Friday, July 6, 2012

പണത്തിന്റെ പ്രസക്തി എന്താണ്

ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 
1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍?
2. പണം അവശ്യഘടകമാണോ?
3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ?
4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ?

ഒളിമ്പസ്സിനുള്ള ഉത്തരം = 
പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന രൂപത്തില്‍ തന്നെ ആയിക്കൊള്ളണം എന്നുമില്ല. പണം എന്ന വിനിമയ ഉപാധി പ്രസക്തമാകുന്നത് മനുഷ്യ കേന്ദ്രിതവും, മനുഷ്യ മാത്രവും ആയ ഒരു വിനിമയ പശ്ചാതലത്തിലാണ്. ഇന്ന് ലോക വിഭവങ്ങളെയും, നീതിയേയും ഉടമസ്ഥതയെയും, ഒക്കെ നിയന്ത്രിക്കുന്നത്‌, മനുഷ്യനാണ് എന്ന് മനുഷ്യ കേന്ദ്രിത രാഷ്ട്രീയ വീക്ഷണത്തില്‍ പറയാം. അതിനാല്‍ തന്നെ പണം, ഇഹലോക ജീവിതത്തിനു അത്യന്താപേക്ഷിതം ആണ്. 

ഒളിമ്പസ്സിന്റെ വ്യവസ്ഥാ നിയമമനുസരിച്ച്, ആദി മൂലം (പ്രാഥമിക വസ്തു) മുതല്‍ പ്രപഞ്ചം വരെയും വിതാനം ചെയ്തിരിക്കുന്നത് വ്യവസ്ഥകള്‍ ആയിട്ടാണ്. അവയില്‍ ഒരു പൂര്‍ണ ജൈവ സംവിധാനമായി നില കൊള്ളുന്ന ഓരോ അനന്യ മണ്ഡലങ്ങള്‍ക്കും (Domain) അവയുടേതായ സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും ഉണ്ടാകും. ഓരോരോ അനന്യ മണ്ഡലങ്ങള്‍ക്കും സമാനമായ ഇതര മണ്ഡലങ്ങള്‍ക്കും, സ്വന്തമായി   അവയുടേതായ സമാന സ്വതന്ത്ര നിയമ ക്രമങ്ങളും, വിനിമയ സംവിധാനങ്ങളും  ഉണ്ടായിരിക്കും. ഈ ക്രമം അനുസരിച്ച് രാഷ്ട്രം എന്നത് ഒരു സ്വതന്ത്ര അനന്യ മണ്ഡലം ആണ്. അതിന്റെ മുഖ്യ കാരക ഘടകങ്ങള്‍ മനുഷ്യരാണ്. (ഇതര ജീവികള്‍ക്ക് പൌരത്വം ഉള്ള രാഷ്ട്രങ്ങള്‍ ഈസോപ്പ് കഥകളിലെ കാണൂ.. അതുകൊണ്ട് തന്നെ, മന്‍ഷ്യന്‍, പ്രകൃതിയെ വേറിട്ട്‌ കാണുന്നു.) 

മനുഷ്യ കേന്ദ്രിത രാഷ്ട്ര സങ്കല്പത്തില്‍,  പ്രകൃതിയെയും അദ്ധ്വാനത്തെയും, വസ്തുക്കളെയും, ആശയങ്ങളെയും അറിവിനെയും, പ്രസിദ്ധിയേയും വരെ മനുഷ്യന്‍ അവനു യുക്തമായൊരു മൂല്യ മാനദണ്ഡത്തില്‍ കാണുന്നു. ആ മൂല്യത്തെ  പ്രതിനിധാനം ചെയ്യാന്‍  പണത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണത്തെ പ്രതിനിധാനം ചെയ്യാന്‍ നാണയങ്ങളെ ഉപയോഗിച്ച് തുടങ്ങുകയും, പിന്നീടവ  വാഗ്ദാനപത്രങ്ങളായും (Promissory Note), ഈ പണമായും വരെ ചെന്നെത്തിക്കഴിഞ്ഞു. 

