Saturday, July 30, 2011

ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം.

ഏതൊരു സത്തയ്ക്കും ഭൌതികം പ്രതിഭാസികം ധാര്‍മികം ജ്ഞാനീയം ഊര്‍ജപരം എന്നീ അഞ്ചു മാനങ്ങള്‍ കാണും (അവയ്ക്കോരോന്നിനും അയ്യഞ്ചു തലങ്ങളും, അവയ്ക്കോരോന്നിനും അയ്യഞ്ചു മുഖങ്ങളും ഉണ്ടാകും. അഞ്ചെന്ന ഈ ചരത്തെ വ്യാഖ്യാതാവിന്റെ ധിഷനയ്ക്ക് / കാഴ്ചയ്ക്ക് അനുസൃതം ഇനിയും വലുതാക്കാം. കേള്വിക്കാരന്റെ ശേഷികൂടി പരിഗണിച്ചു പ്രാഥമിക അഞ്ചു തലങ്ങള്‍ ആണ് ഇവിടെ പറയുന്നത്.)

ഏതൊരു സത്തയും മറ്റൊന്നിനോടും ചേരാതിരിക്കിമ്പോള്‍ സ്വതന്ത്ര സത്തകള്‍ ആയിരിക്കും. അവ മറ്റൊന്നിനോട് ചേരുമ്പോള്‍ പുതിയ സംയുക്തത്തില്‍ ഒരു ഭൌതികക്കുറവും (ദ്രവ്യമാന ദോഷം / mass defect) പ്രാതിഭാസിക പ്രത്യക്ഷപ്പെടലും (phenomenal appearance) ഉണ്ടാകും. ഇതിനനുസൃതം ആസത്തയുടെ ധര്‍മ / ജ്ഞാന / ഊര്‍ജ തലങ്ങളിലും വികാസങ്ങള്‍ ഉണ്ടാകും. (രസകരമായ കാര്യം ഭൌതികയില്‍ മാത്രമാണ് കുറവുവരുന്നത്‌ എന്നതാണ് )

ഒരു പ്രാഥമിക മൂല വസ്തു (പ്രൈം എലെമെന്റ് - ക്വാര്‍ക്കുകള്‍, ക്വിബിറ്റുകള്‍, ഫെര്‍മിയോനുകള്‍, നാളെ ആധുനിക ശാസ്ത്രം മറ്റൊന്ന് കണ്ടെത്തിയാല്‍ അത്..) മറ്റൊരു പ്രാഥമിക മൂല വസ്തുവുമായി ചേരുമ്പോള്‍ ഒരു പുതിയ സംയുക്തം ഉണ്ടാകുന്നു. അതിനു, ഘടക സത്തകള്‍ക്ക് ഉണ്ടായിരുന്ന പ്രതിഭാസങ്ങളുടെ ആകെ തുകയേക്കാള്‍ ഒരല്പം അധിക പ്രതിഭാസം കാണും. (വിശദീകരണത്തിന് ക്വാണ്ടം സിദ്ധാന്തം, സാംഖ്യം എന്നിവ പരിശോധിക്കുക) അത് ചേര്‍ച്ചയ്ക്ക് മുമ്പ് ഉണ്ടായിരുന്നില്ല, ചേര്‍ച്ചയില്‍ ഉണ്ടാകുന്നു. അത് ഒരു പ്രകൃതി വൈശിഷ്ട്യമാണ്. ഞങ്ങള്‍ ഈ പ്രകൃതി വൈശിഷ്ട്യത്തെ പെന്റാകൂ എന്ന് വിളിക്കും.

പ്രാഥമിക മൂല വസ്തുക്കള്‍ സംയുക്തമായും, സംയുക്തങ്ങള്‍ വലിയ സംയുക്തമായും സാഹചര്യാനുസരണം പകര്‍ന്നു കൂടി വരുമ്പോള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ചില പ്രത്യേക തരത്തിലുള്ള സംയുക്തങ്ങള്‍ക്ക് പെന്റാകൂ നല്‍കുന്ന ഒരു സവിശേഷ സ്വഭാവം /പ്രതിഭാസം ആണ് സ്വയം പരിചരണ സ്വഭാവം. (കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍, ഹൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെ ഒരു പ്രത്യേക കൂട്ടാണിത്. അത് ഒരു ബയോ പ്ലാസ്മിക് പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഊര്‍ജ പ്രസരണ മണ്ഡലത്തില്‍ മാത്രം സംഭവിക്കുന്നു.) പ്രോടോപ്ലാസവും മറ്റും ഇങ്ങനെ ഉണ്ടാകുന്നതാണ്. ഇതാണ് ആദ്യ തല ജൈവ സത്ത. ഈതലത്തിലാണ് ബോധം എന്ന ജ്ഞാനാവസ്ഥ ഒരു സത്തയ്ക്ക് വന്നു ചേരുന്നത്.

