Monday, January 9, 2012

എല്ലാരുടെയും കാര്യം എനിക്കറിയില്ല.. എന്റെ കാര്യം പറയാം..

ഒരു പാമ്പ് എന്നെയോ എന്റെ കുഞ്ഞിനെയോ ആക്രമിക്കാന്‍ വന്നാല്‍ ജീവ
രക്ഷാര്‍ത്ഥം അതിനെ കൊല്ലേണ്ടി വന്നേക്കാം.. അത് പാമ്പല്ല മനുഷ്യനായാലും,
ഞാന്‍ അങ്ങിനെ തന്നെ ആണ് പെരുമാറാന്‍ സാധ്യത..  എന്നാലും ഒരു പാമ്പ്
എന്റെ കൈ കൊണ്ട് കൊല്ലപ്പെടാനുള്ള സാദ്ധ്യത ഉണ്ടാകില്ല എന്നാണെന്റെ
വിശ്വാസം. കാരണം, ഞാന്‍ ജീവിക്കുന്ന നാട്ടിലെ പാമ്പുകളൊന്നും "ചെന്ന്"
ആക്രമിക്കാറില്ല. കഥകളില്‍ അല്ലാതെ അങ്ങിനെ ഒരു കാര്യം റിപ്പോര്‍ട്ട്
ചെയ്തതായി കേട്ടിട്ടില്ല  .. (മനുഷ്യര്‍ അങ്ങിനെ അല്ല എന്ന് ഏതു  നാളിലെ
 പത്രമെടുത്ത്‌ നോക്കിയാലും കാണാം).

എനിക്ക് ലോകത്തില്‍ ആകെ പേടിയുള്ളതു പാമ്പിനെ ആണ്. ലോകത്തൊരു പാമ്പിനും
എന്നോളം വേഗതയില്‍ ഒടാനാകില്ല എന്നതാണ് എന്റെ ധൈര്യം. :)

ഞങ്ങള്‍ ഇവിടെ ചെയ്യാറുള്ള ഒരു കാര്യം പറയാം.  (ജെട്സന്‍ കൂടെ
ഉണ്ടായിരുന്ന കാലത്തെ കഥ.. ഇപ്പോള്‍ ജട്സന്‍ ദിബായില്‍ ആണ്. അവിടെ
വളര്‍ത്തു പാമ്പുകളെ നാത്രമേ കണ്ടിട്ടുള്ളൂവത്രേ..) നാട്ടില്‍ ആരെങ്കിലും
പാമ്പിനെ കാണുകയും, കൊല്ലാന്‍ തുനിയുകയും ചെയ്‌താല്‍, ആ പ്രദേശത്ത്
ഒളിമ്പസ് പ്രവര്‍ത്തകരെ പരിചയമുള്ളവര്‍ ഞങ്ങളെ വിളിക്കും. ഞങ്ങള്‍
(ജട്സന്‍ അടക്കമുള്ള ഒളിമ്പസിന്റെ ഒരു ടീം) പോയി പാമ്പിനെ പിടിക്കും.
പിന്നെ ഒളിമ്പസ്സിലെക് കൊണ്ടുവരും. പാമ്പുകളുമായി ഞങ്ങള്‍ക്കുള്ള
പരിചയവും അറിവും കൂട്ടാന്‍ ജെട്സന്‍ ഞങ്ങള്‍ക്ക് കുറച്ചു ക്ലാസ്സുകള്‍
തരും. പിന്നെ എല്ലാരും കൂടി നാടുകാര്‍ക്കും സമീപ വാസികള്‍ക്കും ചില
ക്ലാസുകളും ബോധാവല്കരണങ്ങളും മറ്റും നടത്തും..പിന്നെ കുറച്ചു നേരം,
ഇവിടെയുള്ളവര്‍ (ഞാന്‍ ഒഴിച്ച്..)  പാമ്പുകളും ഒത്തു  കളിക്കും. പിന്നീട്
അടുത്തുള്ള റിസര്‍വ് വനത്തില്‍ കൊണ്ട് വിടും. നൂറു കണക്കിന് പാമ്പുകളെ
ജെട്സന്റെ കയ്യാല്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.  (ഇവിടെ ബക്കറ്റില്‍
മൂരഖനെ വച്ച് ഇവര്‍ ഒക്കെ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍, ഞാന്‍ പേടിച്ചു
വിറച്ചു കിടന്നിട്ടുമുണ്ട്)

