Tuesday, June 19, 2012

ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ?

ശ്യാം പ്രസാദ് ചോദിക്കുന്നു.. 
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? വാസനാ ബലം അനുകൂലം ആയും പ്രതികൂലം ആയും ഭവിക്കുമോ ? പ്രപഞ്ചം ത്തിനു ഒരു ബോധം ഉണ്ടെങ്കില്‍ ആ ബോധം ആയി ഉള്ള സംവേദനം ആത്മ അവിഷ്ക്കാരത്തിന് സഹായിക്കില്ലേ ??

എന്റെ മറുപടി..

=അവനവന്റെ അകത്തു ധര്‍മമെന്നു ബോധ്യമായി നിറഞ്ഞു നില്‍ക്കുന്നത്, കര്‍മമായി തീരുമ്പോഴാണ് ആത്മാവിഷ്കാര പ്രക്രിയ തുടങ്ങുന്നതെന്ന് തോന്നുന്നു. അവനവന്റെ അകം എന്ന് പറയുമ്പോള്‍, ജൈവ തലവും, കോശ തലവും കല തലവും അവയവ തലവും ജീവിതലവും  ഒക്കെ ചേര്‍ന്നതാണല്ലോ.. ഒരു ഡീ എന്‍ എയ്ക്ക് അകത്തു കരുതിയിരിക്കുന്ന ഒരു ബ്ലൂ പ്രിന്റു പുറത്തേയ്ക്ക് ഒഴുകി വരുന്നത് ക്രമമായി ഈ പറഞ്ഞ ഓരോ തലങ്ങളിലും കൂടിയാണ്. അകത്തു നിന്ന് ഞാന്‍ എന്ന തലം വരെയും, ഞാനില്‍ നിന്നും പ്രപഞ്ച തലം വരെയും ഉള്ള ഒരു സുതാര്യ വിനിമയം എപ്പൊഴു സംഭവിയ്ക്കുന്നുമുണ്ട്‌. അകം ബ്ലൂപ്രിന്റിലെ ധര്‍മ രേഖ, ഞാന്‍ എന്ന തലം വരെ എത്തുമ്പോഴാണ്, നാം അതിനെ ആത്മാവിഷ്കാരമായി അറിയുക. (അതിനുമപ്പുറത്തെയ്ക്ക്  ആ ധര്‍മ പ്രഭാവം ഒഴുകുന്നതിനെയും നാം അറിയാറില്ലെന്നാണ്  തോന്നുന്നത്.) ഒരു  വ്യക്തി അവന്റെ പരിസ്ഥിതിയില്‍ ലയിച്ചു ജീവിക്കുമ്പോഴാണ്, ഈ സുതാര്യത കൈവരിക. പരിസ്ഥിതി എന്നതിന്, അകം ലോകമെന്നും പുറം ലോകമെന്നും ഉള്ള പരിധികളും ഉണ്ടെന്നറിയണം. അങ്ങിനെ അകം ലോകത്തെയും പുറം ലോകത്തെയും ഇഴ ചേര്‍ക്കാനുള്ള തുറവി, ഈ ഞാന്‍ എന്നതിന് ഉണ്ടാകുമ്പോള്‍, ഈ ഞാന്‍ ആത്മാവിഷ്കാര സജ്ജനായി.

അടിസ്ഥാന ജൈവ പദാര്‍ത്ഥം മുതല്‍ പ്രപഞ്ചം വരെയുള്ള ഏതു വ്യവസ്ഥാ തലത്തിലും ബാഹ്യ പ്രേരണ കൊണ്ടോ, ആന്തരിക പ്രേരണ കൊണ്ടോ, ചില നിയുക്ത യുക്തികള്‍ വന്നു ചെര്‍ന്നെക്കാം. ഈ യുക്തികള്‍, അതതു തലങ്ങളുടെ സുതാര്യതയെ ഹനിക്കും. ചെറിയ സുതാര്യതാ ഭംഗങ്ങള്‍ കൊണ്ട് വലിയ വിനിമയപ്രശ്നം ഉണ്ടാകില്ല. എന്നാല്‍ എല്ലാ ഘട്ടത്തിലും അങ്ങിനെയോരോ സുതാര്യതാ ഭംഗങ്ങള്‍ വരുമ്പോള്‍, ജീവിതവും, ആവിഷ്കാരവും ഒക്കെ ശ്രമകരം തന്നെ.. ബുദ്ധി, ബോധം, ഉപബോധം, അവബോധം എന്നീയിടങ്ങളിലെല്ലാം ഈ ഭംഗങ്ങള്‍ ഉണ്ടാകാം.. മനുഷ്യ ഗണത്തിലെ ബഹു ഭൂരി പക്ഷം പേരും  ഈ ഭംഗങ്ങളും പേറിയാണ് ജീവിക്കുന്നത്.. വാസനാ ബലം ഉള്ളവര്‍ ആയിരിക്കും, ഈ ആവിഷ്കാരങ്ങള്‍ക്കു മുന്പിലെത്തുക. അതെ വാസനാ ബലം തന്നെ ആവിഷ്കാരങ്ങളില്‍ പിന്പിലെതിക്കാനും കാരണമായേക്കും. 

പ്രപഞ്ചവുമായുള്ള സംവേദനം തന്നെയാണ് ആത്മാവിഷ്കാരത്തിന് കാരണമാകുന്നതും. അത് ഉണ്ടെന്നു ബോധ്യമാകുകയും, അതില്‍ ശ്രദ്ധിക്കയും വേണം. സുതാര്യത, ഒരു ആശയമല്ല, പ്രായോഗികതയാണ്.. പ്രപഞ്ച ബോധത്തെ കുറിച്ചുള്ള അറിവ്, അതിനോടുള്ള ശ്രദ്ധ, അതിനാലുള്ള  തുറവി, എന്നിവ സ്തിതമായി നില നില്‍ക്കുമ്പോള്‍, ആവിഷ്കാരം സംഭവിക്കും. ശ്രമം ഇല്ലാതെ തന്നെ.. 

 

No comments:

Post a Comment