Tuesday, January 10, 2012

യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക

ഇന്ന് രാവിലെ വീട്ടിനു വെളിയില്‍ നിന്നും ഒരു യാചകന്റെ ശബ്ദം കേട്ടു.
രണ്ടു വയസ്സ് കഴിഞ്ഞ എന്റെ  മകനെയും എടുത്തു കൊണ്ട് പോയി, അവനെ കൊണ്ട്
ഒരു ഒരു രൂപാ നാണയം കൊടുപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ വേറെ കുറച്ചു
ഒരു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.. അദ്ദേഹം സവിനയം എന്റെ മകന്റെ
കയ്യില്‍ നിന്നും നാണയം വാങ്ങുകയും, അവനു  റ്റാറ്റാ പറയുകയും ചെയ്തിട്ട്
കണ്ണില്‍ നിന്നും മറഞ്ഞു..

എന്റെ മകന്‍ നല്‍കിയ ആ ഒരു രൂപ നാണയം കൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍
എല്ലാം നിര്‍വഹിക്കപ്പെടില്ല. എങ്കിലും, എല്ലാ വീടുകളില്‍ നിന്നും ജീവ
സന്ധാരനത്ത്തിനു വേണ്ടുന്ന ഒരു ചെറു വിഹിതം സംഭരിച്ചു ഉപയോഗിക്കുന്ന ആ
സംവിധാനത്തില്‍ ഞാന്‍ എന്റെ പങ്കും നിര്‍വഹിച്ചു. ഏറ്റവും കുറഞ്ഞ പ്രകൃതി
ദോഷം ചെയ്യുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്യല്‍ ഒരു പുണ്യം തന്നെ.. മറ്റൊരു
തരത്തില്‍ പറഞ്ഞാല്‍, ഞാനും ഇത് തന്നെ ആണ് ചെയ്യുന്നത്. ഒളിമ്പസ്സിന്റെ
നികുതിയാണ് എന്നെ / എന്റെ സംഘത്തെ നില നിര്‍ത്തുന്നത്. എന്നിട്ടും,
പ്രകൃതി വാദി എന്നറിയപ്പെടുന്ന ഞാന്‍ ഉണ്ടാക്കുന്ന പ്രകൃതി ദോഷങ്ങളുടെ
നൂറിലൊരംശം, അദ്ദേഹം ചെയ്യുന്നില്ല.  എന്നിട്ടും മാന്യത എനിക്ക് - എന്റെ
ജീവിതത്തിനു.... എന്തൊരു വിരോധാഭാസം?

അദ്ദേഹം നേരിട്ട് ശേഖരിക്കുന്നത് മറ്റു പലസംവിധാനങ്ങളിലൂടെ പരോക്ഷമായി
സംഭരിക്കുന്ന സംവിധാനമാണ്, സേവനത്തിനുള്ള വേതനം. സര്‍ക്കാര്‍ ശമ്പളം
ഭിക്ഷ തന്നെ.. അടിസ്ഥാന വേതനവും, ഡിയര്‍നെസ്സ് അല്ലോവന്‍സ്സും ഒക്കെയായി
സാഭിമാനം കൈപ്പറ്റി, എല്ലാ, പ്രകൃതി വിരുദ്ധ പ്രക്രിയകളും, ഉപകരണങ്ങളും,
ജീവന ശൈലിയും സ്വന്തമാക്കുന്ന നമ്മുടെ നാട്ടിലെ മാന്യനെന്നു പറയപ്പെടുന്ന
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും, ഒരു യാചകനിലേക്കുള്ള  ദൂരം
തന്നെയാണ്, ഒരു സ്വകാര്യ തൊഴിലാളിയുടെതും. സംഭരിക്കുന്നത് പൊതു ഇടത്തില്‍
നിന്ന്.. ഉപയോഗിക്കുന്നതിന്റെ ദശാംശ ശതമാനം മാത്രം ജീവ സന്ധാരണത്തിന്.
എന്നിട്ടും മാന്യത അന്യന്റെ മുന്‍പില്‍ കൈ നീട്ടുന്നില്ല എന്ന
ഭാവത്തിനു..

യുക്തി കൊണ്ട് ഭിക്ഷാടനത്തെ എതിര്‍ക്കുന്നവര്‍ ആണ് നഗരവാസികളിലധികവും  .
"ധര്‍മ" ക്കാരെ പോലെ അഭിനയിക്കുന്ന ആളുകളും  ഉണ്ടെന്നത് സത്യം തന്നെ..
ധര്‍മക്കാര്‍  നമ്മുടെ (മനുഷ്യന്റെ) സംസ്കാരത്തിന്റെ ഭാഗമായിരുന്നു; ആണ്.
അവര്‍ക്ക് വിശിഷ്ട സ്ഥാനവും ഇവിടെ ഉണ്ടായിരുന്നു. അതെങ്ങോ  നഷ്ടമായി.
സമ്പത്തിന്റെ നേര്‍ വിനിമയത്തിന്റെ മൂര്ത്തരൂപങ്ങള്‍ ആണവര്‍. ഒപ്പം എല്ലാ
മനുഷ്യരെയും പോലെ ജീവാവകാശമുള്ളവര്‍. യാചകത്വം ഒരു പാപമല്ല.
മുഖ്യധാരയില്‍ നിന്നും മനസ്സ് കൊണ്ട് മാറ്റമില്ലാത്ത യാചകരും
ഇന്നുണ്ടെന്നു അറിയാതെ അല്ല. എങ്കിലും...

 യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക,
പഠിക്കുക,  അതാണ്‌ നമ്മളോരോരുത്തരും ചെയ്യുന്നതെന്നറിയുക.  ധര്‍മം
(സ്വധര്‍മം - പ്രകൃതി വിരുദ്ധമല്ലാത്ത ഉത്തരവാദിത്തങ്ങള്‍) ചെയ്യുക..
പ്രകൃതിക്ക് മുന്‍പില്‍ പുണ്യം (സഹജവിനിമയത്വം) നേടുക..

No comments:

Post a Comment