പാമ്പുകളുമായി  ഇന്നോളമുള്ള സഹവാസത്തില്‍ ഒന്നറിയാം. പാമ്പുകള്‍
ഉപദ്രവിക്കില്ല.. അതിനാല്‍ അതിനെ ഭയക്കെണ്ടതുമില്ല ( ഭയക്കെന്ടെന്ന
ഉപദേശം നിങ്ങള്‍ക്കുള്ളത്‌, എനിക്ക് ബാധകമല്ല ഹ ഹ ഹ ) നാലാള്‍ കാണ്‍കെ
മറ്റൊരാള്‍ക്ക്‌ ഒരല്പം നല്‍കി, അഭിമാനിക്കുന്ന മാനവ പ്രമുഖര്‍
ആലോചിക്കുക, ഒരു പാമ്പിനെ (ഏതു ജീവിയും) കൊല്ലുന്നതില്‍ നിന്നും ആരെ
പിന്തിരിപ്പിക്കുന്നതും മഹാ പുണ്യമാണ്..

പിന്നെ, വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പാമ്പു കടിച്ചു കൊന്ന ഒരു
സംഭവം കഴിഞ്ഞ ആഴ്ചയാണ് നടന്നത് എന്ന ആഖ്യാനം..

അതൊരു ഒറ്റപ്പെട്ട സംഭവം ആണ്. വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍
മരിച്ചു എന്ന് പത്രത്തില്‍ കണ്ടാല്‍ എല്ലാ വീടിന്റെയും മേല്‍ക്കൂര
പൊളിച്ചു കളയുക ഒരിക്കലും ഒരു പരിഹാരമല്ല. വാഹനാപകടങ്ങള്‍ ഒറ്റപ്പെട്ട
സംഭവമല്ല. എന്ന് വച്ച് എല്ലാ വാഹനങ്ങളും ഇല്ലാതാക്കുക അല്ല നാം ചെയ്യുക.

എന്റെ വീട്ടില്‍ ഇടയ്ക്ക് പാമ്പുകള്‍ വരാറുണ്ട്. അതിനെ ഓടിച്ചു വിടും.
പത്തിരുപതു കൊല്ലം മുമ്പ് ഒളിമ്പസ് ആശ്രമം ഓല കൊട് കെട്ടിയപ്പോള്‍ ഒരു
പാമ്പിന്‍ വഴിത്താരയില്‍ ആയിരുന്നു കെട്ടിയത്. നിത്യവും ഒരു കരി
മൂര്‍ഖന്‍ അതിലൂടെ കടന്നു പോകും. എന്റെ മുകളിലൂടെ പലവട്ടം കടന്നു
പോയിട്ടുണ്ട്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക് പാമ്പിനെ
ഭയമുണ്ടെങ്കിലും, പാമ്പു എന്നെ ഒന്നും ചെയ്യില്ല എന്ന പ്രകൃത്യാനുഭവ
വിശ്വാസം ആണ് എന്നെ കാത്തത്. സ്ഥിരമായി കാടുകളില്‍ ചെന്ന് താമസിക്കുന്ന
ആളുകളാണ് ഒളിമ്പസ്സിലെ  അംഗങ്ങള്‍. ഇന്നോളം ആരും ഒരു ജീവിയുടെയും ഉപദ്രവം
നേരിട്ടിട്ടില്ല.

എന്ന് വച്ച് പാമ്പിനെ ഇപ്പോഴും മടിയില്‍ വച്ച് താലോലിക്കണം  എന്നല്ല. നാം
പാമ്പിനെ ഉപദ്രവിക്കുന്നതായി അതിനു തോന്നുമ്പോഴാണ് അത് ഭയപ്പെടുത്തുക.
അതിന്റെ പാരമ്യത്തില്‍ അത് കടിക്കും. (മിക്കവാറും, അതിനെ കായികമായി
ഉപദ്രവിക്കുമ്പോള്‍..ചവിട്ടുകയോ, അതിന്റെ വഴിയില്‍ പെട്ടെന്ന് വന്നു
ചേരുകയോ ചെയ്യുമ്പോള്‍..) [മനുഷ്യനാകട്ടെ, പാമ്പു ഉണ്ടെന്നറിഞ്ഞാല്‍ മതി,
ഓടിച്ചെന്നു കൊല്ലും. ആരാനപ്പോള്‍ ഏറ്റവും വിഷമുള്ള ജീവി?]

1 comment:

  1. Spades Royale Casino Slot Review 2021 - Try for FREE or for Real
    A classic trick-taking card game among the classic card games like 카지노사이트 Whist? Read our Spades Royale Casino review below and learn more about 카지노사이트 how to play.

    ReplyDelete