പിന്നീട് ജൈവ സത്തകള്‍ ചേര്‍ന്ന് കോശങ്ങളായും , കോശങ്ങള്‍ ചേര്‍ന്ന് കലകളായും, കലകള്‍ ചേര്‍ന്ന് അവയവങ്ങള്‍ ആയും അവയവങ്ങള്‍ ചേര്‍ന്ന് ജീവിയായും ജീവികള്‍ ചേര്‍ന്ന് ജീവി വര്‍ഗങ്ങള്‍ ആയും ജീവി വര്‍ഗങ്ങള്‍ ചേര്‍ന്ന് ജൈവ സമൂഹമായും മാറുന്നു.

ഇപ്പറഞ്ഞത്‌ ജൈവ ധാരയാണ്. ഇതിനു സമാന്തരമായി, അജൈവ ധാരയും ഉണ്ടാകുന്നുണ്ട്. ഈ രണ്ടു ധാരകളും ചേര്‍ന്ന് ജൈവാജൈവ സമൂഹവും, പിന്നെ ഭൂമി / ഗ്രഹം, സൌരയൂഥം.....പ്രപഞ്ചം എന്നിവ വരെ ഉണ്ടാകുന്നു.

ഇതിലെ പല അവസ്ഥകള്‍ക്കും സ്വതത്ര അസ്ഥിത്വമോ സ്വതന്ത്ര ബോധമോ ഇല്ല എന്നത് അറിയേണ്ടതുണ്ട്.

ജീവി എന്ന ഒരു അവസ്ഥയില്‍ അതിനുണ്ടാകുന്ന
ഭൌതിക മാനമാണ് ശരീരം (Body)
പ്രതിഭാസ മാനമാണ് ജീവന്‍ (Life)
ധര്‍മ മാനമാണ് മനസ്സ് (Consciousness)
ജ്ഞാന മാനമാണ് ബോധം (Sense)
ഊര്‍ജ മാനമാണ് ശക്തി (Vitality)

ഈ അവസ്ഥകള്‍ ഓരോ സത്തയുടെ ഓരോ തലത്തിലും ഉണ്ടാകും.

അത്തരത്തില്‍ പ്രപഞ്ചത്തിനുണ്ടാകുന്ന
ഭൌതിക മാനമാണ് ദൃശ്യ പ്രകൃതി / പ്രകൃതി (Nature)
പ്രതിഭാസ മാനമാണ് ഐകകം (Uniter)
ധര്‍മ മാനമാണ് നിയതി (Destiny)
ജ്ഞാന മാനമാണ് പരിബോധം (Super Sense)
ഊര്‍ജ മാനമാണ് പരിശക്തി (Omnipotence)

ഇതില്‍ ഐകകം എന്ന ഒരവസ്ഥയെ ആണ് വിശ്വാസികള്‍ ഈശ്വരന്‍ എന്ന് വിളിക്കുന്നത്‌. (ജീവിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രതിഭാസത്തിന്റെ / ജീവന്റെ പ്രകടാവസ്ഥയെ ആണല്ലോ വ്യക്തിത്വമായി മനസ്സിലാക്കപ്പെടുന്നത്‌ . എങ്കില്‍ പ്രപഞ്ചത്തിന്റെ പ്രകടാവസ്ഥയെ ഈശ്വരന്‍ എന്ന് വിളിക്കാം. ) ഇങ്ങനെ നോക്കുമ്പോള്‍ നാം ഈശ്വരനെ കുറച്ചു കാണുന്നു എന്ന് മനസ്സിലാക്കാം. (പ്രതിഭാസ അവസ്ഥ മാത്രം കണ്ടാല്‍ പോരല്ലോ? ) എല്ലാ അവസ്ഥകള്‍ക്കും കൂടിയാണ് നാം പ്രപഞ്ചം എന്ന് പറയുന്നത്.