വ്യവസ്ഥാനുസരണമുള്ള വിതരണ ക്രമത്തിലെ ഓരോ അനന്യ മണ്ഡലവും അവയവയുടെ സ്വതന്ത്രമായ നിയമ സംവിധാനങ്ങളോടെ (പ്രാഥമിക നിയമങ്ങള്‍ അഥവാ ലഘു നിയമങ്ങള്‍) മുന്‍പോട്ടു പോകുമെങ്കിലും  അവയെല്ലാം, ആ വ്യവസ്ഥയുടെ ഉപരി വ്യവസ്ഥയുടെ നിയമ സംവിധാനങ്ങള്‍ക്ക് (ദ്വിതീയ നിയമങ്ങള്‍ അഥവാ ഗുരു നിയമങ്ങള്‍) കീഴെ ആയിരിക്കും നില കൊള്ളുക. അത് കൊണ്ട് തന്നെ, പണം എന്ന മനുഷ്യ കേന്ദ്രിത വിനിമയ ഉപാധി, സമ്പത്ത് എന്ന പ്രകൃതി കേന്ദ്രിത വിനിമയ ഉപാധിയ്ക്ക് കീഴെ മാത്രം നില കൊള്ളുന്ന ഒന്നാണ്.

അപ്പോള്‍. പ്രകൃതി കേന്ദ്രിതമായ ഒരു മനുഷ്യ  ആവാസ വ്യവസ്ഥയില്‍ (ഉദാഹരണം : വനാന്തരങ്ങളിലെ ഗോത്ര ജീവിതം, ഇക്കോ വില്ലേജുകളിലെ നവ ഗോത്ര ജീവിതം തുടങ്ങിയ വ്യവസ്ഥകളില്‍), പണം എന്ന ഉപാധി ഇല്ലാതെ തന്നെ നമുക്ക് ജീവിക്കാന്‍ ആകും. എന്നാല്‍, മനുഷ്യ കേന്ദ്രിത വ്യവസ്ഥയില്‍ പണം ഒരു അവശ്യ ഘടകം തന്നെ. 
  
പിന്‍ കുറിപ്പ്..
ശരത്, പണമായാലും, സമ്പന്നതയായാലും, അത് സംഭരിക്കാന്‍, ഒരു സവിശേഷ ശൂന്യസ്ഥലം (Specific Vacuum) ആവശ്യമാണ്.  അതില്ലാത്തവയ്ക്ക് സമ്പന്നത, അന്യം തന്നെ..  സമ്പന്നതയ്ക്കുള്ള ഈ ശേഷി കൈവശമുള്ള ഒരു മനുഷ്യന്, പണമില്ലാതെയും ജീവിക്കാം, സമ്പന്നതയില്‍ തന്നെ.. ഒളിമ്പസ്സിന്റെ പണരഹിത ജീവിത പരീക്ഷണങ്ങള്‍, അത് തെളിയിച്ചിട്ടുള്ളതാണ്.. പണം സമ്പാദിക്കാതെയോ     കൈ കൊണ്ട് തൊടാതെയോ  തന്നെ ജീവിച്ച  കുറെ ഏറെ വര്‍ഷങ്ങളില്‍, ഞങ്ങളാരും പട്ടിണി കിടക്കുകയോ അന്തിച്ചിരിക്കേണ്ടി വരികയോ, ഭിക്ഷാടനത്തിന്  പോകുകയോ ചെയ്തിട്ടില്ല. സമ്പന്നതയുടെ മനോചിത്രം സ്വന്തമായുണ്ടെങ്കില്‍, പിന്നെ പണം വേണം എന്നില്ല. ജീവനം സുഗമമായി നടന്നു കൊള്ളും. കൂടുതലറിയാന്‍ ഒളിമ്പസ്സിലേക്ക് നേരില്‍ വരികയാകും അഭികാമ്യം ശരത്.. 

No comments:

Post a Comment