Thursday, March 8, 2012

ബന്ധുത്വ മനനം

ബന്ധുത്വ മനനം

പ്രവര്‍ത്തകര്‍ക്കിടയിലും  ഗ്രാമീണര്‍ക്കിടയിലും, മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ  ശ്രീ പങ്കജാക്ഷക്കുറുപ്പ്,  ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ  കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി വലിയ മാറ്റങ്ങള്‍ക്കു വഴി വയ്ക്കും എന്ന് അനുഭവം. ഗുണകരമായി അനുഭവപ്പെടുന്നവര്‍, ഒന്ന് അറിയിക്കുമല്ലോ.. (9497628007)

വരൂ, 
നമുക്ക്, 
നമ്മുടെ അകത്തുള്ള ലോകത്തേക്ക്, 
നമ്മുടെ ആന്തരാകാശത്തിലേക്ക്, 
ഒന്ന് യാത്ര ചെയ്യാം.
നമ്മിലെ നന്മ തിന്മകളെ 
ഒന്നോര്‍ത്തു നോക്കാം.

പതിയെ, പതിയെ..

നമ്മുടെ രൂപമോന്നോര്‍ക്കാം, 
അതിനകത്തെ ജീവനെയും ഒന്നോര്‍ക്കാം, 
ആ ജീവന്റെ പ്രതിഫലനമാകുന്ന 
നമ്മുടെ വ്യക്തിത്വത്തെയും ഒന്നോര്‍ത്തു നോക്കാം
അതിലെ നന്മകള്‍ എത്ര, തിന്മകളെത്ര,
ഈ തിന്മകള്‍ നന്മകളായി ഭവിക്കണമെന്നു 
നമുക്കൊന്നാശിക്കാം.

ഇനി 
പതിയെ 
നമ്മുടെ അമ്മയച്ഛന്മാരെ, ഗുരുക്കന്മാരെ, 
സഹോദരങ്ങളെ, ഇണയെ, മക്കളെ, 
സുഹൃത്തുക്കളെ, ബന്ധുക്കളെ, ശിഷ്യരെ 
ഓരോരുത്തരെയായി ഓര്‍ക്കുക. 

ഇന്നത്തെ ദിനം വരെ 
നാം അവര്‍ക്കായി നല്‍കിയ 
സന്തോഷങ്ങള്‍ എത്ര, 
ദുഃഖങ്ങള്‍ എത്ര, 
അവരോടു തോന്നിയ 
കാരുണ്യം എത്ര.

നമ്മിലെ നന്മയും തിന്മയും 
ഇനിയെങ്കിലും 
അവരെയാരെയും നോവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് 
നമുക്കുറപ്പിക്കാം.

അതുപോലെ അവരോരുത്തരുടെയും 
നന്മകളും തിന്മകളും 
അവരുടെ തന്നെ ഭാഗമാണെന്നു കണ്ടറിയാനും, 
അവയ്ക്കതീതമായി അവരെ സ്നേഹിക്കാനും കഴിയണമെന്ന് 
നമുക്കാശിക്കാം.

പതിയെ, 
നമ്മുടെ അയല്പക്കക്കാരെ, പരിചയക്കാരെ, 
ഇടപാടുകാരെ, ഒക്കെയൊക്കെ ഓര്‍ക്കുക.

അവരുടെ 
നന്മകളെ സന്തോഷത്തോടു കൂടിയും, 
തിന്മകളെ ശാന്തതയോട് കൂടിയും 
മാത്രമേ ഉള്‍ക്കൊള്ളൂ എന്ന് 
മനസ്സിലുറപ്പിക്കാം.

നമ്മുടെ 
നോക്കോ, വാക്കോ, പ്രവര്‍ത്തിയോ, വസ്തുവോ, 
ഉപകരണമോ, വളര്‍ത്തു മൃഗമോ, വാഹനമോ, 
ഒന്ന് കൊണ്ടും അവര്‍ക്കാര്‍ക്കും 
ഒരു നോവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് 
നമുക്കുറപ്പിക്കാം.

അരികിലും വിദൂരതയിലും ഉള്ള 
സര്‍വ മനുഷ്യ  ജന്തു ജാലങ്ങളും 
നമ്മുടെ ബന്ധുക്കളാണെന്ന് നമുക്ക് തിരിച്ചറിയാം.

അവരില്‍ നിന്ന് വാങ്ങിയും അവര്‍ക്കുള്ളത് കൊടുത്തും, 
അന്യോന്യ ജീവിതം നയിച്ചും മാത്രമേ 
നമുക്കും തലമുറകള്‍ക്കും കഴിയാനാകൂ എന്നതും 
നമുക്ക് തിരിച്ചറിയാം, 

എല്ലാരും നമ്മുടെ ബന്ധുക്കളാണെന്ന  സത്യത്തെ 
നമുക്കംഗീകരിക്കാം.

ഇനി
ഭാവം വെടിഞ്ഞു, ശത്രുത  വെടിഞ്ഞു, 
അന്യത വെടിഞ്ഞു, ഭയം  വെടിഞ്ഞു, 
തിരികെ വരിക... 

ബോധത്തോടെ, സ്നേഹത്തോടെ, 
ബന്ധുത്വത്തോടെ, ധൈര്യത്തോടെ...

നമ്മുടെ  സാധാരണ ചിന്തകളിലേക്ക്, 
തുടര്‍ന്നുള്ള ജീവിതത്തിലേക്ക്..
പതിയെ, പതിയെ,

   

No comments:

Post a Comment