Thursday, February 23, 2012

ഒളിമ്പസ് അനുസരിച്ച് പറയട്ടെ..


മനുഷ്യന്‍ അറിയുന്നു എന്നത് യുക്തി കൊണ്ടാണ്.. മൃഗം ആകട്ടെ അവബോധം  കൊണ്ടും. അവബോധത്തെ തിരിച്ചറിയാത്ത മനുഷ്യന്‍, മൃഗം അറിയുന്നില്ല എന്ന് ധരിക്കുന്നു. അറിവ് എന്നത്  ഒരു സത്തയുടെ വിനിമയ / ജ്ഞാന രൂപമാണ്. അതിനെ പല സാന്ദ്ര അവസ്ഥകളില്‍ മനസ്സിലാക്കുമ്പോള്‍ അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണ എന്നിങ്ങനെ കാണാം.  ഉയര്‍ന്ന യൌക്തിക ശേഷിയുള്ള സത്തകളില്‍ അവബോധം കുറയുകയും, പ്രേര ജ്ഞാനം കൂടുകയും ചെയ്യും. മൃഗത്തിന് യൌക്തികതയെ അറിയാത്ത പോലെ മനുഷ്യന് അവബോധത്തെയും തൊട്ടറിയാന്‍ ആകില്ല. (ഒരിക്കലും ആകാന്‍ കഴിയില്ല എന്ന് കരുതരുത്, മനുഷ്യനില്‍ അതു നിദ്രാവസ്ഥയില്‍ ആണ്. ധ്യാനം ആണ് അത് തൊട്ടറിയാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം.. അതിന്റെ ഫലം എല്ലാവര്ക്കും പ്രാപ്തമല്ല താനും )    

യുക്തി  എന്നത് , ഒരു  സത്തയുടെ വികാസ സ്വഭാവത്തിന്റെ വഴി തിരിവാണ്. അത് പ്രതീതമോ പ്രേരിതമോ ആയ അവസ്ഥയില്‍ നാം അറിയുമ്പോള്‍ ബുദ്ധിയുടെ അടിസ്ഥാന നിര്‍ദ്ധാരണ സ്വഭാവം എന്ന് മനസ്സിലാക്കുന്നു. അവബോധം എന്നത് സാന്ദ്രീകൃതമായ ജ്ഞാനാവസ്ഥയാണ്. ജ്ഞാനമെന്നത് ഒരു സത്ത, അതിന്റെ ആന്തരിക - ബാഹ്യ - സഹ വ്യവസ്ഥാ തലങ്ങളുമായി ഉള്ള ഏകതാനത ആണ്. ഇവ ചേര്‍ത്ത് വായിക്കുമ്പോള്‍ ജ്ഞാനീയ സ്വഭാവത്തെ ആര്‍ജിക്കാനുള്ള ഒരു സത്തയുടെ ശേഷിയുടെ (ധര്‍മ ആവിഷ്കാരത്തിന്റെ) ഒരു ഘട്ടമെന്നു നമുക്ക് യുക്തിയെ മനസിലാക്കാം. യുക്തി അന്ത്യഘട്ടമെങ്കില്‍, താളം, ആദ്യ ഘട്ടമാണ്. പ്രതീതമോ പ്രേരിതമോ ആയ ധര്‍മ ആവിഷ്കാരമാണ് യുക്തി. അതിനാല്‍ ആര്‍ജിക്കാന്‍ ആകുക, സങ്കല്പങ്ങളോ ഊഹങ്ങളോ വിധികളോ പ്രേരണകളോ ആണ്. 

യുക്തി  അവബോധമുണ്ടാക്കും എന്ന ഒരു വിരുദ്ധമായ വസ്തുത കൂടി കണ്ടു വരുന്നു. അത് ആ സത്തയുടെ വികാസ ഘട്ടത്തിലെ ഒരു മായ (പ്രതീതാവസ്ഥ) ആണ്. ആ മായയ്ക്ക്, ആ സത്തയുടെ സഹജ സ്വഭാവത്തെ തന്നെ മറച്ചു വയ്ക്കാനും, മറ്റൊന്നായി ചിത്രീകരിക്കപ്പെടാനും കഴിയും. നവ സമൂഹത്തിലെ പലര്‍ക്കും വിശ്വസ്ഥത (integrity)  കുറവെന്നു നാം കരുതാറുള്ളതും അത് കൊണ്ട് തന്നെ.. അത് കപടമാണെന്ന് തികച്ചും പറയുക വയ്യ.  (അതൊരു പ്രതീതാവസ്ഥയാണ്) എന്നാല്‍ അവരാകട്ടെ, കാണുന്നതിനെയെല്ലാം കപടം എന്ന് കരുതുകയും, അങ്ങിനെ തന്നെ അനുഭവിക്കുകയും ചെയ്യും. ഈ അനുഭവം യുക്തിയാല്‍ പ്രേരിതമാകുന്ന പ്രതീത അവബോധം ആണ്. 

No comments:

Post a Comment