Tuesday, January 17, 2012

ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി

  • ഭക്ഷണം കഴിക്കുമ്പോള്‍ അറിഞ്ഞു കഴിക്കുക. ചേരുവകളുടെ രുചി അറിഞ്ഞു ഓര്‍ത്തു, വായില്‍ ഉമി നീര് വന്നു തുടങ്ങി വേണം കഴിച്ചു തുടങ്ങാന്‍. ഭക്ഷണത്തിന് മുന്‍പ് അന്നവിചാരം / അന്നപ്രാര്‍ത്ഥന ശീലമാക്കുക.
  • മനുഷ്യന്‍  ഫലഭുക്കാണ്. എങ്കിലും മനസ്സില്‍ പഥ്യമെന്നു തോന്നുന്ന, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണം അവനു ദഹിക്കും. കുറച്ചു സമയമെടുത്താണെങ്കിലും. ദഹിക്കാനുള്ള സമയം കൊടുക്കണം എന്ന് മാത്രം. കഴിവതും സസ്യാഹാരവും, രോഗാവസ്ഥയിലും, വാര്‍ധക്യത്തിലും, ഉപവാസത്തിന് തൊട്ടു മുമ്പും പിന്‍പും ഉള്ള ദിവസങ്ങളിലും  ഗര്‍ഭ കാലഘട്ടത്തിലെ അവസാന മൂന്ന് മാസവും, ഫലാഹാരങ്ങളും മാത്രം കഴിക്കുക.  
  • ഭക്ഷണം പാകം ചെയ്യുന്നത് പ്രകൃതി ആണ്. പാചകം ചെയ്യുന്നത് മനുഷ്യനും.പാചകം ചെയ്യുമ്പോള്‍ നടക്കുന്നത്, പാകമായ ഭക്ഷണം മരിക്കുന്നു എന്നതാണ്.  കഴിവതും പാചകം ചെയ്യാത്ത ഭക്ഷണം കഴിക്കുക. ഭക്ഷണം ജീവനുള്ളതായിരിക്കണം. (പുഴുക്കലരി, ചോറാകുന്നതിന്  മുന്‍പ് തന്നെ ജീവനില്ലാത്തതാണ്)
  • ഒരു ജീവനുള്ള വസ്തുവിന്റെ മരണം മുഴുവനായി സംഭവിക്കാന്‍ മണിക്കൂറുകള്‍ എടുക്കും. പാചകം ചെയ്ത ഭക്ഷണം പൂര്‍ണമായും മരിക്കാന്‍ മൂന്നാല് മണിക്കൂര്‍ എടുക്കും. അതിനാല്‍, പാചകം ചെയ്തു കഴിഞ്ഞു ആറിയ ഉടന്‍ കഴിക്കുക. (ഒരു അര മണിക്കൂര്‍ മുതല്‍ രണ്ടു  മണിക്കൂറിനുള്ളില്‍).
  • സമശീതോഷ്ണം ഉള്ള ഭക്ഷണം മാത്രം കഴിക്കുക. ആവി പറക്കുന്നതോ, ശീതീകരിച്ചതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സൂര്യ വെളിച്ചം ഉള്ളപ്പോള്‍ മാത്രം ഭക്ഷിക്കുക.
  • പാചകം ചെയ്തതും പാചകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കാതിരിക്കുക. രണ്ടും രണ്ടു തരത്തിലാണ് ദഹിക്കുക.
  • ഒരു വിത്ത് പൊടിയാക്കിയാല്‍ മുളയ്ക്കില്ല. അതിന്റെ ജീവന്‍ നഷ്ടപ്പെടുമെന്നത് തന്നെ കാരണം. പൊടിച്ചു സൂക്ഷിച്ചത് അധികം വൈകാതെ ഉപയോഗിക്കുക. മുളക്, മല്ലി, മഞ്ഞള്‍ എന്നിവ ഒരു വാരത്തിനുള്ളിലും, ധാന്യങ്ങള്‍ പൊടിച്ചത് ഒരു ഋതു (രണ്ടു മാസം) കാലത്തിനുള്ളിലും ഉപയോഗിക്കുക.
