Tuesday, January 17, 2012

ബദലുകളെ പറ്റി പറഞ്ഞു തരാമോ?

ലോകം മുന്‍പോട്ടു ഒഴുകി ക്കൊണ്ടേ ഇരിക്കുകയാണ്. പ്രപഞ്ച വികാസത്തിന്റെ
ക്രമത്തിനൊപ്പം  സമൂഹവും വികസിക്കുന്നു. ഈ വികാസത്തിന്റെ വിന്യാസത്തെ
സംസ്കാരം എന്നോ നാഗരികത എന്നോ വിളിക്കാം.. ഏതു കാലത്തും ഉള്ള, വളരുന്ന
സംസ്കാരങ്ങള്‍ ഒരു പ്രത്യേക താള വട്ടത്തില്‍ എത്തി ക്കഴിഞ്ഞാല്‍, അതിന്റെ
വളര്‍ച്ചയുടെ വേഗം കൂടുകയായി. വളര്‍ച്ചയുടെ വേഗം ശീഖ്രം മരണത്തിലേക്ക്
എത്തിക്കുമല്ലോ. അത് കൊണ്ട് തന്നെ, മുഖ്യധാരാ സംസ്കാര - നാഗരിക വളര്‍ച്ച
പരിധി വിടുമ്പോള്‍, ആ വളര്‍ച്ചയെ സുസ്ഥിതിയിലേക്ക് തന്നെ ഗുരുത്വ ബലം
കൊണ്ട് കെട്ടിയിടാനുള്ള പ്രകൃതിയുടെ സംവിധാനമാണ്, ബദലുകള്‍.

ഏതൊരു  സംസ്കാരവും, അതിന്റെ മുഖ്യധാരയെ തിരുത്തുവാന്‍  ആയി എത്തുന്ന
ബദലുകളുടെ  ആഗമനത്തെ, ചെറുക്കുക ആണ് പ്രാരംഭത്തില്‍ ചെയ്യുക. പിന്നീടു,
കുറച്ചു കാലം കൊണ്ട് ബദലുകള്‍ മുഖ്യ ധാര ആകുകയും, പുതിയ ബദലുകളെ, കാലം
അവതരിപ്പിക്കുകയും ചെയ്യും.  ഓരോ കാലഘട്ടത്തിലും ഒന്നിലേറെ ബദലുകള്‍
ഉണ്ടാകുകയും, അവയില്‍ ശക്തമായ  ബദലുകളുടെ ഒരു സമന്വയം ഉണ്ടാകുകയും
ആണുണ്ടാകുക. കാലഘട്ടത്തിന്റെ സങ്കീര്‍ണതയ്ക്ക് അനുസൃതം ഉണ്ടാകുന്ന
ബദലുകളുടെ എണ്ണവും ശക്തിയും വളരെ വലുതായിരിക്കും.

നാം ജീവിക്കുന്ന ഈ കാലഘട്ടം, ഏറ്റവും കൂടുതല്‍ ബദലുകള്‍ ഉണ്ടായി വരുന്ന
ഒന്നാണ്. അത് ഒരു അനിവാര്യതയും ആണ്. ആരോഗ്യം, ഭക്ഷണം, കൃഷി,
വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം, വീടുകള്‍, തൊഴില്‍, കുടുംബം,
ബന്ധങ്ങള്‍, ഭരണം, നാണയം, വാണിജ്യം, ഊര്‍ജം, കാഴ്ചപാടുകള്‍, സമീപനങ്ങള്‍,
സാമൂഹ്യ ജീവനം,  തതചിന്ത, ആത്മീയത, ശാസ്ത്രം, സങ്കേതങ്ങള്‍, എന്ന്
തുടങ്ങി, ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന്  ബദലുകള്‍ക്കായി
കാതോര്‍ക്കുന്നു.

പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക - സാംസ്കാരിക - ആത്മീയ സുസ്ഥിതി
നഷ്ടമാകുന്ന നമ്മുടെ ഇന്നത്തെ സാമൂഹ്യ ജീവന ശൈലിക്ക് ഒരു ബദല്‍ ആയി ഒരു
സുസ്ഥിര - സ്വാശ്രയ - പാരിസ്ഥിതിക ഗ്രാമം എന്ന പ്രായോഗിക ആശയം
നിങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴായി പല രൂപത്തില്‍ വച്ചിട്ടുള്ള ഈ ലേഖകനും
കൂട്ടുകാരും, നിങ്ങള്‍ ഓരോരുത്തരിലും ഉള്ള ബദല്‍ കാഴ്ചപ്പാടുകളെ
പരിചയപ്പെടാനും, ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നു.  സുസ്ഥിര ജീവിത
നിര്‍മിതിക്ക് ആവശ്യമായ ഏതെങ്കിലും പുതിയ ഒരു സങ്കേതമോ ആശയമോ എങ്കിലും
ഞങ്ങള്‍ക്ക് പറഞ്ഞു തരാമോ?

No comments:

Post a Comment