Wednesday, January 18, 2012

ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം..

വല്ലാത്ത തിരക്കുകളിലാണ് എല്ലാരും. അതിസമ്മര്‍ദ്ദം ഉണ്ടായിരുന്നാലും തിരക്കുകളിലൂടെ കടന്നു പോയെ പറ്റൂ എന്ന അവസ്ഥ. എങ്കിലും ഒരു ദിനം, നന്നായി തുടങ്ങിയാല്‍, അന്ന് മുഴുവനും നന്നായി തുടരാം. ജീവന ക്രമത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.. 

ഇത് ഒളിമ്പസ്സിന്റെ ജീവിത ശൈലി പാലിക്കുവാന്‍ താല്പര്യപെട്ടിട്ടുള്ള എന്റെ ശിഷ്യര്‍ക്ക് വേണ്ടി തയാറാക്കിയ ആത്മീയ സാധനകളാണ്..  എങ്കിലും ഇവ വേണമെന്നുള്ള, പ്രകൃതിയെ തന്റെ നിയന്ത്രണ സംവിധാനമായി മനസ്സിലാക്കുന്ന, ആര്‍ക്കും ഉപയോഗിക്കാം. ഇവയെല്ലാം, നമ്മുടെ മുന്‍ ഗുരുക്കന്മാര്‍, എല്ലാ നാടുകളിലും ഉപയോഗിച്ച് വന്ന നിഷ്ഠകള്‍ ആണ്. പിന്നെ ഒളിമ്പസ്സിന്റെതായ ചില കൂട്ടിച്ചേര്‍ക്കലുകളും.  മിക്കവാറും എല്ലാ മതങ്ങളിലും, ആത്മീയ സാധനകളിലും, പ്രകൃത്യുപാസനകളിലും,  ഇതിനോട് സാദൃശ്യമുള്ള നിഷ്ഠകള്‍ കാണും.  ഇവയ്ക്കുള്ള ശാസ്ത്രീയ അടിത്തറകള്‍, ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തില്‍  നിന്നും നേരിട്ട് പഠിക്കാന്‍ ആകും. ഇവയ്ക്കും അപ്പുറത്തുള്ള  സാധനകള്‍ ഗുരുമുഖങ്ങളില്‍ നിന്നും മാത്രമേ പഠിക്കാവൂ..  (അത് ഒളിമ്പസ്സില്‍ നിന്നും തന്നെ വേണം എന്നില്ല എന്ന് കൂടി അര്‍ത്ഥം) 

ഇതൊന്നും ആവശ്യമില്ലാത്തവര്‍, ദയവായി, ഇത് കണ്ടില്ലെന്നു വയ്ക്കുക. ആവശ്യമുള്ളവര്‍ മാത്രം വായിച്ചോട്ടെ..

ആമുഖം
  • ഒരു മാറ്റം സ്വജീവിതത്തില്‍ വേണം എന്ന ഒരു ഉറച്ച തീരുമാനം ആദ്യമേ എടുക്കുക.  അതില്‍ നിന്നും വ്യതിചലിക്കാതിരിക്കുക. 
  • (അതല്ലാത്തവര്‍ ഒരു പത്രം വായിക്കുന്ന ലാഘവത്വത്തോടെ വായിച്ചു പോകുക. ഹ ഹ ഹ)
  • രാവിലെ അര മണിക്കൂര്‍ നേരത്തെ ഉണരുക. ചില പ്രത്യേക പ്രഭാത കര്‍മങ്ങള്‍ക്കായി...
പ്രാരംഭം 
  • ഉണര്‍ന്നു കണ്ണടച്ച് കിടന്നു, കിടക്കയും, തലയിണയും, തന്റെ വസ്ത്രവും, ഒക്കെയൊക്കെ ശരീരവുമായി സ്പര്‍ശിച്ചു കൊണ്ട് നില്‍ക്കുന്ന അനുഭവത്തെ അറിയുക.
