മുഴുവനായും ഓര്‍ക്കുന്നില്ല.

ഡാര്‍വിന്‍ പറഞ്ഞത് മുഴുവനായും ഓര്‍ക്കുന്നില്ല. എങ്കിലും,
പരിണാമത്തിലൂടെ മാത്രമേ ജീവി വര്‍ഗങ്ങള്‍ ഉണ്ടാകൂ എന്ന് പറയുക വയ്യ.
അനുകൂല പരിസ്ഥിതിയില്‍, പുതുതായി നാമ്പെടുക്കുന്ന സൂക്ഷ്മ ജീവികള്‍
ഉണ്ട്. അവ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു. അതെ പോലെ പരിസ്ഥിതിയിലെ
മാറ്റത്താല്‍ അപ്രത്യക്ഷമാകുന്ന ജീവികളും ഉണ്ട്. അത് കൊണ്ട് തന്നെ ഒരു
ജീവി ഒരു ധാരയില്‍ മാത്രമായി പരിണമിച്ചുണ്ടാകുന്നതാണെന്ന്  കരുതിക്കൂടാ..
പരിണാമം, പ്രപഞ്ച വികാസത്തിന്റെതാണ്.. അത് സമഗ്രമാണ്.. അതോരോ ജീവിക്കും
മാത്രമാണെന്ന് കുറച്ചു കാണരുത്.

പറഞ്ഞു വന്നപ്പോള്‍ പറയാന്‍ തോന്നിയത്..

ഒരു നാള്‍ "അത് ഉണ്ടാകട്ടെ" എന്ന് ദൈവം പറഞ്ഞ കഥയും ഒരര്‍ത്ഥത്തില്‍ ശരി
തന്നെ. ഒരു ധര്‍മം നിവഹിക്കാനുള്ള കാര്യദര്‍ശികളെ പ്രകൃതി യഥോകാലം
ഉരുവാക്കും... അതിനു പ്രകടമോ, വ്യാഖ്യാനിക്കവുന്നതോ ആയ കാര്യ കാരണങ്ങള്‍
വേണമെന്നില്ല. ഈ ഒരു ആശയത്തെ, അന്നത്തെ മതം അങ്ങിനെ
പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ , അത് ശരിയുടെ പ്രതീകം ആണെന്ന് തന്നെ കരുതണം.
വരികളെ വരികളായി മാത്രം വായിക്കുന്ന ഇടത്താണ് പ്രശ്നം. വരികള്‍ക്കകത്തെ
വരികള്‍ നാം കണ്ടെത്തിയെ പറ്റൂ..

Tuesday, January 24, 2012

പട്ടിണി മാറും എന്ന സ്വപ്നത്തോടെ

റിപ്പബ്ലിക്കന്‍ ഇന്ത്യയെ കാണണം എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് കണ്ടു..

പട്ടിണി ഒരു രാഷ്ട്രീയ (രാഷ്ട്ര സംബന്ധി ആയ) പ്രശ്നമാണോ.. അതൊരു
സാംസ്കാരിക പ്രശ്നമാണ്.. ജനതയുടെ മനോ ചിത്രം സൃഷ്ട്ടിക്കുന്ന പ്രശ്നം.
നമുക്കൊരു സാംസ്കാരിക നവോദ്ധാനമാണ് ഉണ്ടാകേണ്ടത്.. അതിനുള്ള വഴികളാണ് നാം
കാണേണ്ടത്..

ഇവിടെ ഭക്ഷണമോ, സമ്പത്തോ ഇല്ലായ്കയല്ല, അതിലെ വിതരണ ക്രമമാണ് പ്രശ്നം.
ഒരു വ്യക്തിയുടെ ധനത്തെ ആകര്‍ഷിക്കുന്നത്  അയാളുടെ ആത്മചിത്രമാണ്.
നമ്മിലെ ദരിദ്ര  നാരായണന്മാര്‍ മനസ്സില്‍ പേറുന്ന തെറ്റായ ആത്മചിത്രമാണ്
ദാരിദ്ര്യത്തിന് കാരണം. ഇത് മാറ്റാനാകും...

അത് പ്രായോഗികമായി മനസ്സിലാക്കാന്‍ ഒരു നിരീക്ഷണം പറയാം. നിങ്ങള്‍ക്ക്
ഒരു സ്നേഹമയനായ പട്ടി / നായ  ഉണ്ടെന്നു "പുതുതായി" സങ്കല്‍പ്പിക്കുക.
കുറച്ചുനാള്‍ എപ്പോഴും അത് തന്നെ മനസ്സില്‍ ഭാവന ചെയ്യുക. ഒരു
പട്ടിക്കുഞ്ഞു നിങ്ങളെ തേടി വരും. നിങ്ങള്‍ അതിനെ അന്വേഷിക്കേണ്ടതില്ല.
(സങ്കല്പിക്കുമ്പോള്‍ എന്നോട് വിയോജിക്കാതെ ഇരിക്കുക. പരീക്ഷണാര്‍ത്ഥം
ചെയ്യാതിരിക്കുക. പ്രകൃതിയുടെ ഈ ആകര്‍ഷണത്തെ ഉറച്ചു വിശ്വസിക്കുക.) ഇത്
പ്രകൃതിയുടെ ആകര്‍ഷണ നിയമം ആണ്. ഗുരുത്വം പോലെ..

തനിക്കുള്ള ഭക്ഷണം പ്രകൃതി തനിക്കു വേണ്ടി കരുതിയിട്ടുണ്ടെന്നും,
വേണ്ടപ്പോള്‍ തനിക്കു കിട്ടുമെന്നും ഉള്ള, മനോചിത്രം (ഉപബോധ മനസ്സില്‍)
ഉണ്ടെങ്കില്‍, ഭക്ഷണം വേണമെന്നുള്ളപ്പോള്‍ മുന്നിലെത്തും. അതിനു പ്രത്യേക
ശ്രമമൊന്നും വേണ്ടതില്ല. അതിനായി യാചിക്കേണ്ടി വരും എന്ന
ചിത്രമുള്ളവര്‍ക്ക്, അത് ചെയ്തേ മതിയാകൂ.. യാചനയോ അദ്ധ്വാനമോ ഇല്ലാതെ അത്
വരും എന്ന മനോ ചിത്രം ഉള്ളവര്‍ക്ക് അത് സമയത്തിന് തേടി വരും. ഒരു
സര്‍ക്കാര്‍ ജോലി പോലെ..

അതിനാല്‍, മനോചിത്രം രൂപപ്പെടുത്തുക. അവനവനു വേണ്ടുന്ന  എന്തും,
അതെനിക്ക് വന്നു ചേരും എന്ന ഉത്തമ ബോദ്ധ്യത്തെ ആശ്രയിച്ചാണ്.. അതൊരു
സംസ്കാരമാകണം.. പട്ടിണി ഇല്ലായ്മ എന്നല്ല, ഒരു മൊട്ടു സൂചി പോലും നമുക്ക്
വേണമെങ്കില്‍, അങ്ങിനെയേ നമ്മിലെക്കെത്തൂ.

(ഒളിമ്പസ് പഠിപ്പിക്കുന്നതും അത് തന്നെ..)

കൂടുതലറിയാന്‍ https://www.facebook.com/groups/olympussdarsanam/

Sunday, January 22, 2012

രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടിയാല്‍ എന്താ ച്ചെയുക ..

രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടിയാല്‍ എന്താ ച്ചെയുക .. സന്തോഷ്‌ ചേട്ടാ.. അത് നിയന്ത്രിക്കാന്‍ എന്തെങ്ങിലും ആയുര്‍വേദത്തില്‍ മരുന്ന് ഉണ്ടോ ? 

ആയുര്‍വേദ മരുന്നകളെ പറ്റി ആധികാരികമായി പറയാന്‍ എനിക്ക് കഴിയില്ല. 

ഓര്‍ത്തോപതി അനുസരിച്ച് പ്രാണായാമം ഗുണം ചെയ്യും. നിത്യവും രാവിലെയും വൈകിട്ടും പ്രാണായാമം ചെയ്യുക. മലിനീകരിക്കപ്പെട്ടതോ  ശീതീകരിക്കപ്പെട്ടതോ  ആയ അന്തരീക്ഷത്തില്‍  നിന്നും പരമാവധി വിട്ടു നില്‍ക്കുക.. സമശീതോഷ്ണമുള്ള നാടുകളില്‍, രാവിലെ സൂര്യോപാസന ചെയ്യുന്നതും നല്ലത്. മനസ്സ് നിര്‍മലമാക്കാന്‍, ധ്യാനിക്കുന്നതും നല്ലത്..  കുളി സോപ്പുകള്‍ക്ക് പകരം ഉരുളം കല്ലുകള്‍ ഉപയോഗിക്കാം.  

അരുവികളിലെ വെള്ളം കുടിക്കുന്നത് വളരെ നന്ന്. മണ്‍  കുടത്തില്‍ സൂക്ഷിച്ച കിണറ്റു വെള്ളവും കൊള്ളാം. സംസം / ഗംഗ എന്നിവയുടെ ഉറവിടത്തിലെ വെള്ളവും നല്ലത് തന്നെ. ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഒഴിവാക്കുകയാണ് വേണ്ടത്. പമ്പ് ചെയ്യപ്പെട്ട വെള്ള മെങ്കില്‍ കുറച്ചു നേരം ആറ്റിയിട്ടു കുടിക്കുക. 

തവിടുള്ള അരിക്കഞ്ഞി (ജൈവ അരി എങ്കില്‍ ഏറെ നന്ന്) ശീലമാക്കുക. ഇലക്കറികളും (സുക്കുരുമാണി - ഇംഗ്ലീഷ് ചീര) ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. 

ഇതൊക്കെ ഗള്‍ഫില്‍ എങ്ങിനെ സാധ്യമാകും എന്ന് എനിക്കറിയില്ല. സാധ്യമാകും വരെ ചെയ്യുക, ബാക്കി നാട്ടില്‍ വന്നിട്ട്..



Wednesday, January 18, 2012

ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം..

ജീവിത വിജയത്തിനും സൌഖ്യത്തിനും സുസ്ഥിതിക്കും ആയി ഒളിമ്പസ്
പഠിപ്പിക്കുന്ന പ്രകൃതി ധ്യാന പരിപാടിയെ പറ്റി പലരും ചോദിച്ചിരുന്നു.
ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം എന്നൊരു നോട്ട് ആയി
പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ (മാതം) വായിക്കുക.

https://www.facebook.com/note.php?note_id=297901406924473

ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം..

വല്ലാത്ത തിരക്കുകളിലാണ് എല്ലാരും. അതിസമ്മര്‍ദ്ദം ഉണ്ടായിരുന്നാലും തിരക്കുകളിലൂടെ കടന്നു പോയെ പറ്റൂ എന്ന അവസ്ഥ. എങ്കിലും ഒരു ദിനം, നന്നായി തുടങ്ങിയാല്‍, അന്ന് മുഴുവനും നന്നായി തുടരാം. ജീവന ക്രമത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.. 