ഈ പ്രതിപാദ്യത്തിലെ വ്യവസ്ഥകളായ പ്രാഥമിക മൂല സത്തയും, കോശവും, ജീവിയും, സമൂഹവും, ഭൂമിയും പ്രപഞ്ചവുമെല്ലാം ഈ ശ്രേണീ വിന്യാസം നിരന്തരം കാത്തു സൂക്ഷിക്കുന്നുണ്ട്. പക്ഷെ സാധാരണ രീതിയില്‍ അവയെല്ലാം തൊട്ടു അകത്തോ പുറത്തോ ഉള്ള ഒരു വ്യവസ്ഥാ തലവുമായി മാത്രമേ നേര്‍ ബന്ധമോ വിനിമയമോ ഉണ്ടാക്കുകയുള്ളൂ. വിശേഷ യുക്തികള്‍ വിനിമയത്തില്‍ കടന്നു കയറി വരുന്നില്ലെങ്കില്‍, ഓരോ തലത്തിനും ഉള്ള ബോധങ്ങളെയും ബോധ്യപ്പെടുത്താതെ വിനിമയം ചെയ്യാനും ശ്രേണീ വിന്യാസത്തിന് അതീതമായി അത് തുടരാനും വ്യവസ്ഥകള്‍ക്ക് കഴിയും.( നിദ്ര, ധ്യാനം, ഹിപ്നോസിസ്, സബ്ലിമിനലുകള്‍ എന്നിവ ഈ വിനിമയം സാധ്യമാക്കുന്നവയാണ്. ) ഈ ശ്രേണീ വിന്യാസം ലംബ തലത്തിലും തിരശ്ചീന തലത്തിലും നിരന്തരം തുടരുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു സ്വയം പരിചരിത/നിയത്രിത/സംഘടിത സംവിധാനത്തെയാണ് ഒളിമ്പസ് പെന്റാക്കൂ എന്ന് വിളിക്കുന്നത്‌. ഇത് തന്നെ വിശ്വാസികളുടെ ഈശ്വരീയം.

പ്രാര്‍ത്ഥന ഈശ്വരീയവുമായുള്ള വിനിമയമാണ്‌. ധ്യാനവും അത് തന്നെ. ഇത്രയും ബ്രിഹത്തായ ഈ മഹദ് സംവിധാനത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ്, മതങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന വ്യക്തി രൂപത്തില്‍ ഈശ്വരീയത്തെ പഠിപ്പിക്കുന്നത്. സംവിധാനവുമായി ഭൌതികേതര ബന്ധം നിരന്തരം നില നിര്‍ത്താനാണ് ആരാധനാലയങ്ങള്‍ ഉണ്ടാക്കിയത്. ഇന്നതിന്റെയൊക്കെ പ്രവര്‍ത്തന രീതിയും ലക്ഷ്യവും മാറിപ്പോയെങ്കിലും. വിശ്വാസികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ജീവി തലതില്‍നിന്നും തൊട്ടു അകത്തോ പുറത്തോ സമീപസ്തമോ ആയ ഒന്നിലേക്ക് മാത്രമേ ഭൌതിക വിനിമയം സാദ്ധ്യമാകുകയുള്ളൂ. എങ്കില്‍ തന്റെ അര്‍ത്ഥനകള്‍ പ്രപഞ്ച തലത്തിലിരിക്കുന്ന ഈശ്വരനെങ്ങനെ കേള്‍ക്കും? ധ്യാനാത്മകമായ പ്രാര്‍ഥനകള്‍ കൊണ്ടേ ഉപരി വിന്യസിത ബോധങ്ങളിലേക്ക് വിനിമയം സാധ്യമാകൂ.. അതിന്റെ ഫല പ്രാപ്തിയ്ക്കും പ്രപഞ്ച നിയത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വ്യവസ്ഥകള്‍ തമ്മിലുള്ളതും വ്യവസ്ഥാ തലങ്ങള്‍ തമ്മിലുള്ളതുമായ വിനിമയങ്ങള്‍ ശരിയാം വിധം നടക്കുമ്പോള്‍, അവയ്ക്കിടെ വിശിഷ്ട യുക്തികള്‍ വന്നു ചേരില്ല. വിശേഷ യുക്തികളുടെ സാന്നിദ്ധ്യത്തില്‍ വിനിമയവും നടക്കില്ല. ചിന്ത, മൂര്‍ത്ത മാതൃകയില്ലാത്ത ഭാവന, സംസ്കാരം, വിദ്യാഭ്യാസം എന്നിവ വിശേഷ യുക്തിയെ ഉരുവാക്കും. അത് കൊണ്ട് തന്നെയാണ് ഈശ്വരീയത്തെ വിശ്വസിക്കുന്നര്‍ക്ക് യുക്തിയില്ലാതെ പോകുന്നതും യുക്തി വാദികള്‍ക്ക് ഈശ്വരീയത്തെ അനുഭവിക്കാന്‍ കഴിയാതെ പോകുന്നതും (അവസാന വാചകം ഒരു സാമാന്യ പ്രസ്താവനയാണ്. അതിന്റെ ശാസ്ത്രീയത താള-യുക്തികളെ പറ്റി വിശകലനം ചെയ്യുന്ന മറ്റൊരിടത്ത് വിശദീകരിക്കാം )

No comments:

Post a Comment