  • വലതു വശം ചരിഞ്ഞു എഴുന്നേല്‍ക്കുക. 
പ്രഭാതവന്ദനം (ഇരുപതു മിനിട്ട്)
  • വടക്കോട്ട്‌ നോക്കി വജ്രാസനത്തില്‍ ഇരിക്കുക.
  • നാഡിശുദ്ധി പ്രാണായാമം ചെയ്യുക. 
  • നാസിക കൊണ്ടല്ലാതെ ശ്വാസകോശം വികസിപ്പിച്ചു കൊണ്ട് (കഴുത്തിന്‌ താഴെ ചെറു ബലം കൊടുത്തു) ശ്വാസം വളരെ പതിയെ എടുക്കുക, ശ്വാസം എടുത്തതിന്റെ ഏതാണ്ട് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. ഇത് ഈ പ്രഭാത വന്ദന പ്രക്രിയ കഴിയുവോളം തുടരുക., 
  • നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പൈതലിനെ കാണുമ്പോള്‍ നിങ്ങളുടെ മുഖത്തു വിരിയുന്ന ഒരു പുഞ്ചിരി മുഖത്ത് കൊണ്ട് വരിക. പ്രഭാതവന്ദനം കഴിയുവോളം ആ ഭാവം തുടരുക.. മനസ്സിലും ശരീര രോമ കൂപങ്ങളിലും ആ വികാരം നിറയട്ടെ..   
  • ചുറ്റുപാടുമുള്ള ഊഷ്മാവും, കാറ്റും, ശബ്ദങ്ങളും, കളകൂജനങ്ങളും, മനസ്സിലേക്ക് എടുക്കുക.
  • ലോകത്ത് ഉള്ള സര്‍വ ജീവജാലങ്ങളും തന്റെ ബന്ധുക്കളാണെന്ന് ബോധ്യമാക്കുന്ന "ബന്ധുത്വമനനം" പോലുള്ള ആത്മ നിര്‍ദ്ദേശങ്ങള്‍ ഓര്‍മയില്‍ നിന്നും കേള്‍ക്കുക.
  • തന്റെ ശരീരത്തിന്റെ പാദം മുതല്‍ ശിരസ്സ്‌ വരെ മനസ്സ് കൊണ്ട് ഉഴിയുക. 
  • ഇരു ചെവികളിലും കൈകള്‍ വച്ചു കൊണ്ട്, താനിന്നോളം ചെയ്ത തെറ്റുകള്‍ക്കെല്ലാം മനസ്സ് കൊണ്ട് പശ്ചാത്തപിക്കുക, മാപ്പിരക്കുക. (ആദ്യമൊക്കെ ഇതിനു സമയമെടുത്തേക്കാം.. പിന്നീട് നിമിഷങ്ങള്‍ മാത്രം മതിയാകും..)
  • നാഭിക്കു താഴെ  രണ്ടു കയ്യും വച്ച് കൊണ്ട്, താന്‍ തന്നിലും, അപരനിലും കുറ്റം കാണാത്തവനും നിര്‍മലനും ആണെന്നും എല്ലാര്‍ക്കും മാപ്പ് നല്‍കുന്നു എന്നും ഉറച്ചു കരുതുക.  
  • നാഭിയില്‍  രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ആരോഗ്യവും സമ്പത്തും ആയുസ്സും ഉള്ളവനാണെന്ന് ഉറച്ചു കരുതുക.
  • വാരിയെല്ലിനു താഴെ മദ്ധ്യഭാഗത്ത്  രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ഗുരുത്വമുള്ളവനും വിജയിയും ആണെന്ന് ഉറച്ചു കരുതുക.
  • ഹൃദയ ഭാഗത്തിന് മുകളില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, തന്റെ നില നില്പിനും, ഇന്നോളം നേടിയ സര്‍വതിനും ഈ പ്രപഞ്ച സംവിധാനത്തോടും അതിന്റെ പ്രതിരൂപമായി മുന്നിലെത്തുന്ന, സമസ്ത വസ്തു - വ്യക്തി - ജീവ ജാലങ്ങളോടും, കൃതജ്ഞത രേഖപ്പെടുത്തുക. 