ഇത് ഒളിമ്പസ്സിന്റെ ജീവിത ശൈലി പാലിക്കുവാന്‍ താല്പര്യപെട്ടിട്ടുള്ള എന്റെ ശിഷ്യര്‍ക്ക് വേണ്ടി തയാറാക്കിയ ആത്മീയ സാധനകളാണ്..  എങ്കിലും ഇവ വേണമെന്നുള്ള, പ്രകൃതിയെ തന്റെ നിയന്ത്രണ സംവിധാനമായി മനസ്സിലാക്കുന്ന, ആര്‍ക്കും ഉപയോഗിക്കാം. ഇവയെല്ലാം, നമ്മുടെ മുന്‍ ഗുരുക്കന്മാര്‍, എല്ലാ നാടുകളിലും ഉപയോഗിച്ച് വന്ന നിഷ്ഠകള്‍ ആണ്. പിന്നെ ഒളിമ്പസ്സിന്റെതായ ചില കൂട്ടിച്ചേര്‍ക്കലുകളും.  മിക്കവാറും എല്ലാ മതങ്ങളിലും, ആത്മീയ സാധനകളിലും, പ്രകൃത്യുപാസനകളിലും,  ഇതിനോട് സാദൃശ്യമുള്ള നിഷ്ഠകള്‍ കാണും.  ഇവയ്ക്കുള്ള ശാസ്ത്രീയ അടിത്തറകള്‍, ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തില്‍  നിന്നും നേരിട്ട് പഠിക്കാന്‍ ആകും. ഇവയ്ക്കും അപ്പുറത്തുള്ള  സാധനകള്‍ ഗുരുമുഖങ്ങളില്‍ നിന്നും മാത്രമേ പഠിക്കാവൂ..  (അത് ഒളിമ്പസ്സില്‍ നിന്നും തന്നെ വേണം എന്നില്ല എന്ന് കൂടി അര്‍ത്ഥം) 

ഇതൊന്നും ആവശ്യമില്ലാത്തവര്‍, ദയവായി, ഇത് കണ്ടില്ലെന്നു വയ്ക്കുക. ആവശ്യമുള്ളവര്‍ മാത്രം വായിച്ചോട്ടെ..

ആമുഖം
  • ഒരു മാറ്റം സ്വജീവിതത്തില്‍ വേണം എന്ന ഒരു ഉറച്ച തീരുമാനം ആദ്യമേ എടുക്കുക.  അതില്‍ നിന്നും വ്യതിചലിക്കാതിരിക്കുക. 
  • (അതല്ലാത്തവര്‍ ഒരു പത്രം വായിക്കുന്ന ലാഘവത്വത്തോടെ വായിച്ചു പോകുക. ഹ ഹ ഹ)
  • രാവിലെ അര മണിക്കൂര്‍ നേരത്തെ ഉണരുക. ചില പ്രത്യേക പ്രഭാത കര്‍മങ്ങള്‍ക്കായി...
പ്രാരംഭം 
  • ഉണര്‍ന്നു കണ്ണടച്ച് കിടന്നു, കിടക്കയും, തലയിണയും, തന്റെ വസ്ത്രവും, ഒക്കെയൊക്കെ ശരീരവുമായി സ്പര്‍ശിച്ചു കൊണ്ട് നില്‍ക്കുന്ന അനുഭവത്തെ അറിയുക.
  • വലതു വശം ചരിഞ്ഞു എഴുന്നേല്‍ക്കുക. 
പ്രഭാതവന്ദനം (ഇരുപതു മിനിട്ട്)
  • വടക്കോട്ട്‌ നോക്കി വജ്രാസനത്തില്‍ ഇരിക്കുക.
  • നാഡിശുദ്ധി പ്രാണായാമം ചെയ്യുക. 
  • നാസിക കൊണ്ടല്ലാതെ ശ്വാസകോശം വികസിപ്പിച്ചു കൊണ്ട് (കഴുത്തിന്‌ താഴെ ചെറു ബലം കൊടുത്തു) ശ്വാസം വളരെ പതിയെ എടുക്കുക, ശ്വാസം എടുത്തതിന്റെ ഏതാണ്ട് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. ഇത് ഈ പ്രഭാത വന്ദന പ്രക്രിയ കഴിയുവോളം തുടരുക., 
  • നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പൈതലിനെ കാണുമ്പോള്‍ നിങ്ങളുടെ മുഖത്തു വിരിയുന്ന ഒരു പുഞ്ചിരി മുഖത്ത് കൊണ്ട് വരിക. പ്രഭാതവന്ദനം കഴിയുവോളം ആ ഭാവം തുടരുക.. മനസ്സിലും ശരീര രോമ കൂപങ്ങളിലും ആ വികാരം നിറയട്ടെ..   
  • ചുറ്റുപാടുമുള്ള ഊഷ്മാവും, കാറ്റും, ശബ്ദങ്ങളും, കളകൂജനങ്ങളും, മനസ്സിലേക്ക് എടുക്കുക.
  • ലോകത്ത് ഉള്ള സര്‍വ ജീവജാലങ്ങളും തന്റെ ബന്ധുക്കളാണെന്ന് ബോധ്യമാക്കുന്ന "ബന്ധുത്വമനനം" പോലുള്ള ആത്മ നിര്‍ദ്ദേശങ്ങള്‍ ഓര്‍മയില്‍ നിന്നും കേള്‍ക്കുക.
  • തന്റെ ശരീരത്തിന്റെ പാദം മുതല്‍ ശിരസ്സ്‌ വരെ മനസ്സ് കൊണ്ട് ഉഴിയുക. 
  • ഇരു ചെവികളിലും കൈകള്‍ വച്ചു കൊണ്ട്, താനിന്നോളം ചെയ്ത തെറ്റുകള്‍ക്കെല്ലാം മനസ്സ് കൊണ്ട് പശ്ചാത്തപിക്കുക, മാപ്പിരക്കുക. (ആദ്യമൊക്കെ ഇതിനു സമയമെടുത്തേക്കാം.. പിന്നീട് നിമിഷങ്ങള്‍ മാത്രം മതിയാകും..)
  • നാഭിക്കു താഴെ  രണ്ടു കയ്യും വച്ച് കൊണ്ട്, താന്‍ തന്നിലും, അപരനിലും കുറ്റം കാണാത്തവനും നിര്‍മലനും ആണെന്നും എല്ലാര്‍ക്കും മാപ്പ് നല്‍കുന്നു എന്നും ഉറച്ചു കരുതുക.  
  • നാഭിയില്‍  രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ആരോഗ്യവും സമ്പത്തും ആയുസ്സും ഉള്ളവനാണെന്ന് ഉറച്ചു കരുതുക.
  • വാരിയെല്ലിനു താഴെ മദ്ധ്യഭാഗത്ത്  രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ഗുരുത്വമുള്ളവനും വിജയിയും ആണെന്ന് ഉറച്ചു കരുതുക.
  • ഹൃദയ ഭാഗത്തിന് മുകളില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, തന്റെ നില നില്പിനും, ഇന്നോളം നേടിയ സര്‍വതിനും ഈ പ്രപഞ്ച സംവിധാനത്തോടും അതിന്റെ പ്രതിരൂപമായി മുന്നിലെത്തുന്ന, സമസ്ത വസ്തു - വ്യക്തി - ജീവ ജാലങ്ങളോടും, കൃതജ്ഞത രേഖപ്പെടുത്തുക. 
  • കഴുത്തില്‍ മുന്‍പിലും പിറകിലുമായി കൈകള്‍ വച്ചു കൊണ്ട്, താന്‍ കരുണനും, ധര്‍മിഷ്ഠനും (സ്വധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവനും) ഏവര്‍ക്കും നന്മ നല്‍കുന്നവനും ആണെന്ന് ഉറച്ചു കരുതുക.
  • നെറ്റിയില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ക്ഷമാലു  ആണെന്നും,  പ്രപഞ്ചം ഒരുക്കുന്ന എന്ത് സംവിധാനത്തെയും യുക്തിയുടെ കലര്‍പ്പില്ലാതെ സ്വീകരിക്കുന്നുവെന്നും ഉറപ്പിച്ചു കരുതുക.
  • മൂര്‍ദ്ധാവില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ പ്രപഞ്ച സൂക്ഷ്മമാനെന്നും, പ്രപഞ്ച ഊര്‍ജം നിരന്തരം തന്നിലേക്ക് ചാലനം ചെയ്യുന്നവനും  ആണെന്ന് ഉറച്ചു കരുതുക.
  • കൈകള്‍ രണ്ടും കാല്‍മുട്ടില്‍ തിരികെ വയ്ക്കുക.
  • നട്ടെല്ലിന്റെ താഴെ മുതല്‍ മൂര്‍ദ്ധാവു വരെ നട്ടെല്ലിലൂടെ ശക്തമായി മനസ്സ് കൊണ്ട് ഉഴിയുക.
  • ഉഴിയുന്നതിനൊടുവില്‍ മൂര്‍ദ്ധാവിനു മുകളിലേക്ക് അനന്തമായ ഒരു ബിന്ദുവിലേക്ക് ശക്തമായി മനസ്സിനെ കൊണ്ട് പോയി, അവിടെ നിന്നും, ശക്തമായ പ്രപഞ്ച ഊര്‍ജം തന്നില്‍ വന്നു നിറയുന്നതായി ശക്തമായി കരുതുക.