  • സമീകൃത ആഹാരം എന്നാല്‍ ഒരു കിണ്ണത്തില്‍  എല്ലാം സമീകരിച്ചു കഴിക്കുക എന്നല്ല, ശരീരത്തില്‍ എല്ലാം (അന്നജം, മാംസ്യം, പരിമിതമായ കൊഴുപ്പ്, ജീവകങ്ങള്‍, ധാതുക്കള്‍) സമ ഗുണിതമായി ചെന്നെത്തണം എന്നാണു. ദഹനത്തിന് വ്യത്യസ്ത രസങ്ങള്‍ വേണ്ടുന്ന ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത്‌ അശാസ്ത്രീയമാണ്. 
  • ദൈവം (പ്രകൃതി) ഒന്ന് ചേര്‍ത്തത്  വേര്‍തിരിക്കാതിരിക്കുക. അരിയും തവിടും, ഉരുളക്കിഴങ്ങും തോലും, തുടങ്ങി വേര്‍തിരിക്കാതെ കഴിക്കാവുന്നതൊക്കെ അങ്ങിനെ തന്നെ ഉപയോഗിക്കുക. ശരീര പോഷകങ്ങളുടെ സ്വാഭാവിക ചേരുവ പ്രകൃതി തീരുമാനിച്ചിരിക്കുന്നത്  അങ്ങിനെ തന്നെ ആണ്. 
  • പഞ്ചസാര, മൈദാ, തോല്‍ കളഞ്ഞ പരിപ്പ്/ ഉഴുന്ന് എന്നിവ അടുക്കളയില്‍ നിന്നും നീക്കം ചെയ്യുക..  
  • ഒരു ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. ഒരു കറിയിലെ കഷണങ്ങളുടെ തരം കൂടുന്തോറും, അത് സങ്കീര്‍ണവും, അനാരോഗ്യകരവും ആയി തീരും. (ഉദാ: സാമ്പാര്‍)
  • ഏതാണ്ട് നാല് വയസ്സ് മുതല്‍ അഞ്ചു നേരവും എട്ടു വയസ്സ് മുതല്‍ നാല് നേരവും പതിനാറു വയസ്സ് മുതല്‍ മൂന്നു നേരവും,  ഇരുപത്തി നാല് വയസ്സ് മുതല്‍ രണ്ടു നേരവും മുപ്പത്തി രണ്ടു വയസ്സ് മുതല്‍ ഒരു നേരവും മാത്രം ഭക്ഷണം സ്ഥിരമായി കഴിക്കുക. (വല്ലപ്പോഴും ക്രമം തെറ്റുന്നതില്‍ തെറ്റില്ല എന്നര്‍ത്ഥം)
  • എട്ടു വയസ്സ് മുതല്‍ വാരത്തില്‍ ഒരു നേരം ഉപവസിക്കുക. പതിനാറു വയസ്സ് മുതല്‍ വര്‍ഷത്തില്‍ ഒരു മുഴു ദിവസവും, ഇരുപത്തിനാല് വയസ്സ് മുതല്‍ മാസത്തില്‍  ഒരു മുഴു ദിവസവും, മുപ്പത്തിരണ്ടു വയസ്സ് മുതല്‍ വാരത്തില്‍ ഒരു മുഴു ദിവസവും, നാല്പതു വയസ്സ് മുതല്‍ വാരത്തില്‍  ഒരു മുഴു ദിവസവും, വര്‍ഷത്തില്‍ അടുപ്പിച്ചു മൂന്നു ദിവസവും, നാല്പത്തിഎട്ടു വയസ്സ് മുതല്‍ വാരത്തില്‍  ഒരു മുഴു ദിവസവും,  വര്‍ഷത്തില്‍  അടുപ്പിച്ചു ഏഴു ദിവസവും, അന്‍പത്തി ആറു വയസ്സ് മുതല്‍ വാരത്തില്‍  രണ്ടു  ദിവസവും, വര്‍ഷത്തില്‍ അടുപ്പിച്ചു പത്ത് ദിവസവും ഉപവസിക്കുക.
  • മാസത്തില്‍ ഒരു തവണ, സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും, കല്യാണ വീടുകളില്‍ നിന്നും,  വര്‍ഷത്തില്‍ ഒരു തവണ ഒരു യാത്രയില്‍ പലയിടങ്ങളില്‍ നിന്നും (ജില്ലയോ സംസ്ഥാനമോ മാറി) ഭക്ഷണം കഴിക്കുക.
  • ദീര്‍ഘ രോഗാവസ്ഥയിലും, ഗര്‍ഭ കാലഘട്ടത്തിലും, വാര്തക്യതിലും, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണങ്ങള്‍ ഇടയ്ക്ക് കഴിക്കുക.

No comments:

Post a Comment