  • കഴുത്തില്‍ മുന്‍പിലും പിറകിലുമായി കൈകള്‍ വച്ചു കൊണ്ട്, താന്‍ കരുണനും, ധര്‍മിഷ്ഠനും (സ്വധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവനും) ഏവര്‍ക്കും നന്മ നല്‍കുന്നവനും ആണെന്ന് ഉറച്ചു കരുതുക.
  • നെറ്റിയില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ ക്ഷമാലു  ആണെന്നും,  പ്രപഞ്ചം ഒരുക്കുന്ന എന്ത് സംവിധാനത്തെയും യുക്തിയുടെ കലര്‍പ്പില്ലാതെ സ്വീകരിക്കുന്നുവെന്നും ഉറപ്പിച്ചു കരുതുക.
  • മൂര്‍ദ്ധാവില്‍ രണ്ടു കയ്യും വച്ചു കൊണ്ട്, താന്‍ പ്രപഞ്ച സൂക്ഷ്മമാനെന്നും, പ്രപഞ്ച ഊര്‍ജം നിരന്തരം തന്നിലേക്ക് ചാലനം ചെയ്യുന്നവനും  ആണെന്ന് ഉറച്ചു കരുതുക.
  • കൈകള്‍ രണ്ടും കാല്‍മുട്ടില്‍ തിരികെ വയ്ക്കുക.
  • നട്ടെല്ലിന്റെ താഴെ മുതല്‍ മൂര്‍ദ്ധാവു വരെ നട്ടെല്ലിലൂടെ ശക്തമായി മനസ്സ് കൊണ്ട് ഉഴിയുക.
  • ഉഴിയുന്നതിനൊടുവില്‍ മൂര്‍ദ്ധാവിനു മുകളിലേക്ക് അനന്തമായ ഒരു ബിന്ദുവിലേക്ക് ശക്തമായി മനസ്സിനെ കൊണ്ട് പോയി, അവിടെ നിന്നും, ശക്തമായ പ്രപഞ്ച ഊര്‍ജം തന്നില്‍ വന്നു നിറയുന്നതായി ശക്തമായി കരുതുക.
  • ഏതാണ്ട് മൂന്നു മിനിട്ട് അതെ നിലയില്‍ തുടരുക.
  • പിന്നീട്, കൈകള്‍ രണ്ടു നെഞ്ചില്‍ ചേര്‍ത്ത് വച്ച്, തന്റെ സ്വത്വത്തെ  നമിക്കുന്നതായി കരുതുക. 
  • പതിയെ കാലുകള്‍ക്ക് ഇരുവശത്തും ആയി കൈകള്‍ ഭൂമിയില്‍ വച്ച് കുനിഞ്ഞു ശിരസ്സ്‌ ഭൂമിയില്‍ മുട്ടിച്ചു, ഭൂമിയെ നമിക്കുന്നതായി കരുതുക. 
  • പതിയെ കൈകള്‍ മാറ്റാതെ നിവര്‍ന്നു ശിരസ്സ്‌ മുകളിലേക്ക് നിവര്‍ത്തി (45 ഡിഗ്രീ മാത്രം) മുന്‍പ് ശ്രദ്ധിച്ച  അനന്തതയിലെ പ്രപഞ്ച ബിന്ദുവിനെ നമിക്കുന്നതായി കരുതുക.
  • പതിയെ തിരികെ വരിക. കണ്ണും, ചെവിയും, നെറ്റിയും കഴുത്തും തടവി പാദം വരെ കൊണ്ട് പോകുക. 
  • മുന്‍ തയ്യാറാക്കി വച്ചിട്ടുള്ള ഗോള്‍കാര്‍ഡിലെ ലക്ഷ്യ സ്വപ്നങ്ങളെ  മനസ്സില്‍ ചിത്രീകരിക്കുക.