  • ഏതാണ്ട് മൂന്നു മിനിട്ട് അതെ നിലയില്‍ തുടരുക.
  • പിന്നീട്, കൈകള്‍ രണ്ടു നെഞ്ചില്‍ ചേര്‍ത്ത് വച്ച്, തന്റെ സ്വത്വത്തെ  നമിക്കുന്നതായി കരുതുക. 
  • പതിയെ കാലുകള്‍ക്ക് ഇരുവശത്തും ആയി കൈകള്‍ ഭൂമിയില്‍ വച്ച് കുനിഞ്ഞു ശിരസ്സ്‌ ഭൂമിയില്‍ മുട്ടിച്ചു, ഭൂമിയെ നമിക്കുന്നതായി കരുതുക. 
  • പതിയെ കൈകള്‍ മാറ്റാതെ നിവര്‍ന്നു ശിരസ്സ്‌ മുകളിലേക്ക് നിവര്‍ത്തി (45 ഡിഗ്രീ മാത്രം) മുന്‍പ് ശ്രദ്ധിച്ച  അനന്തതയിലെ പ്രപഞ്ച ബിന്ദുവിനെ നമിക്കുന്നതായി കരുതുക.
  • പതിയെ തിരികെ വരിക. കണ്ണും, ചെവിയും, നെറ്റിയും കഴുത്തും തടവി പാദം വരെ കൊണ്ട് പോകുക. 
  • മുന്‍ തയ്യാറാക്കി വച്ചിട്ടുള്ള ഗോള്‍കാര്‍ഡിലെ ലക്ഷ്യ സ്വപ്നങ്ങളെ  മനസ്സില്‍ ചിത്രീകരിക്കുക.
  • ആ ചിത്രീകരണത്തിലെ ബിംബങ്ങളെ ദൃശ്യ - ശ്രാവ്യ - സ്പര്‍ശ - ഗന്ധ - രസ രൂപങ്ങളായി നേരില്‍ അനുഭവിക്കുന്നതായി സങ്കല്‍പ്പിക്കുക.   
  • പതിയെ കണ്ണ് തുറക്കുക. ഒരു മിനിട്ട് കഴിഞ്ഞു എഴുന്നേല്‍ക്കുക.  
അന്തര്‍ലേഖനം (Intro -Scripting )
  • ശരിയാം വിധം ശ്വാസോച്ച്വാസം ചെയ്തു കൊണ്ട്, നിര്‍മലമായി പുഞ്ചിരിച്ചു കൊണ്ട് ശാന്തമായി ഒരു മേശയ്ക്കു മുന്നില്‍ ഇരിക്കുക.
  • ഗോള്‍കാര്‍ഡു എടുത്തു ഒരു തവണ വായിക്കുക.
  • അന്തര്‍ ലേഖനത്തിനായി സൂക്ഷിച്ചിട്ടുള്ള പുസ്തകം എടുത്തു, ഇന്നലെ (വരെ) ഉണ്ടായ നേട്ടങ്ങളും പോരായ്മകളും കുറിച്ചിടുക..  
  • ആയുഷ്കാലം, അടുത്ത പത്ത് വര്‍ഷം, ഈ വര്‍ഷം, ഈ മാസം, ഈ വാരം, ഈ ദിവസം എന്നീ  ക്രമത്തില്‍ കൈ വരിക്കേണ്ട ലക്ഷ്യങ്ങളും അതിനായി ചെയ്യേണ്ടുന്ന കര്‍മ പദ്ധതിയും ക്രമമായി ചുരുക്കി സൂചനകളായി കുറിച്ചിടുക.
  • ഗോള്‍ കാര്‍ഡിലെ ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ അഞ്ചു രേഖാ ചിത്രങ്ങള്‍ താഴെ വരച്ചിടുക.
  • അടിയില്‍ ഒളിമ്പ (നന്മ) എന്നെഴുതി പേരും ഒപ്പും തിയതിയും  ചേര്‍ക്കുക.
  • എല്ലാം ഒന്ന് കൂടി വായിച്ചു, കണ്ണടച്ച് പുസ്തകം അടയ്ക്കുക.
  • വായിച്ച ഓരോന്നും ചിത്ര രൂപേണ മനസ്സില്‍ ഭാവന ചെയ്യുക.
  • നെഞ്ചില്‍ കൈ ചേര്‍ത്ത് ഒളിമ്പ (നന്മ) എന്നുരുവിട്ടു കൊണ്ട് കണ്ണ് തുറക്കുക, ഇനി സാധാരണ ജീവിത വ്യാപാരങ്ങളിലേക്ക് കടക്കുക.  
എപ്പോഴും പാലിക്കേണ്ടത് 
  • ആരെ കാണുമ്പോഴും, ഹൃദയത്തില്‍ കൈ വച്ച്, ഒരു കുഞ്ഞിന്റെ നൈര്‍മല്യത്തോടെ പുഞ്ചിരിച്ചു കൊണ്ട്, മനസ്സില്‍ നിന്നും മുഴു വികാരത്തോടെ ഒളിമ്പ(നന്മ) ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുക.
  • സര്‍വതിനോടും കൃതഞ്ഞത പ്രകാശിപ്പിക്കുക.
  • മുന്നില്‍ എത്തുന്ന എന്തിനെയും, ക്ഷമയോടെ, സഹിഷ്ണുതയോടെ, ശാന്തമായി സ്വീകരിക്കുക.
  • അനിശ്ചിതാവസ്ഥകള്‍ പ്രകൃതി നമുക്ക് നല്‍കുന്ന വിശ്രമ സ്വാതന്ത്ര്യ വേളകള്‍ ആണെന്ന് അറിയുക.
  • ഈ ധാരയില്‍ നിന്നും മനസ്സ് പാളുമ്പോഴൊക്കെ, എന്റെ മുഖം ഓര്‍ക്കുക, എന്റെ ഭാഷണങ്ങളില്‍, ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തെ ഓര്‍ക്കുക. ഹൃദയത്തില്‍ കൈ വച്ച് ഒളിമ്പ എന്ന് മന്ത്രിക്കുക.
അനുബന്ധം
  • ഗോള്‍ കാര്‍ഡു : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളെ ഏറ്റവും ചുരുക്കി സൂചിപ്പിക്കുന്ന സ്വയം എഴുതി തയാറാക്കിയ ഒരു ചെറു കാര്‍ഡു. ഒരു പത്ത് വരികള്‍ക്ക് മുകളില്‍ പാടില്ല. ഓരോ വരിയുടേയും അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ഒരു രേഖാ ചിത്രവും ഒപ്പം വരച്ചു വയ്ക്കുക. ഗോള്‍ കാര്‍ഡു എപ്പോഴും പോക്കറ്റിലോ പേഴ്സിലോ സൂഷിക്കുക. ഇടയ്ക്കിടെ എടുത്തു നോക്കുക. പറ്റുമ്പോഴൊക്കെ, ഗോള്‍ കാര്‍ഡിലെ രേഖാ ചിത്രങ്ങള്‍ എവിടെയെങ്കിലും ഒക്കെ വരയ്ക്കുക. വിരല് കൊണ്ട് വായുവിലും എഴുതാം.
  • ബന്ധുത്വ മനനം : ഒരു പ്രകൃതി-സമാജ മനന പരിപാടി :  http://www.youtube.com/watch?v=Z_d20UpAJKc   
  • വായിച്ചു വരുമ്പോള്‍ ഒരുപാട് നീളം തോന്നുമെങ്കിലും പ്രായോഗികമാക്കാന്‍ ഏറെ എളുപ്പമുള്ളതാണ് ഈ നിഷ്ഠകള്‍. ഒരു പ്രിന്റ്‌ എടുത്തു വച്ചു ഇത് കാണാതെ ചെയ്യാന്‍ ആകും വരെ പലവുരു വായിച്ചു ചെയ്യുക. പിന്നീട് തനിയെ ചെയ്യാനാകും. 
  • നേര്‍പാഠങ്ങള്‍ക്ക് ഒളിമ്പസ്സിന്റെ  നവഗോത്ര ഗുരുകുലത്തിലേക്ക്  നേരിട്ട് വരാന്‍ മടിക്കേണ്ടതില്ല. 
  • ഏതാണ്ട് മൂന്നു മാസം സ്ഥിരമായി ഈ നിഷ്ഠകള്‍ ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടന്നിരുന്ന ജീവിത വിജയത്തിന്റെയും സൌഖ്യത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ ആകും.. 
  • ഒളിമ്പ (നന്മ) യിലേക്കും തദ്വാര ഒളിമ്പസ്സി (പ്രപഞ്ചാവബോധത്തി) ലേക്കും ഉള്ള ഗുരുത്വം നിരന്തരം കാത്തു സൂക്ഷിക്കുക. ശാന്തവും സ്വവും, ജ്ഞാനീയവും, സന്തോഷകരവും, സുസ്ഥിരവും ആയ ഒരു ജീവിതം, നിങ്ങള്‍ എവിടെ ആയാലും, നിങ്ങളെ വിലയം ചെയ്യും.
  • ഈ പ്രഭാത ചര്യകള്‍ നിങ്ങള്‍ക്ക് നേടിത്തരുന്ന വിജയങ്ങള്‍ അറിയിക്കാന്‍ വരിക ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തിലേക്ക്..