  • ആ ചിത്രീകരണത്തിലെ ബിംബങ്ങളെ ദൃശ്യ - ശ്രാവ്യ - സ്പര്‍ശ - ഗന്ധ - രസ രൂപങ്ങളായി നേരില്‍ അനുഭവിക്കുന്നതായി സങ്കല്‍പ്പിക്കുക.   
  • പതിയെ കണ്ണ് തുറക്കുക. ഒരു മിനിട്ട് കഴിഞ്ഞു എഴുന്നേല്‍ക്കുക.  
അന്തര്‍ലേഖനം (Intro -Scripting )
  • ശരിയാം വിധം ശ്വാസോച്ച്വാസം ചെയ്തു കൊണ്ട്, നിര്‍മലമായി പുഞ്ചിരിച്ചു കൊണ്ട് ശാന്തമായി ഒരു മേശയ്ക്കു മുന്നില്‍ ഇരിക്കുക.
  • ഗോള്‍കാര്‍ഡു എടുത്തു ഒരു തവണ വായിക്കുക.
  • അന്തര്‍ ലേഖനത്തിനായി സൂക്ഷിച്ചിട്ടുള്ള പുസ്തകം എടുത്തു, ഇന്നലെ (വരെ) ഉണ്ടായ നേട്ടങ്ങളും പോരായ്മകളും കുറിച്ചിടുക..  
  • ആയുഷ്കാലം, അടുത്ത പത്ത് വര്‍ഷം, ഈ വര്‍ഷം, ഈ മാസം, ഈ വാരം, ഈ ദിവസം എന്നീ  ക്രമത്തില്‍ കൈ വരിക്കേണ്ട ലക്ഷ്യങ്ങളും അതിനായി ചെയ്യേണ്ടുന്ന കര്‍മ പദ്ധതിയും ക്രമമായി ചുരുക്കി സൂചനകളായി കുറിച്ചിടുക.
  • ഗോള്‍ കാര്‍ഡിലെ ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ അഞ്ചു രേഖാ ചിത്രങ്ങള്‍ താഴെ വരച്ചിടുക.
  • അടിയില്‍ ഒളിമ്പ (നന്മ) എന്നെഴുതി പേരും ഒപ്പും തിയതിയും  ചേര്‍ക്കുക.
  • എല്ലാം ഒന്ന് കൂടി വായിച്ചു, കണ്ണടച്ച് പുസ്തകം അടയ്ക്കുക.
  • വായിച്ച ഓരോന്നും ചിത്ര രൂപേണ മനസ്സില്‍ ഭാവന ചെയ്യുക.
  • നെഞ്ചില്‍ കൈ ചേര്‍ത്ത് ഒളിമ്പ (നന്മ) എന്നുരുവിട്ടു കൊണ്ട് കണ്ണ് തുറക്കുക, ഇനി സാധാരണ ജീവിത വ്യാപാരങ്ങളിലേക്ക് കടക്കുക.  
എപ്പോഴും പാലിക്കേണ്ടത് 
  • ആരെ കാണുമ്പോഴും, ഹൃദയത്തില്‍ കൈ വച്ച്, ഒരു കുഞ്ഞിന്റെ നൈര്‍മല്യത്തോടെ പുഞ്ചിരിച്ചു കൊണ്ട്, മനസ്സില്‍ നിന്നും മുഴു വികാരത്തോടെ ഒളിമ്പ(നന്മ) ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുക.
  • സര്‍വതിനോടും കൃതഞ്ഞത പ്രകാശിപ്പിക്കുക.
  • മുന്നില്‍ എത്തുന്ന എന്തിനെയും, ക്ഷമയോടെ, സഹിഷ്ണുതയോടെ, ശാന്തമായി സ്വീകരിക്കുക.
  • അനിശ്ചിതാവസ്ഥകള്‍ പ്രകൃതി നമുക്ക് നല്‍കുന്ന വിശ്രമ സ്വാതന്ത്ര്യ വേളകള്‍ ആണെന്ന് അറിയുക.
  • ഈ ധാരയില്‍ നിന്നും മനസ്സ് പാളുമ്പോഴൊക്കെ, എന്റെ മുഖം ഓര്‍ക്കുക, എന്റെ ഭാഷണങ്ങളില്‍, ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തെ ഓര്‍ക്കുക. ഹൃദയത്തില്‍ കൈ വച്ച് ഒളിമ്പ എന്ന് മന്ത്രിക്കുക.
അനുബന്ധം
  • ഗോള്‍ കാര്‍ഡു : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളെ ഏറ്റവും ചുരുക്കി സൂചിപ്പിക്കുന്ന സ്വയം എഴുതി തയാറാക്കിയ ഒരു ചെറു കാര്‍ഡു. ഒരു പത്ത് വരികള്‍ക്ക് മുകളില്‍ പാടില്ല. ഓരോ വരിയുടേയും അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ഒരു രേഖാ ചിത്രവും ഒപ്പം വരച്ചു വയ്ക്കുക. ഗോള്‍ കാര്‍ഡു എപ്പോഴും പോക്കറ്റിലോ പേഴ്സിലോ സൂഷിക്കുക. ഇടയ്ക്കിടെ എടുത്തു നോക്കുക. പറ്റുമ്പോഴൊക്കെ, ഗോള്‍ കാര്‍ഡിലെ രേഖാ ചിത്രങ്ങള്‍ എവിടെയെങ്കിലും ഒക്കെ വരയ്ക്കുക. വിരല് കൊണ്ട് വായുവിലും എഴുതാം.
  • ബന്ധുത്വ മനനം : ഒരു പ്രകൃതി-സമാജ മനന പരിപാടി :  http://www.youtube.com/watch?v=Z_d20UpAJKc   
  • വായിച്ചു വരുമ്പോള്‍ ഒരുപാട് നീളം തോന്നുമെങ്കിലും പ്രായോഗികമാക്കാന്‍ ഏറെ എളുപ്പമുള്ളതാണ് ഈ നിഷ്ഠകള്‍. ഒരു പ്രിന്റ്‌ എടുത്തു വച്ചു ഇത് കാണാതെ ചെയ്യാന്‍ ആകും വരെ പലവുരു വായിച്ചു ചെയ്യുക. പിന്നീട് തനിയെ ചെയ്യാനാകും. 
  • നേര്‍പാഠങ്ങള്‍ക്ക് ഒളിമ്പസ്സിന്റെ  നവഗോത്ര ഗുരുകുലത്തിലേക്ക്  നേരിട്ട് വരാന്‍ മടിക്കേണ്ടതില്ല. 
  • ഏതാണ്ട് മൂന്നു മാസം സ്ഥിരമായി ഈ നിഷ്ഠകള്‍ ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടന്നിരുന്ന ജീവിത വിജയത്തിന്റെയും സൌഖ്യത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ ആകും.. 
  • ഒളിമ്പ (നന്മ) യിലേക്കും തദ്വാര ഒളിമ്പസ്സി (പ്രപഞ്ചാവബോധത്തി) ലേക്കും ഉള്ള ഗുരുത്വം നിരന്തരം കാത്തു സൂക്ഷിക്കുക. ശാന്തവും സ്വവും, ജ്ഞാനീയവും, സന്തോഷകരവും, സുസ്ഥിരവും ആയ ഒരു ജീവിതം, നിങ്ങള്‍ എവിടെ ആയാലും, നിങ്ങളെ വിലയം ചെയ്യും.
  • ഈ പ്രഭാത ചര്യകള്‍ നിങ്ങള്‍ക്ക് നേടിത്തരുന്ന വിജയങ്ങള്‍ അറിയിക്കാന്‍ വരിക ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തിലേക്ക്..

No comments:

Post a Comment