Tuesday, January 17, 2012

ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി

പറഞ്ഞു തരാമോ എന്ന് ലക്ഷ്മി പ്രിയ ചോദിച്ചിരുന്നു. അത് എല്ലാര്ക്കും
പ്രയോജനപ്പെടുമെങ്കില്‍ എന്ന് കരുതി പോസ്റ്റു ചെയ്യുന്നു. പോസ്റ്റിന്റെ
നീളം കാരണം നോട് ആയി ആണ് പോസ്റ്റു ചെയ്തിട്ടുള്ളത്.. താല്പര്യമുള്ളവര്‍
കാണുക..


https://www.facebook.com/note.php?note_id=297309756983638

ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി

  • ഭക്ഷണം കഴിക്കുമ്പോള്‍ അറിഞ്ഞു കഴിക്കുക. ചേരുവകളുടെ രുചി അറിഞ്ഞു ഓര്‍ത്തു, വായില്‍ ഉമി നീര് വന്നു തുടങ്ങി വേണം കഴിച്ചു തുടങ്ങാന്‍. ഭക്ഷണത്തിന് മുന്‍പ് അന്നവിചാരം / അന്നപ്രാര്‍ത്ഥന ശീലമാക്കുക.
  • മനുഷ്യന്‍  ഫലഭുക്കാണ്. എങ്കിലും മനസ്സില്‍ പഥ്യമെന്നു തോന്നുന്ന, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണം അവനു ദഹിക്കും. കുറച്ചു സമയമെടുത്താണെങ്കിലും. ദഹിക്കാനുള്ള സമയം കൊടുക്കണം എന്ന് മാത്രം. കഴിവതും സസ്യാഹാരവും, രോഗാവസ്ഥയിലും, വാര്‍ധക്യത്തിലും, ഉപവാസത്തിന് തൊട്ടു മുമ്പും പിന്‍പും ഉള്ള ദിവസങ്ങളിലും  ഗര്‍ഭ കാലഘട്ടത്തിലെ അവസാന മൂന്ന് മാസവും, ഫലാഹാരങ്ങളും മാത്രം കഴിക്കുക.  
  • ഭക്ഷണം പാകം ചെയ്യുന്നത് പ്രകൃതി ആണ്. പാചകം ചെയ്യുന്നത് മനുഷ്യനും.പാചകം ചെയ്യുമ്പോള്‍ നടക്കുന്നത്, പാകമായ ഭക്ഷണം മരിക്കുന്നു എന്നതാണ്.  കഴിവതും പാചകം ചെയ്യാത്ത ഭക്ഷണം കഴിക്കുക. ഭക്ഷണം ജീവനുള്ളതായിരിക്കണം. (പുഴുക്കലരി, ചോറാകുന്നതിന്  മുന്‍പ് തന്നെ ജീവനില്ലാത്തതാണ്)
  • ഒരു ജീവനുള്ള വസ്തുവിന്റെ മരണം മുഴുവനായി സംഭവിക്കാന്‍ മണിക്കൂറുകള്‍ എടുക്കും. പാചകം ചെയ്ത ഭക്ഷണം പൂര്‍ണമായും മരിക്കാന്‍ മൂന്നാല് മണിക്കൂര്‍ എടുക്കും. അതിനാല്‍, പാചകം ചെയ്തു കഴിഞ്ഞു ആറിയ ഉടന്‍ കഴിക്കുക. (ഒരു അര മണിക്കൂര്‍ മുതല്‍ രണ്ടു  മണിക്കൂറിനുള്ളില്‍).
  • സമശീതോഷ്ണം ഉള്ള ഭക്ഷണം മാത്രം കഴിക്കുക. ആവി പറക്കുന്നതോ, ശീതീകരിച്ചതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സൂര്യ വെളിച്ചം ഉള്ളപ്പോള്‍ മാത്രം ഭക്ഷിക്കുക.
  • പാചകം ചെയ്തതും പാചകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കാതിരിക്കുക. രണ്ടും രണ്ടു തരത്തിലാണ് ദഹിക്കുക.
  • ഒരു വിത്ത് പൊടിയാക്കിയാല്‍ മുളയ്ക്കില്ല. അതിന്റെ ജീവന്‍ നഷ്ടപ്പെടുമെന്നത് തന്നെ കാരണം. പൊടിച്ചു സൂക്ഷിച്ചത് അധികം വൈകാതെ ഉപയോഗിക്കുക. മുളക്, മല്ലി, മഞ്ഞള്‍ എന്നിവ ഒരു വാരത്തിനുള്ളിലും, ധാന്യങ്ങള്‍ പൊടിച്ചത് ഒരു ഋതു (രണ്ടു മാസം) കാലത്തിനുള്ളിലും ഉപയോഗിക്കുക.
  • സമീകൃത ആഹാരം എന്നാല്‍ ഒരു കിണ്ണത്തില്‍  എല്ലാം സമീകരിച്ചു കഴിക്കുക എന്നല്ല, ശരീരത്തില്‍ എല്ലാം (അന്നജം, മാംസ്യം, പരിമിതമായ കൊഴുപ്പ്, ജീവകങ്ങള്‍, ധാതുക്കള്‍) സമ ഗുണിതമായി ചെന്നെത്തണം എന്നാണു. ദഹനത്തിന് വ്യത്യസ്ത രസങ്ങള്‍ വേണ്ടുന്ന ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത്‌ അശാസ്ത്രീയമാണ്. 
  • ദൈവം (പ്രകൃതി) ഒന്ന് ചേര്‍ത്തത്  വേര്‍തിരിക്കാതിരിക്കുക. അരിയും തവിടും, ഉരുളക്കിഴങ്ങും തോലും, തുടങ്ങി വേര്‍തിരിക്കാതെ കഴിക്കാവുന്നതൊക്കെ അങ്ങിനെ തന്നെ ഉപയോഗിക്കുക. ശരീര പോഷകങ്ങളുടെ സ്വാഭാവിക ചേരുവ പ്രകൃതി തീരുമാനിച്ചിരിക്കുന്നത്  അങ്ങിനെ തന്നെ ആണ്. 
  • പഞ്ചസാര, മൈദാ, തോല്‍ കളഞ്ഞ പരിപ്പ്/ ഉഴുന്ന് എന്നിവ അടുക്കളയില്‍ നിന്നും നീക്കം ചെയ്യുക..  
  • ഒരു ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. ഒരു കറിയിലെ കഷണങ്ങളുടെ തരം കൂടുന്തോറും, അത് സങ്കീര്‍ണവും, അനാരോഗ്യകരവും ആയി തീരും. (ഉദാ: സാമ്പാര്‍)
  • ഏതാണ്ട് നാല് വയസ്സ് മുതല്‍ അഞ്ചു നേരവും എട്ടു വയസ്സ് മുതല്‍ നാല് നേരവും പതിനാറു വയസ്സ് മുതല്‍ മൂന്നു നേരവും,  ഇരുപത്തി നാല് വയസ്സ് മുതല്‍ രണ്ടു നേരവും മുപ്പത്തി രണ്ടു വയസ്സ് മുതല്‍ ഒരു നേരവും മാത്രം ഭക്ഷണം സ്ഥിരമായി കഴിക്കുക. (വല്ലപ്പോഴും ക്രമം തെറ്റുന്നതില്‍ തെറ്റില്ല എന്നര്‍ത്ഥം)
  • എട്ടു വയസ്സ് മുതല്‍ വാരത്തില്‍ ഒരു നേരം ഉപവസിക്കുക. പതിനാറു വയസ്സ് മുതല്‍ വര്‍ഷത്തില്‍ ഒരു മുഴു ദിവസവും, ഇരുപത്തിനാല് വയസ്സ് മുതല്‍ മാസത്തില്‍  ഒരു മുഴു ദിവസവും, മുപ്പത്തിരണ്ടു വയസ്സ് മുതല്‍ വാരത്തില്‍ ഒരു മുഴു ദിവസവും, നാല്പതു വയസ്സ് മുതല്‍ വാരത്തില്‍  ഒരു മുഴു ദിവസവും, വര്‍ഷത്തില്‍ അടുപ്പിച്ചു മൂന്നു ദിവസവും, നാല്പത്തിഎട്ടു വയസ്സ് മുതല്‍ വാരത്തില്‍  ഒരു മുഴു ദിവസവും,  വര്‍ഷത്തില്‍  അടുപ്പിച്ചു ഏഴു ദിവസവും, അന്‍പത്തി ആറു വയസ്സ് മുതല്‍ വാരത്തില്‍  രണ്ടു  ദിവസവും, വര്‍ഷത്തില്‍ അടുപ്പിച്ചു പത്ത് ദിവസവും ഉപവസിക്കുക.
  • മാസത്തില്‍ ഒരു തവണ, സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും, കല്യാണ വീടുകളില്‍ നിന്നും,  വര്‍ഷത്തില്‍ ഒരു തവണ ഒരു യാത്രയില്‍ പലയിടങ്ങളില്‍ നിന്നും (ജില്ലയോ സംസ്ഥാനമോ മാറി) ഭക്ഷണം കഴിക്കുക.
  • ദീര്‍ഘ രോഗാവസ്ഥയിലും, ഗര്‍ഭ കാലഘട്ടത്തിലും, വാര്തക്യതിലും, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണങ്ങള്‍ ഇടയ്ക്ക് കഴിക്കുക.

ബദലുകളെ പറ്റി പറഞ്ഞു തരാമോ?

ലോകം മുന്‍പോട്ടു ഒഴുകി ക്കൊണ്ടേ ഇരിക്കുകയാണ്. പ്രപഞ്ച വികാസത്തിന്റെ
ക്രമത്തിനൊപ്പം  സമൂഹവും വികസിക്കുന്നു. ഈ വികാസത്തിന്റെ വിന്യാസത്തെ
സംസ്കാരം എന്നോ നാഗരികത എന്നോ വിളിക്കാം.. ഏതു കാലത്തും ഉള്ള, വളരുന്ന
സംസ്കാരങ്ങള്‍ ഒരു പ്രത്യേക താള വട്ടത്തില്‍ എത്തി ക്കഴിഞ്ഞാല്‍, അതിന്റെ
വളര്‍ച്ചയുടെ വേഗം കൂടുകയായി. വളര്‍ച്ചയുടെ വേഗം ശീഖ്രം മരണത്തിലേക്ക്
എത്തിക്കുമല്ലോ. അത് കൊണ്ട് തന്നെ, മുഖ്യധാരാ സംസ്കാര - നാഗരിക വളര്‍ച്ച
പരിധി വിടുമ്പോള്‍, ആ വളര്‍ച്ചയെ സുസ്ഥിതിയിലേക്ക് തന്നെ ഗുരുത്വ ബലം
കൊണ്ട് കെട്ടിയിടാനുള്ള പ്രകൃതിയുടെ സംവിധാനമാണ്, ബദലുകള്‍.

ഏതൊരു  സംസ്കാരവും, അതിന്റെ മുഖ്യധാരയെ തിരുത്തുവാന്‍  ആയി എത്തുന്ന
ബദലുകളുടെ  ആഗമനത്തെ, ചെറുക്കുക ആണ് പ്രാരംഭത്തില്‍ ചെയ്യുക. പിന്നീടു,
കുറച്ചു കാലം കൊണ്ട് ബദലുകള്‍ മുഖ്യ ധാര ആകുകയും, പുതിയ ബദലുകളെ, കാലം
അവതരിപ്പിക്കുകയും ചെയ്യും.  ഓരോ കാലഘട്ടത്തിലും ഒന്നിലേറെ ബദലുകള്‍
ഉണ്ടാകുകയും, അവയില്‍ ശക്തമായ  ബദലുകളുടെ ഒരു സമന്വയം ഉണ്ടാകുകയും
ആണുണ്ടാകുക. കാലഘട്ടത്തിന്റെ സങ്കീര്‍ണതയ്ക്ക് അനുസൃതം ഉണ്ടാകുന്ന
ബദലുകളുടെ എണ്ണവും ശക്തിയും വളരെ വലുതായിരിക്കും.

നാം ജീവിക്കുന്ന ഈ കാലഘട്ടം, ഏറ്റവും കൂടുതല്‍ ബദലുകള്‍ ഉണ്ടായി വരുന്ന
ഒന്നാണ്. അത് ഒരു അനിവാര്യതയും ആണ്. ആരോഗ്യം, ഭക്ഷണം, കൃഷി,
വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം, വീടുകള്‍, തൊഴില്‍, കുടുംബം,
ബന്ധങ്ങള്‍, ഭരണം, നാണയം, വാണിജ്യം, ഊര്‍ജം, കാഴ്ചപാടുകള്‍, സമീപനങ്ങള്‍,
സാമൂഹ്യ ജീവനം,  തതചിന്ത, ആത്മീയത, ശാസ്ത്രം, സങ്കേതങ്ങള്‍, എന്ന്
തുടങ്ങി, ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന്  ബദലുകള്‍ക്കായി
കാതോര്‍ക്കുന്നു.

പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക - സാംസ്കാരിക - ആത്മീയ സുസ്ഥിതി
നഷ്ടമാകുന്ന നമ്മുടെ ഇന്നത്തെ സാമൂഹ്യ ജീവന ശൈലിക്ക് ഒരു ബദല്‍ ആയി ഒരു
സുസ്ഥിര - സ്വാശ്രയ - പാരിസ്ഥിതിക ഗ്രാമം എന്ന പ്രായോഗിക ആശയം
നിങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴായി പല രൂപത്തില്‍ വച്ചിട്ടുള്ള ഈ ലേഖകനും
കൂട്ടുകാരും, നിങ്ങള്‍ ഓരോരുത്തരിലും ഉള്ള ബദല്‍ കാഴ്ചപ്പാടുകളെ
പരിചയപ്പെടാനും, ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നു.  സുസ്ഥിര ജീവിത
നിര്‍മിതിക്ക് ആവശ്യമായ ഏതെങ്കിലും പുതിയ ഒരു സങ്കേതമോ ആശയമോ എങ്കിലും
ഞങ്ങള്‍ക്ക് പറഞ്ഞു തരാമോ?

എനിക്ക് വളരെ കുറച്ചു കാര്യങ്ങള്‍ അറിയാം എന്നത് ശരിതന്നെ..

എന്നാലും ഒന്നറിയുക. അറിവ് ആരുടേയും കുത്തകയല്ല. എല്ലാരും ചിന്തിക്കുന്നു... എല്ലാര്‍ക്കും അറിയാം. അധികമാരും അവനവന്റെ ശേഷിയും ധര്‍മത്തെയും  ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഓരോരോരുതരും കാണുന്നത് വ്യത്യസ്ഥ കോണുകളില്‍ ആണ് എന്നത് കൊണ്ട് തന്നെ, എല്ലാര്‍ക്കും പറയാനുണ്ടാകും. എല്ലാരും കൂടി ഉണ്ടാക്കുന്ന ഒരു വലിയ ബദല്‍ ആയിരിക്കാം നാളെയുടെ സുസ്ഥിതിക്കു ആവശ്യം. അതിനാല്‍ നിങ്ങളോരോരുത്തരും  പറഞ്ഞു തുടങ്ങുക..സമയമെടുത്തായാലും പറഞ്ഞു തുടങ്ങുക തന്നെ ചെയ്യുക. 

ബദലുകളെ പറ്റി പറഞ്ഞു തരാമോ?

ലോകം മുന്‍പോട്ടു ഒഴുകി ക്കൊണ്ടേ ഇരിക്കുകയാണ്. പ്രപഞ്ച വികാസത്തിന്റെ
ക്രമത്തിനൊപ്പം  സമൂഹവും വികസിക്കുന്നു. ഈ വികാസത്തിന്റെ വിന്യാസത്തെ
സംസ്കാരം എന്നോ നാഗരികത എന്നോ വിളിക്കാം.. ഏതു കാലത്തും ഉള്ള, വളരുന്ന
സംസ്കാരങ്ങള്‍ ഒരു പ്രത്യേക താള വട്ടത്തില്‍ എത്തി ക്കഴിഞ്ഞാല്‍, അതിന്റെ
വളര്‍ച്ചയുടെ വേഗം കൂടുകയായി. വളര്‍ച്ചയുടെ വേഗം ശീഖ്രം മരണത്തിലേക്ക്
എത്തിക്കുമല്ലോ. അത് കൊണ്ട് തന്നെ, മുഖ്യധാരാ സംസ്കാര - നാഗരിക വളര്‍ച്ച
പരിധി വിടുമ്പോള്‍, ആ വളര്‍ച്ചയെ സുസ്ഥിതിയിലേക്ക് തന്നെ ഗുരുത്വ ബലം
കൊണ്ട് കെട്ടിയിടാനുള്ള പ്രകൃതിയുടെ സംവിധാനമാണ്, ബദലുകള്‍.

ഏതൊരു  സംസ്കാരവും, അതിന്റെ മുഖ്യധാരയെ തിരുത്തുവാന്‍  ആയി എത്തുന്ന
ബദലുകളുടെ  ആഗമനത്തെ, ചെറുക്കുക ആണ് പ്രാരംഭത്തില്‍ ചെയ്യുക. പിന്നീടു,
കുറച്ചു കാലം കൊണ്ട് ബദലുകള്‍ മുഖ്യ ധാര ആകുകയും, പുതിയ ബദലുകളെ, കാലം
അവതരിപ്പിക്കുകയും ചെയ്യും.  ഓരോ കാലഘട്ടത്തിലും ഒന്നിലേറെ ബദലുകള്‍
ഉണ്ടാകുകയും, അവയില്‍ ശക്തമായ  ബദലുകളുടെ ഒരു സമന്വയം ഉണ്ടാകുകയും
ആണുണ്ടാകുക. കാലഘട്ടത്തിന്റെ സങ്കീര്‍ണതയ്ക്ക് അനുസൃതം ഉണ്ടാകുന്ന
ബദലുകളുടെ എണ്ണവും ശക്തിയും വളരെ വലുതായിരിക്കും.

നാം ജീവിക്കുന്ന ഈ കാലഘട്ടം, ഏറ്റവും കൂടുതല്‍ ബദലുകള്‍ ഉണ്ടായി വരുന്ന
ഒന്നാണ്. അത് ഒരു അനിവാര്യതയും ആണ്. ആരോഗ്യം, ഭക്ഷണം, കൃഷി,
വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം, വീടുകള്‍, തൊഴില്‍, കുടുംബം,
ബന്ധങ്ങള്‍, ഭരണം, നാണയം, വാണിജ്യം, ഊര്‍ജം, കാഴ്ചപാടുകള്‍, സമീപനങ്ങള്‍,
സാമൂഹ്യ ജീവനം,  തതചിന്ത, ആത്മീയത, ശാസ്ത്രം, സങ്കേതങ്ങള്‍, എന്ന്
തുടങ്ങി, ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന്  ബദലുകള്‍ക്കായി
കാതോര്‍ക്കുന്നു.

പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക - സാംസ്കാരിക - ആത്മീയ സുസ്ഥിതി
നഷ്ടമാകുന്ന നമ്മുടെ ഇന്നത്തെ സാമൂഹ്യ ജീവന ശൈലിക്ക് ഒരു ബദല്‍ ആയി ഒരു
സുസ്ഥിര - സ്വാശ്രയ - പാരിസ്ഥിതിക ഗ്രാമം എന്ന പ്രായോഗിക ആശയം
നിങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴായി പല രൂപത്തില്‍ വച്ചിട്ടുള്ള ഈ ലേഖകനും
കൂട്ടുകാരും, നിങ്ങള്‍ ഓരോരുത്തരിലും ഉള്ള ബദല്‍ കാഴ്ചപ്പാടുകളെ
പരിചയപ്പെടാനും, ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നു.  സുസ്ഥിര ജീവിത
നിര്‍മിതിക്ക് ആവശ്യമായ ഏതെങ്കിലും പുതിയ ഒരു സങ്കേതമോ ആശയമോ എങ്കിലും
ഞങ്ങള്‍ക്ക് പറഞ്ഞു തരാമോ?

Thursday, January 12, 2012

ആഴ -പരിസ്ഥിതിയെ അറിയാം, പ്രവര്‍ത്തിക്കാം, ജീവിതം വിജയകരം ആക്കാം..

പരിസ്ഥിതി എന്നാല്‍ മരവും, മഴയും, പുഴയും മാത്രമല്ല, നമ്മളും കൂടി
ചേര്‍ന്നതാണ്. നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും,
സ്നേഹിക്കുന്നതും, വെറുക്കുന്നതും ഒക്കെ പരിസ്ഥിതി തന്നെ. തൊട്ടറിയാന്‍
കഴിയുന്ന പ്രകൃതി മാതം അല്ലാത്ത പരിസ്ഥിതിയെ കുറിച്ചുള്ള പഠനവും
പ്രവര്‍ത്തനവും വികാരവും ഒക്കെയാണ് ഗാഢ പരിസ്ഥിതി ശാസ്ത്രം എന്ന നവ
ചിന്താ പദ്ധതി.

പരിസ്ഥിതിയെ അറിയുക എന്നാല്‍, നാം അമ്പത് കൊല്ലം കഴിഞ്ഞു വെള്ളം
കുടിക്കുമോ എന്ന അറിയാന്‍ വേണ്ടിയുള്ള ഒന്നല്ല. ഇന്ന് നാം ജീവിക്കുന്ന
ഒരു ജീവിതത്തിന്റെ വിജയവും പരാജയവും സുഖവും ദു:ഖവും ആരോഗ്യവും രോഗവും,
സ്നേഹവും വെറുപ്പും, വിശ്വാസവും അവിശ്വാസവും ഒക്കെയൊക്കെ ചേര്‍ന്നതാണ്
പരിസ്ഥിതി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം പരിസ്ഥിതിയുടെ -
പ്രകൃതിയുടെ നിയമങ്ങളെ മാത്രമാണ് ഉപയോഗിക്കുന്നത്. അത്
അറിഞ്ഞുപയോഗിച്ചാല്‍ നമുക്ക് ഗര്‍ഭത്തിലെ ശിശുവിനെ പോലെ സുരക്ഷിതമായി
ഇവിടെ ജീവിക്കാം..

അതിനെ അറിയാന്‍, മുഴുവനായും പ്രകൃതിയുടെ നിയമങ്ങളെ അറിഞ്ഞു ജീവിതം
സുഖകരവും, വിജയകരവും ആരോഗ്യകരവും ആക്കുവാന്‍ ഉള്ള ഒരു സമഗ്ര പരിസ്ഥിതി
സംരക്ഷണ സമൂഹമാണ്  ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്‍.  സര്‍വ ജീവ ജാലങ്ങളുടെയും
സുരക്ഷയും സുസ്ഥിതിയും സുഗമമായ ജീവിതവും ആണ് ഈ സമൂഹത്തിന്റെ ലക്‌ഷ്യം.

നിങ്ങളുടെയും    കുടുംബത്തിന്റെയും സൌഹൃദ വളയതിന്റെയും നന്മയ്ക്കായി,
ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്‍ നടത്തുന്ന  പ്രവര്‍ത്തനങ്ങളില്‍
ഭാഗഭാക്കാകുകയോ സഹകരിക്കുകയോ, പിന്താങ്ങുകയോ ചെയ്യുക.

വിശദമായ  ചര്‍ച്ചകള്‍  കാണുവാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഈ ഗ്രൂപ്പ് കാണുക.

https://www.facebook.com/groups/olympussdarsanam/

Tuesday, January 10, 2012

യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക

ഇന്ന് രാവിലെ വീട്ടിനു വെളിയില്‍ നിന്നും ഒരു യാചകന്റെ ശബ്ദം കേട്ടു.
രണ്ടു വയസ്സ് കഴിഞ്ഞ എന്റെ  മകനെയും എടുത്തു കൊണ്ട് പോയി, അവനെ കൊണ്ട്
ഒരു ഒരു രൂപാ നാണയം കൊടുപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ വേറെ കുറച്ചു
ഒരു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.. അദ്ദേഹം സവിനയം എന്റെ മകന്റെ
കയ്യില്‍ നിന്നും നാണയം വാങ്ങുകയും, അവനു  റ്റാറ്റാ പറയുകയും ചെയ്തിട്ട്
കണ്ണില്‍ നിന്നും മറഞ്ഞു..

എന്റെ മകന്‍ നല്‍കിയ ആ ഒരു രൂപ നാണയം കൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍
എല്ലാം നിര്‍വഹിക്കപ്പെടില്ല. എങ്കിലും, എല്ലാ വീടുകളില്‍ നിന്നും ജീവ
സന്ധാരനത്ത്തിനു വേണ്ടുന്ന ഒരു ചെറു വിഹിതം സംഭരിച്ചു ഉപയോഗിക്കുന്ന ആ
സംവിധാനത്തില്‍ ഞാന്‍ എന്റെ പങ്കും നിര്‍വഹിച്ചു. ഏറ്റവും കുറഞ്ഞ പ്രകൃതി
ദോഷം ചെയ്യുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്യല്‍ ഒരു പുണ്യം തന്നെ.. മറ്റൊരു
തരത്തില്‍ പറഞ്ഞാല്‍, ഞാനും ഇത് തന്നെ ആണ് ചെയ്യുന്നത്. ഒളിമ്പസ്സിന്റെ
നികുതിയാണ് എന്നെ / എന്റെ സംഘത്തെ നില നിര്‍ത്തുന്നത്. എന്നിട്ടും,
പ്രകൃതി വാദി എന്നറിയപ്പെടുന്ന ഞാന്‍ ഉണ്ടാക്കുന്ന പ്രകൃതി ദോഷങ്ങളുടെ
നൂറിലൊരംശം, അദ്ദേഹം ചെയ്യുന്നില്ല.  എന്നിട്ടും മാന്യത എനിക്ക് - എന്റെ
ജീവിതത്തിനു.... എന്തൊരു വിരോധാഭാസം?

അദ്ദേഹം നേരിട്ട് ശേഖരിക്കുന്നത് മറ്റു പലസംവിധാനങ്ങളിലൂടെ പരോക്ഷമായി
സംഭരിക്കുന്ന സംവിധാനമാണ്, സേവനത്തിനുള്ള വേതനം. സര്‍ക്കാര്‍ ശമ്പളം
ഭിക്ഷ തന്നെ.. അടിസ്ഥാന വേതനവും, ഡിയര്‍നെസ്സ് അല്ലോവന്‍സ്സും ഒക്കെയായി
സാഭിമാനം കൈപ്പറ്റി, എല്ലാ, പ്രകൃതി വിരുദ്ധ പ്രക്രിയകളും, ഉപകരണങ്ങളും,
ജീവന ശൈലിയും സ്വന്തമാക്കുന്ന നമ്മുടെ നാട്ടിലെ മാന്യനെന്നു പറയപ്പെടുന്ന
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും, ഒരു യാചകനിലേക്കുള്ള  ദൂരം
തന്നെയാണ്, ഒരു സ്വകാര്യ തൊഴിലാളിയുടെതും. സംഭരിക്കുന്നത് പൊതു ഇടത്തില്‍
നിന്ന്.. ഉപയോഗിക്കുന്നതിന്റെ ദശാംശ ശതമാനം മാത്രം ജീവ സന്ധാരണത്തിന്.
എന്നിട്ടും മാന്യത അന്യന്റെ മുന്‍പില്‍ കൈ നീട്ടുന്നില്ല എന്ന
ഭാവത്തിനു..

യുക്തി കൊണ്ട് ഭിക്ഷാടനത്തെ എതിര്‍ക്കുന്നവര്‍ ആണ് നഗരവാസികളിലധികവും  .
"ധര്‍മ" ക്കാരെ പോലെ അഭിനയിക്കുന്ന ആളുകളും  ഉണ്ടെന്നത് സത്യം തന്നെ..
ധര്‍മക്കാര്‍  നമ്മുടെ (മനുഷ്യന്റെ) സംസ്കാരത്തിന്റെ ഭാഗമായിരുന്നു; ആണ്.
അവര്‍ക്ക് വിശിഷ്ട സ്ഥാനവും ഇവിടെ ഉണ്ടായിരുന്നു. അതെങ്ങോ  നഷ്ടമായി.
സമ്പത്തിന്റെ നേര്‍ വിനിമയത്തിന്റെ മൂര്ത്തരൂപങ്ങള്‍ ആണവര്‍. ഒപ്പം എല്ലാ
മനുഷ്യരെയും പോലെ ജീവാവകാശമുള്ളവര്‍. യാചകത്വം ഒരു പാപമല്ല.
മുഖ്യധാരയില്‍ നിന്നും മനസ്സ് കൊണ്ട് മാറ്റമില്ലാത്ത യാചകരും
ഇന്നുണ്ടെന്നു അറിയാതെ അല്ല. എങ്കിലും...

 യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക,
പഠിക്കുക,  അതാണ്‌ നമ്മളോരോരുത്തരും ചെയ്യുന്നതെന്നറിയുക.  ധര്‍മം
(സ്വധര്‍മം - പ്രകൃതി വിരുദ്ധമല്ലാത്ത ഉത്തരവാദിത്തങ്ങള്‍) ചെയ്യുക..
പ്രകൃതിക്ക് മുന്‍പില്‍ പുണ്യം (സഹജവിനിമയത്വം) നേടുക..

ഗുരുകുലം എന്നത് സംപൂര്‍ണതയുടെ കേദാരമല്ല..

ഗുരുകുലം എന്നത് സംപൂര്‍ണതയുടെ കേദാരമല്ല.. മറിച്ച്,  പ്രാപഞ്ചിക ജീവിത യാഥാര്‍ത്യത്തിലേക്കുള്ള  കവാടം ആണത്. ഇത് ഒരു യാത്രാ ലോകം ആണ്. അനുഭവങ്ങളിലൂടെ ചേര്‍ക്കലും കൂട്ടിചേര്‍ക്കലും, അഴിച്ചു പണിയുകയും ചെയ്തു കൊണ്ട് ഒരു യാത്ര. അവിടെ എല്ലാം ഉള്‍ക്കൊണ്ടു അറിഞ്ഞു യോഗ്യരായവര്‍ മാത്രമേ വരുന്നുള്ളൂ  എങ്കില്‍, ഇങ്ങിനെ ഒരു ഗുരു കുലം ആവശ്യമില്ല തന്നെ.. 

ഇവിടെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നും ഡല്‍ഹിക്ക് വണ്ടി കയറുമ്പോള്‍, ബസ്സിന്റെ ദിശ ശരി ആണെങ്കില്‍, യാത്ര ഡല്‍ഹിക്ക് തന്നെ. ദിശ ശരിയല്ലെന്ന് അറിഞ്ഞാല്‍  ബസ്സില്‍ നിന്നും ഇറങ്ങി, ശരിയായ ദിശ കണ്ടു പിടിക്കണം. ദിശ ശരി ആണെന്ന് അറിയും തോറും യാത്രയുടെ ആര്‍ജവം കൂടും.  മുന്‍പ്  ഡല്‍ഹി കണ്ടിട്ടുള്ളവനായിരിക്കും, ബസ്സിന്റെ സാരഥി.. അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഡല്‍ഹിയിലേക്ക് എങ്ങിനെ വണ്ടിയോടിക്കണം എന്നെങ്കിലും അറിവുള്ളവന്‍.,, അയാളും ഒത്തു ഡല്‍ഹിയിലേക്ക് സഹയാത്ര ചെയ്യുമ്പോള്‍, അയാള്‍ ഡല്‍ഹിയെ പറ്റിയുള്ള അനുഭവ ഭണ്ടാരം തുറക്കും. ഡല്‍ഹിയെത്തിയാല്‍  പിന്നെ  ഡല്‍ഹിക്കുള്ള യാത്ര ഇല്ല...  അവിടെ വന്നു കണ്ടോളാം എന്നാണ് ഒരാള്‍ കരുതുന്നതെങ്കില്‍ പിന്നെ സാരഥിയുമൊത്ത്  സഹയാത്രയും ഇല്ല. അങ്ങിനെ ഒരു ബസ്സും പ്രസക്തമല്ല. 

ഒളിമ്പസ് ഒരു വഴി ആണ്, ഒരു ബസ്സ് പോലെ.. പലരും വഴിക്ക് കയറും, വഴിക്ക് ഇറങ്ങും..ഒടുക്കം വരെ യാത്ര ചെയ്യുന്നവര്‍ വളരെ കുറവ്.. വിശുദ്ധ കല്പനയും, ഭക്തിയും ഉണ്ടാകണം എന്ന് കരുതുന്നത് നല്ലത് തന്നെ.. എങ്കിലും അതുണ്ടായി മാത്രമേ ഈ വണ്ടിയില്‍ കയറൂ എന്നയാള്‍ ഒരു പക്ഷെ ഒരിക്കലും അതുണ്ടായി എന്ന് വരില്ല..

Monday, January 9, 2012

കാഴ്ച ബംഗ്ലാവുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

കാഴ്ച ബംഗ്ലാവുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വിശേഷപ്പെട്ട ജീവികളെ കാണാന്‍, വണ്ടിയേറി, ടിക്കെറ്റെടുത്ത് ചെന്ന്, കൂടുകളിലേക്ക്‌ തീറ്റ എറിഞ്ഞു, കൌതുകത്തോടെ നോക്കി നില്‍ക്കുമ്പോള്‍, നാം അറിയുന്നില്ല, അതിലും വിശേഷപ്പെട്ട ഒരു ജീവിയാണ് താനെന്നു.. അവര്‍ തങ്ങളെയും അങ്ങിനെ തന്നെയാണ് നോക്കുന്നതെന്ന്.. അതുപ്പോലെ തന്നെ ഒളിമ്പസ്സ് കാണാന്‍, ഇതുപോലെയൊക്കെ വന്നു കൂടുന്നവര്‍ ചിന്തിക്കേണം, നിങ്ങള്‍ക്കും വിശേഷങ്ങള്‍ ഉള്ള ധര്‍മങ്ങള്‍ ഉണ്ടെന്നു.. നിങ്ങളും കൂടെ കൂടിയാലെ ഈ കാഴ്ചകള്‍ പൂര്‍ണമാകൂ എന്ന്..  സുസ്ഥിരത എന്തെന്നു അറിയലും, പഠിക്കലും പഠിപ്പിക്കലും, നടപ്പിലാക്കലും, ഒളിമ്പസ്സിന്റെ മാത്രം ഉത്തരവാദിത്തമല്ല, നിങ്ങളുടെയും കൂടിയാണ്. അതിനാല്‍ വന്നെത്തുന്നവര്‍, ചെറുതായെങ്കിലും, ഒന്ന് കൈ കോര്‍ക്കുവാന്‍  തുനിയുക. ഒളിമ്പസ്സിനെ, സ്വന്തം ഹൃത്തിലും, ഗൃഹത്തിലും കണ്ടെത്തുക. അവിടെ നടപ്പിലാക്കുക. 

ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് ...

ശരീരത്തിന്റെ പ്രവര്‍ത്തന (ധര്‍മ) മുഖം ആണ് മനസ്സ്. ശരീരത്തിന്റെ  വിനിമയ
മുഖം ആണ് ബോധം. അതായത് ശരീരവും, മനസ്സും ബോധവും നമ്മുടെ മൂന്നു മുഖങ്ങള്‍
ആണ്. അതായത് മൂന്നും ഒന്ന് തന്നെ. മനസ്സും ബോധവും ചേര്‍ന്നുണ്ടാകുന്ന
വിനിമയ പ്രക്രിയ ആണ് ചിന്ത. അതും ശരീരം തന്നെ. ശരീരം എങ്ങിനെയോ അങ്ങിനെയേ
മനസ്സും ബോധവും ചിന്തയും ഉണ്ടാകൂ..

കാല(സമയ)വുമായി  അപേക്ഷിച്ച് നോക്കുമ്പോള്‍, ശരീരമെത്തും മുമ്പേ മനസ്സും,
അതിനും മുമ്പേ ബോധവും, അതിനും മുമ്പേ ചിന്തയും ചെന്നെത്തും.
ശരീരത്തിനൊത്തേ ചിന്തയുണ്ടാകൂ.. ചിന്തയ്ക്കൊത്തെ  ശരീരമുണ്ടാകൂ..
ശാന്തമായ ശരീരത്തിലാണ് ആരോഗ്യമുണ്ടാകുക. ആരോഗ്യമുള്ള ശരീരങ്ങള്‍
ചേര്‍ന്നാണ് ആരോഗ്യമുള്ള സമൂഹവും പരിസ്ഥിതിയും ഉണ്ടാകുക.ശരീരം
ശാന്തമാക്കാന്‍ ചിന്ത ശാന്തമാക്കുക.. ചിന്ത ശാന്തമാക്കാന്‍ ശരീരം
ശാന്തമാക്കുക. ഇവ ശാന്തമാക്കാന്‍, ധര്‍മവും ബോധവും ശാന്തമാക്കുക.

നിദ്രയില്‍ അബോധ പൂര്‍വവും, ധ്യാനത്തില്‍ ബോധ പൂര്‍വവും, ചിന്തയ്ക്ക് ഈ
ശാന്തി കൈ വരുന്നു. ഉപവാസം ഈ യജ്ഞത്തിനു ധര്‍മ പശ്ചാത്തലം ഒരുക്കുന്നു.
വിശ്വാസം ജ്ഞാന പശ്ചാത്തലവും, സത്സംഗം സാമൂഹ്യ പശ്ചാത്തലവും, അര്‍ത്ഥന
ആത്മീയ പശ്ചാത്തലവും, ക്രമം നിയത പശ്ചാത്തലവും  ഒരുക്കുന്നു..

അതിനാല്‍, ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക്
ക്രമത്തില്‍, ഉപവാസിച്ചു കൊണ്ട്, വിശ്വാസത്തോടെ, അര്‍ത്ഥനാപൂര്‍വ്വം,
സത്സംഗസമേതം  ധ്യാനിക്കുക.

--ഒളിമ്പസ്സില്‍ നിന്ന്

എല്ലാരുടെയും കാര്യം എനിക്കറിയില്ല.. എന്റെ കാര്യം പറയാം..

ഒരു പാമ്പ് എന്നെയോ എന്റെ കുഞ്ഞിനെയോ ആക്രമിക്കാന്‍ വന്നാല്‍ ജീവ
രക്ഷാര്‍ത്ഥം അതിനെ കൊല്ലേണ്ടി വന്നേക്കാം.. അത് പാമ്പല്ല മനുഷ്യനായാലും,
ഞാന്‍ അങ്ങിനെ തന്നെ ആണ് പെരുമാറാന്‍ സാധ്യത..  എന്നാലും ഒരു പാമ്പ്
എന്റെ കൈ കൊണ്ട് കൊല്ലപ്പെടാനുള്ള സാദ്ധ്യത ഉണ്ടാകില്ല എന്നാണെന്റെ
വിശ്വാസം. കാരണം, ഞാന്‍ ജീവിക്കുന്ന നാട്ടിലെ പാമ്പുകളൊന്നും "ചെന്ന്"
ആക്രമിക്കാറില്ല. കഥകളില്‍ അല്ലാതെ അങ്ങിനെ ഒരു കാര്യം റിപ്പോര്‍ട്ട്
ചെയ്തതായി കേട്ടിട്ടില്ല  .. (മനുഷ്യര്‍ അങ്ങിനെ അല്ല എന്ന് ഏതു  നാളിലെ
 പത്രമെടുത്ത്‌ നോക്കിയാലും കാണാം).

എനിക്ക് ലോകത്തില്‍ ആകെ പേടിയുള്ളതു പാമ്പിനെ ആണ്. ലോകത്തൊരു പാമ്പിനും
എന്നോളം വേഗതയില്‍ ഒടാനാകില്ല എന്നതാണ് എന്റെ ധൈര്യം. :)

ഞങ്ങള്‍ ഇവിടെ ചെയ്യാറുള്ള ഒരു കാര്യം പറയാം.  (ജെട്സന്‍ കൂടെ
ഉണ്ടായിരുന്ന കാലത്തെ കഥ.. ഇപ്പോള്‍ ജട്സന്‍ ദിബായില്‍ ആണ്. അവിടെ
വളര്‍ത്തു പാമ്പുകളെ നാത്രമേ കണ്ടിട്ടുള്ളൂവത്രേ..) നാട്ടില്‍ ആരെങ്കിലും
പാമ്പിനെ കാണുകയും, കൊല്ലാന്‍ തുനിയുകയും ചെയ്‌താല്‍, ആ പ്രദേശത്ത്
ഒളിമ്പസ് പ്രവര്‍ത്തകരെ പരിചയമുള്ളവര്‍ ഞങ്ങളെ വിളിക്കും. ഞങ്ങള്‍
(ജട്സന്‍ അടക്കമുള്ള ഒളിമ്പസിന്റെ ഒരു ടീം) പോയി പാമ്പിനെ പിടിക്കും.
പിന്നെ ഒളിമ്പസ്സിലെക് കൊണ്ടുവരും. പാമ്പുകളുമായി ഞങ്ങള്‍ക്കുള്ള
പരിചയവും അറിവും കൂട്ടാന്‍ ജെട്സന്‍ ഞങ്ങള്‍ക്ക് കുറച്ചു ക്ലാസ്സുകള്‍
തരും. പിന്നെ എല്ലാരും കൂടി നാടുകാര്‍ക്കും സമീപ വാസികള്‍ക്കും ചില
ക്ലാസുകളും ബോധാവല്കരണങ്ങളും മറ്റും നടത്തും..പിന്നെ കുറച്ചു നേരം,
ഇവിടെയുള്ളവര്‍ (ഞാന്‍ ഒഴിച്ച്..)  പാമ്പുകളും ഒത്തു  കളിക്കും. പിന്നീട്
അടുത്തുള്ള റിസര്‍വ് വനത്തില്‍ കൊണ്ട് വിടും. നൂറു കണക്കിന് പാമ്പുകളെ
ജെട്സന്റെ കയ്യാല്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.  (ഇവിടെ ബക്കറ്റില്‍
മൂരഖനെ വച്ച് ഇവര്‍ ഒക്കെ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍, ഞാന്‍ പേടിച്ചു
വിറച്ചു കിടന്നിട്ടുമുണ്ട്)

പാമ്പുകളുമായി  ഇന്നോളമുള്ള സഹവാസത്തില്‍ ഒന്നറിയാം. പാമ്പുകള്‍
ഉപദ്രവിക്കില്ല.. അതിനാല്‍ അതിനെ ഭയക്കെണ്ടതുമില്ല ( ഭയക്കെന്ടെന്ന
ഉപദേശം നിങ്ങള്‍ക്കുള്ളത്‌, എനിക്ക് ബാധകമല്ല ഹ ഹ ഹ ) നാലാള്‍ കാണ്‍കെ
മറ്റൊരാള്‍ക്ക്‌ ഒരല്പം നല്‍കി, അഭിമാനിക്കുന്ന മാനവ പ്രമുഖര്‍
ആലോചിക്കുക, ഒരു പാമ്പിനെ (ഏതു ജീവിയും) കൊല്ലുന്നതില്‍ നിന്നും ആരെ
പിന്തിരിപ്പിക്കുന്നതും മഹാ പുണ്യമാണ്..

പിന്നെ, വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പാമ്പു കടിച്ചു കൊന്ന ഒരു
സംഭവം കഴിഞ്ഞ ആഴ്ചയാണ് നടന്നത് എന്ന ആഖ്യാനം..

അതൊരു ഒറ്റപ്പെട്ട സംഭവം ആണ്. വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍
മരിച്ചു എന്ന് പത്രത്തില്‍ കണ്ടാല്‍ എല്ലാ വീടിന്റെയും മേല്‍ക്കൂര
പൊളിച്ചു കളയുക ഒരിക്കലും ഒരു പരിഹാരമല്ല. വാഹനാപകടങ്ങള്‍ ഒറ്റപ്പെട്ട
സംഭവമല്ല. എന്ന് വച്ച് എല്ലാ വാഹനങ്ങളും ഇല്ലാതാക്കുക അല്ല നാം ചെയ്യുക.

എന്റെ വീട്ടില്‍ ഇടയ്ക്ക് പാമ്പുകള്‍ വരാറുണ്ട്. അതിനെ ഓടിച്ചു വിടും.
പത്തിരുപതു കൊല്ലം മുമ്പ് ഒളിമ്പസ് ആശ്രമം ഓല കൊട് കെട്ടിയപ്പോള്‍ ഒരു
പാമ്പിന്‍ വഴിത്താരയില്‍ ആയിരുന്നു കെട്ടിയത്. നിത്യവും ഒരു കരി
മൂര്‍ഖന്‍ അതിലൂടെ കടന്നു പോകും. എന്റെ മുകളിലൂടെ പലവട്ടം കടന്നു
പോയിട്ടുണ്ട്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക് പാമ്പിനെ
ഭയമുണ്ടെങ്കിലും, പാമ്പു എന്നെ ഒന്നും ചെയ്യില്ല എന്ന പ്രകൃത്യാനുഭവ
വിശ്വാസം ആണ് എന്നെ കാത്തത്. സ്ഥിരമായി കാടുകളില്‍ ചെന്ന് താമസിക്കുന്ന
ആളുകളാണ് ഒളിമ്പസ്സിലെ  അംഗങ്ങള്‍. ഇന്നോളം ആരും ഒരു ജീവിയുടെയും ഉപദ്രവം
നേരിട്ടിട്ടില്ല.

എന്ന് വച്ച് പാമ്പിനെ ഇപ്പോഴും മടിയില്‍ വച്ച് താലോലിക്കണം  എന്നല്ല. നാം
പാമ്പിനെ ഉപദ്രവിക്കുന്നതായി അതിനു തോന്നുമ്പോഴാണ് അത് ഭയപ്പെടുത്തുക.
അതിന്റെ പാരമ്യത്തില്‍ അത് കടിക്കും. (മിക്കവാറും, അതിനെ കായികമായി
ഉപദ്രവിക്കുമ്പോള്‍..ചവിട്ടുകയോ, അതിന്റെ വഴിയില്‍ പെട്ടെന്ന് വന്നു
ചേരുകയോ ചെയ്യുമ്പോള്‍..) [മനുഷ്യനാകട്ടെ, പാമ്പു ഉണ്ടെന്നറിഞ്ഞാല്‍ മതി,
ഓടിച്ചെന്നു കൊല്ലും. ആരാനപ്പോള്‍ ഏറ്റവും വിഷമുള്ള ജീവി?]

Saturday, January 7, 2012

ജീവിതത്തെ നയിച്ച്‌ കൊണ്ട് പോകുമ്പോള്‍

അതിന്റെ ഭൌതികമായതും ആത്മീയമായ(പ്രാതിഭാസികമായ)തും, ധര്‍മപരമായതും, ജ്ഞാന
പരമായതും ഊര്‍ജപരമായതും  ആയ എല്ലാം കണക്കിലെടുത്തേ പറ്റൂ..  അവ തുലനം
ചെയ്യാതിരുന്നാല്‍, ജീവിതം തൃപ്തവും പൂര്‍ണവും ആകില്ല..  ഈ തുലനത
നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ എന്ത് കൊണ്ട്
എന്ന് പറയാമോ?

Thursday, January 5, 2012

രണ്ടിലും ഉള്ളത് സഹൃദയത്തമാണ്.

രണ്ടിലും ഉള്ളത് സഹൃദയത്തമാണ്. രണ്ടു തരം വേദികള്‍.. സാമൂഹ്യമായ പൊതു നൃത്ത സംവിധാനങ്ങളില്‍ നിന്നും ഇന്നോളം മാറി നിന്നിരുന്ന രണ്ടു പേരുടെ  സഹൃദയത്തം. ഒന്ന് ഗൌരവത്തോടെയും, മറ്റൊന്ന് നര്‍മമാകുകയും  ചെയ്യുന്നു എന്ന് മാത്രം. അതിനെ സദാചാര ലംഘനവും, കൂത്തറയും ഒക്കെ ആക്കി മാറ്റുന്നവര്‍ ഒന്നറിയുക, നിങ്ങള്‍ ഇവയെ വിളിക്കുന്ന ഈ പേരുകളുടെ വികാരം, നിങ്ങളില്‍ നിന്നാണ് നിങ്ങള്‍ അറിയുന്നത് അനുഭവിക്കുന്നത്..

Wednesday, January 4, 2012

എല്ലാം ചൈതന്യ മയം,

കല്ലിലുറങ്ങുകയും
ചെടികളില്‍ ഉണരുകയും 
ജന്തുക്കളില്‍ ചിന്തിക്കയും,
മനുഷ്യരില്‍ ഭാവന ചെയ്യുകയും,
പ്രകൃതിയില്‍ നിര്‍ണയം ചെയ്യുകയും ചെയ്യുന്ന 
പ്രപഞ്ച ചൈതന്യത്തെ 
അതാതിന്റെ ജീവനെന്നു നാം അറിയേണം.
അതിലാണ് നാം എന്നറിയണം,
അതാണ്‌ നാം എന്നറിയണം..
 --- ഒളിമ്പസ് 

Re: സുസ്ഥിര ജീവനം (8) - പ്രപഞ്ച പഞ്ചകം

എല്ലാം ചൈതന്യ മയം,
കല്ലിലുറങ്ങുകയും
ചെടികളില്‍ ഉണരുകയും
ജന്തുക്കളില്‍ ചിന്തിക്കയും,
മനുഷ്യരില്‍ ഭാവന ചെയ്യുകയും,
പ്രകൃതിയില്‍ നിര്‍ണയം ചെയ്യുകയും ചെയ്യുന്ന
പ്രപഞ്ച ചൈതന്യത്തെ
അതാതിന്റെ ജീവനെന്നു നാം അറിയേണം.
അതിലാണ് നാം എന്നറിയണം,
അതാണ്‌ നാം എന്നറിയണം..
--- ഒളിമ്പസ്

On January 4, 2012 1:07:18 PM PST, Dr. Santhosh Olympuss wrote:

സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍
വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു.
അതാകട്ടെ അടുത്ത പാഠം.

പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം
പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും
ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍
നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ
സയന്‍സ് ജേര്‍ണലുകളില്‍ ദ്രവ്യത്തിന്റെ അടുത്ത അവസ്ഥകളായ ബോസ്
ഐംസ്റ്റീന്‍ കണ്ടന്‍സേറ്റുകളെ കുറിച്ചും ഫെര്‍മിയോണിക് കണ്ടന്‍സേറ്റുകളെ
കുറിച്ചും ഒക്കെ പ്രതിപാദനമുണ്ട്. ദ്രവ്യത്തിന്റെ ഭൌതിക രൂപത്തെ പോലും
കടന്നു കൊണ്ടുള്ള ദ്രവ്യ സ്വഭാവങ്ങളെ പോലും, ആധുനിക ശാസ്ത്ര വിജ്ഞാനീയം,
ദ്രവ്യാവസ്ഥകളില്‍ പെടുത്തി മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരു സത്തയ്ക്കുള്ള അഞ്ചു തരം രൂപങ്ങളെ പറ്റി അഞ്ചാം അദ്ധ്യായത്തില്‍ നാം
പഠിച്ചിരുന്നു. ഒളിമ്പസ് അനുസരിച്ച് ഒരു വ്യവസ്ഥാ സത്തയ്ക്ക് ഭൌതികരൂപം,
പ്രതിഭാസരൂപം, ധര്‍മരൂപം, ജ്ഞാനരൂപം, ബലരൂപം എന്നിങ്ങനെ അഞ്ചു മാനങ്ങള്‍
കാണും. (അവയില്‍ ഭൌതിക രൂപത്തെ മാത്രമാണ് ദ്രവ്യാവസ്ഥകളായി
ക്ലാസ്സിക്കല്‍ ശാസ്ത്രം കണ്ടു പോന്നിരുന്നത്. ക്വാണ്ടം ഭൗതികത്തിന്റെ
ആവിഷ്കാരത്തോടെ ഈ വീക്ഷണത്തിന് മാറ്റം കണ്ടു തുടങ്ങിയെങ്കിലും വ്യക്തമായ
നിഗമനങ്ങളില്‍ വ്യവസ്ഥാപിത ശാസ്ത്ര ലോകം ഇനിയും എത്തി ചേര്‍ന്നിട്ടില്ല.)

ഒളിമ്പസ്  അനുസരിച്ച് ദ്രവ്യം താഴെ പറയും വിധമൊക്കെയാണ്...

മുഴുവനും വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ചെല്ലുക.

https://www.facebook.com/note.php?note_id=289555901092357

സുസ്ഥിര ജീവനം (8) - പ്രപഞ്ച പഞ്ചകം

സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍
വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു.
അതാകട്ടെ അടുത്ത പാഠം.

പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം
പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും
ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍
നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ
സയന്‍സ് ജേര്‍ണലുകളില്‍ ദ്രവ്യത്തിന്റെ അടുത്ത അവസ്ഥകളായ ബോസ്
ഐംസ്റ്റീന്‍ കണ്ടന്‍സേറ്റുകളെ കുറിച്ചും ഫെര്‍മിയോണിക് കണ്ടന്‍സേറ്റുകളെ
കുറിച്ചും ഒക്കെ പ്രതിപാദനമുണ്ട്. ദ്രവ്യത്തിന്റെ ഭൌതിക രൂപത്തെ പോലും
കടന്നു കൊണ്ടുള്ള ദ്രവ്യ സ്വഭാവങ്ങളെ പോലും, ആധുനിക ശാസ്ത്ര വിജ്ഞാനീയം,
ദ്രവ്യാവസ്ഥകളില്‍ പെടുത്തി മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരു സത്തയ്ക്കുള്ള അഞ്ചു തരം രൂപങ്ങളെ പറ്റി അഞ്ചാം അദ്ധ്യായത്തില്‍ നാം
പഠിച്ചിരുന്നു. ഒളിമ്പസ് അനുസരിച്ച് ഒരു വ്യവസ്ഥാ സത്തയ്ക്ക് ഭൌതികരൂപം,
പ്രതിഭാസരൂപം, ധര്‍മരൂപം, ജ്ഞാനരൂപം, ബലരൂപം എന്നിങ്ങനെ അഞ്ചു മാനങ്ങള്‍
കാണും. (അവയില്‍ ഭൌതിക രൂപത്തെ മാത്രമാണ് ദ്രവ്യാവസ്ഥകളായി
ക്ലാസ്സിക്കല്‍ ശാസ്ത്രം കണ്ടു പോന്നിരുന്നത്. ക്വാണ്ടം ഭൗതികത്തിന്റെ
ആവിഷ്കാരത്തോടെ ഈ വീക്ഷണത്തിന് മാറ്റം കണ്ടു തുടങ്ങിയെങ്കിലും വ്യക്തമായ
നിഗമനങ്ങളില്‍ വ്യവസ്ഥാപിത ശാസ്ത്ര ലോകം ഇനിയും എത്തി ചേര്‍ന്നിട്ടില്ല.)

ഒളിമ്പസ്  അനുസരിച്ച് ദ്രവ്യം താഴെ പറയും വിധമൊക്കെയാണ്...

മുഴുവനും വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ചെല്ലുക.

https://www.facebook.com/note.php?note_id=289555901092357

സുസ്ഥിര ജീവനത്തെ പറ്റി ഒരു ലേഖന പരമ്പര എഴുതി വരികയായിരുന്നു.

സുസ്ഥിര ജീവനത്തെ പറ്റി ഒരു ലേഖന പരമ്പര എഴുതി വരികയായിരുന്നു. ഓരോ അദ്ധ്യായങ്ങള്‍ കഴിയുമ്പോഴും പ്രതികരണങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ ഒന്നുമില്ലാതെ ആയി. ആ ലേഖന രീതി ആകര്‍ഷണീയം ആയിരുന്നില്ല എന്ന് ഞാന്‍ വിലയിരുത്തുന്നു. ഇപ്പോള്‍ അങ്ങിനെ അങ്ങ് എഴുതാന്‍ തോന്നാറില്ല. ഒരു ആത്മ പ്രകടനം എന്നതിലുപരി ഇതിലൊന്നും കാര്യമില്ലെന്ന് പോലും തോന്നിപ്പോകുന്നു..

ഗൂഗിളുണ്ട്, സൂക്ഷിക്കുക.

പലരും, പലരുടെയും വരികള്‍ കോപ്പി ചെയ്തു എടുത്തു പോസ്റ്റ് ചെയ്യാറുണ്ട്. നല്ല വരികള്‍ പങ്കിടുന്നത് നല്ലത് തന്നെ.. സ്വന്തം അല്ലാത്തത് എടുത്തു പറയുമ്പോള്‍, അത് പറഞ്ഞ ആളെ കൂടി സൂചിപ്പിക്കുന്നത് നന്നാകും. അടിയില്‍ ഞാന്‍ ഇതിനെ പിന്താങ്ങുന്നു എന്നോ മറ്റോ ചേര്‍ക്കുകയും ആകാം. ഇല്ലെങ്കില്‍, വായില്‍ കൊള്ളാത്തത് പറഞ്ഞു എന്ന അപഖ്യാതി കേള്‍ക്കേണ്ടിവരും. ഗൌരവതരമായ ചര്‍ച്ചകളില്‍, ലേഖകന്റെ വ്യക്തിത്വത്തെയും, വീക്ഷണഗതിയെയും, ശേഷിയെയും തെറ്റിദ്ധരിക്കപ്പെടാനും ഇത് കാരണമാകും. കോപ്പിറൈറ്റ് നമ്മുടെ നാട്ടില്‍ ഒരു പ്രസക്ത വിഷയം അല്ല. എന്നാല്‍ വ്യക്തിത്വം എന്നത് കോപ്പി ചെയ്തു ഉണ്ടാക്കാവുന്നതല്ല.

ഒന്നറിയുക, നിങ്ങള്‍ പോസ്റ്റു ചെയ്യുന്ന വരികളില്‍ രണ്ടു എണ്ണം എടുത്തു ഗൂഗിള്‍ ചെയ്‌താല്‍, വരികളുടെ ജനിതക ചരിത്രം വരെ ലഭ്യമാകും.. ഇളിഭ്യത ചോദിച്ചു വാങ്ങാതിരിക്കാം.

ഗൂഗിളുണ്ട്, സൂക്ഷിക്കുക.

പലരും, പലരുടെയും വരികള്‍ കോപ്പി ചെയ്തു എടുത്തു പോസ്റ്റ് ചെയ്യാറുണ്ട്. നല്ല വരികള്‍ പങ്കിടുന്നത് നല്ലത് തന്നെ.. സ്വന്തം അല്ലാത്തത് എടുത്തു പറയുമ്പോള്‍, അത് പറഞ്ഞ ആളെ കൂടി സൂചിപ്പിക്കുന്നത് നന്നാകും. അടിയില്‍ ഞാന്‍ ഇതിനെ പിന്താങ്ങുന്നു എന്നോ മറ്റോ ചേര്‍ക്കുകയും ആകാം. ഇല്ലെങ്കില്‍, വായില്‍ കൊള്ളാത്തത് പറഞ്ഞു എന്ന അപഖ്യാതി കേള്‍ക്കേണ്ടിവരും. ഗൌരവതരമായ ചര്‍ച്ചകളില്‍, ലേഖകന്റെ വ്യക്തിത്വത്തെയും, വീക്ഷണഗതിയെയും, ശേഷിയെയും തെറ്റിദ്ധരിക്കപ്പെടാനും ഇത് കാരണമാകും. കോപ്പിറൈറ്റ് നമ്മുടെ നാട്ടില്‍ ഒരു പ്രസക്ത വിഷയം അല്ല. എന്നാല്‍ വ്യക്തിത്വം എന്നത് കോപ്പി ചെയ്തു ഉണ്ടാക്കാവുന്നതല്ല.

ഒന്നറിയുക, നിങ്ങള്‍ പോസ്റ്റു ചെയ്യുന്ന വരികളില്‍ രണ്ടു എണ്ണം എടുത്തു ഗൂഗിള്‍ ചെയ്‌താല്‍, വരികളുടെ ജനിതക ചരിത്രം വരെ ലഭ്യമാകും.. ഇളിഭ്യത ചോദിച്ചു വാങ്ങാതിരിക്കാം.